head1
head3

അയര്‍ലണ്ടില്‍ ഓരോ മൂന്ന് മിനിറ്റിലും ഒരാള്‍ക്ക് വീതം കാന്‍സര്‍ സ്ഥിരീകരിക്കുന്നു

ഞെട്ടിക്കുന്ന കാന്‍സര്‍ കണക്കുകളുമായി ഐറിഷ് കാന്‍സര്‍ സൊസൈറ്റി

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വര്‍ഷം തോറവും 44,000 പേര്‍ കാന്‍സര്‍ ബാധിതരാകുന്നതായി ഐറിഷ് കാന്‍സര്‍ സൊസൈറ്റി. ഓരോ മൂന്ന് മിനിറ്റിലും ഒരാള്‍ക്ക് വീതം കാന്‍സര്‍ സ്ഥിരീകരിക്കുന്നു.സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ 2045 ആകുമ്പോഴേക്കും അയര്‍ലണ്ടിലെ കാന്‍സര്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് സൊസൈറ്റിയുടെ മുന്നറിയിപ്പ്.രോഗനിര്‍ണ്ണയത്തിനും പരിശോധനകള്‍ക്കും ചികിത്സയ്ക്കും നേരിടുന്ന കാലതാമസമാണ് അയര്‍ലണ്ടിനെ കാന്‍സര്‍ വിഴുങ്ങാന്‍ കാരണമെന്ന് സൊസൈറ്റി കണക്കുകള്‍ സഹിതം വിശദീകരിക്കുന്നു

രോഗബാധിതരുടെ എണ്ണം കുറയ്ക്കുന്നതിനും കാന്‍സര്‍ ബാധിതര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും സൗകര്യങ്ങളൊരുക്കണമെന്ന് പ്രിബജറ്റ് സബ്മിഷനില്‍ സൊസൈറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയ കാന്‍സര്‍ നിയന്ത്രണ പരിപാടിക്ക് 20 മില്യണ്‍ യൂറോയെങ്കിലും കൂടുതല്‍ അനുവദിക്കണം.ചികിത്സാ സൗകര്യങ്ങളുടെ വിപുലീകരണം, സമയബന്ധിതമായ രോഗനിര്‍ണയ പരിശോധനകള്‍ ഉറപ്പാക്കല്‍,പുതിയ കാന്‍സര്‍ മരുന്നുകള്‍ എന്നിവയ്ക്കായി 30 മില്യണ്‍ യൂറോ അധികമായി വേണമെന്ന് ഐറിഷ് കാന്‍സര്‍ സൊസൈറ്റി ആവശ്യപ്പെട്ടു.

യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ടില്‍ ആളുകള്‍ക്ക് കാന്‍സര്‍ പിടിപെടാനും മരിക്കാനും സാധ്യതയുണ്ടെന്ന് അയര്‍ലണ്ടിനായുള്ള ഒഇസിഡി/യൂറോപ്യന്‍ കമ്മീഷന്‍ കണ്‍ട്രി കാന്‍സര്‍ പ്രൊഫൈല്‍ ഉദ്ധരിച്ച് സി ഇ ഒ അവെറില്‍ പവര്‍ പറഞ്ഞു.

കാന്‍സറും അയര്‍ലണ്ടും ചില കണക്കുകള്‍

പുതിയ കാന്‍സര്‍ നിര്‍ണയത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ രണ്ടാമതാണ് അയര്‍ലണ്ട്.പടിഞ്ഞാറന്‍ യൂറോപ്പിലെ മൂന്നാമത്തെ ഉയര്‍ന്ന മരണനിരക്കും അയര്‍ലണ്ടിനാണ്.ഈ സ്ഥിതിവിവരക്കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ഇത് സര്‍ക്കാരിനെ ഉണര്‍ത്താനുള്ള ആഹ്വാനമാകണമെന്ന് സൊസൈറ്റി പറയുന്നു. അയര്‍ലണ്ടില്‍ വര്‍ഷം തോറവും 44,000 പേര്‍ കാന്‍സര്‍ ബാധിതരാകുന്നു. ഓരോ മൂന്ന് മിനിറ്റിലും ഒരാള്‍ക്ക് വീതം കാന്‍സര്‍ സ്ഥിരീകരിക്കുന്നു.2,20,000 പേര്‍ കാന്‍സര്‍ രോഗനിര്‍ണയത്തിന് ശേഷവും രാജ്യത്ത് ജീവിക്കുന്നു.

രോഗനിര്‍ണ്ണയവുമില്ല, ചികിത്സയും

അതേ സമയം ഡയഗ്നോസ്റ്റിക് പരിശോധനകള്‍ക്കായി കാത്തിരിക്കുന്നത് ആയിരങ്ങളാണ്. അടിയന്തര കൊളോനോസ്‌കോപ്പിക്കായി 2,800 പേര്‍ വരെ നാലാഴ്ചയില്‍ കൂടുതലായി കാത്തിരിക്കുന്നു.2024 അവസാനം വരെയുള്ള കണക്കനുസരിച്ച് 1,90,000ത്തിലേറെ പേര്‍ മൂന്ന് മാസമായി എംആര്‍ഐ, സിടി , അള്‍ട്രാസൗണ്ട് ് സ്‌കാനിനായി കാത്തിരിക്കുന്നു.

ശ്വാസകോശ കാന്‍സര്‍ ബാധിതരില്‍ അഞ്ചില്‍ രണ്ട് പേര്‍ക്കും സ്തനാര്‍ബുദ രോഗികളില്‍ പത്തില്‍ മൂന്ന് പേര്‍ക്കും ശുപാര്‍ശ ചെയ്ത പരിധിക്കുള്ളില്‍ ശസ്ത്രക്രിയ നടന്നില്ല.ഈ കാലതാമസം കാന്‍സറിനെ അതിജീവിക്കാനുള്ള രോഗിയുടെ ശേഷിയെ ബാധിക്കും. വലിയ ആശങ്കയുമുണ്ടാക്കുമെന്ന് സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു.

നിക്കോട്ടിനെതിരെ പട നയിക്കണം

നിക്കോട്ടിന്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണ കാമ്പെയ്‌നുകള്‍ക്കും പുകവലി ഉപേക്ഷിക്കാന്‍ സഹായിക്കുന്ന പരിപാടികള്‍ക്കും ധനസഹായം നല്‍കണമെന്നും സൊസൈറ്റി ആവശ്യപ്പെടുന്നു.പൊതു സ്ഥലങ്ങളില്‍ സണ്‍സ്‌ക്രീന്‍ ഡിസ്പെന്‍സറുകള്‍ക്കും കളിസ്ഥലങ്ങളിലും സ്‌കൂളുകളിലും തണല്‍ നിര്‍മ്മിതികളുമുണ്ടാകണമെന്നും സൊസൈറ്റി പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</

Comments are closed.