ഡബ്ലിന്‍ : സ്വവര്‍ഗ രതി, സ്വവര്‍ഗ വിവാഹം, സ്ത്രീകളുടെ വൈദികവൃത്തി എന്നിവയ്ക്ക് അനുകൂല നിലപാടെടുത്തതിന് 2012ല്‍ ശുശ്രൂഷയില്‍ നിന്ന് വിലക്കിയ ഐറിഷ് പുരോഹിതന്‍ ഇനി വൈദികവൃത്തിയിലേക്ക് ഇല്ലെന്ന നിലപാടുമായി രംഗത്ത്.
നിശബ്ദനായിരിക്കുക, സഭയുടെ നിര്‍ദേശങ്ങളില്‍ ഒപ്പ് വെക്കുക തുടങ്ങിയവ അംഗീകരിച്ചാല്‍ തല്‍സ്ഥാനത്ത് തുടരാമെന്ന് വത്തിക്കാന്‍ അറിയിച്ചെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു.
സ്ത്രീകള്‍ക്ക് വൈദിക പട്ടം നല്‍കല്‍, സ്വവര്‍ഗ വിവാഹം, സ്വവര്‍ഗരതി എന്നിവയ്ക്ക് പിന്തുണ അറിയിച്ചതിനെ തുടര്‍ന്നാണ് 73 കാരനായ ടോണി ഫ്ലാനെറിയെ വത്തിക്കാന്‍ പൊതു ശുശ്രൂഷയില്‍ നിന്ന് 2012ല്‍ സസ്‌പെന്‍ഡ് ചെയ്തത്.
പുരോഹിതന്‍ റോമിലെ റിഡംപ്‌റ്റോറിസ്റ്റ് സുപ്പീരിയര്‍ ജനറല്‍ മൈക്കല്‍ ബ്രെല്‍ വഴി പൗരോഹിത്യത്തിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ച് വത്തിക്കാനുമായി ആശയവിനിമയം നടത്തിയിരുന്നു.
ഫ്ലാനെറിയുടെ പൗരോഹിത്യത്തിലേക്കുള്ള തിരിച്ചുവരവിന് സഹായകമാകുമെന്ന പ്രതീക്ഷയില്‍ ബ്രെല്‍ വത്തിക്കാനിലെ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദി ഡോക്ട്രിന്‍ ഓഫ് ഫെയ്ത്തിന് (സിഡിഎഫ്) കത്തും എഴുതി.
വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ വൈദിക പട്ടത്തെ കുറിച്ചും സ്വവര്‍ഗരതിയെ കുറിച്ചും തുറന്ന ചര്‍ച്ചകള്‍ നടത്തുന്നതിനിടെയായിരുന്നു ബ്രെല്ലിന്റെ കത്ത്.
എന്നാല്‍, ഫ്ലാനെറിയെ നിരോധിക്കാന്‍ കാരണമായ സംഭവങ്ങളെ കുറിച്ച് പരസ്യമായി സംസാരിക്കില്ലെന്ന് ശപഥം ചെയ്താല്‍ മാത്രമേ പൊതു ശുശ്രൂഷയിലേക്ക് മടങ്ങിവരാന്‍ അനുവദിക്കൂ എന്നായിരുന്നു സിഡിഎഫിന്റെ നിലപാട്.
സ്വവര്‍ഗരതി, സ്വവര്‍ഗ വിവാഹം, സ്ത്രീകളുടെ വൈദിക പട്ടം എന്നിവയെ സംബന്ധിച്ച സഭയുടെ നിര്‍ദേശങ്ങളോട് യോജിക്കുന്നുവെന്ന് ഒപ്പിട്ട് നല്‍കാനും സിഡിഎഫ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം പൊതുശുശ്രൂഷയിലേക്ക് മടങ്ങി വരുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതില്ലെന്നായിരുന്നു ബ്രെല്ലിന്റെ കത്തിന് സിഡിഎഫ് നല്‍കിയ മറുപടി.
സഭയുടെ പ്രതികരണത്തില്‍ താന്‍ ആശ്ചര്യപ്പെടുന്നില്ലെന്നും എന്നാല്‍, താന്‍ നിരാശനും ദുഃഖിതനുമാണെന്നായിരുന്നു ഫ്ലാനെറി പ്രതികരിച്ചത്.
സിഡിഎഫ് മുന്നോട്ട് വച്ച പ്രസ്താവനകളിലൊന്നും ഒപ്പിടില്ല. സിഡിഎഫിന്റെ കാഴ്ചപ്പാടുകള്‍ പത്തൊന്‍പതാം നൂറ്റാണ്ടിലേതാണെന്നും സ്വവര്‍ഗരതിയെക്കുറിച്ചുള്ള സഭയുടെ ഔദ്യോഗിക ഭാഷ ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു.
സിഡിഎഫിന്റെ പ്രതികരണം തന്റെ പൊതുശുശ്രൂഷയുടെ അവസാനമാണെന്നും ഇത്തരമൊരു പ്രമാണം മുന്നോട്ടുവെക്കുന്നവരുമായി ഇനിയൊരു ഇടപാടിനില്ലെന്നും ഫ്ലാനെറി വ്യക്തമാക്കി.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.