ഡബ്ലിന്‍: സര്‍വ്വ പൗരന്മാര്ക്കും ,രാജ്യത്തിനും പ്രതീക്ഷിച്ചതിലും ഗുണകരമായ ബജറ്റ് അവതരിപ്പിച്ചതിന്റെ ക്രഡിറ്റ് നേടി ധനകാര്യ മന്ത്രി മൈക്കിള്‍ മഗ്രാത്ത് .
വാരിക്കോരി ആനുകൂല്യങ്ങള്‍ നല്കിയില്ലെങ്കിലും, എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഏതെങ്കിലും വിധത്തില്‍ ആശ്വാസം നല്കാന് ധനമന്ത്രിയ്ക്കായി.
രാജ്യത്തിന്റെ ഭാവിക്കായി കരുതല്‍ ധനം കൂടുതലായി നീക്കി വെച്ച് പ്രതിസന്ധികളെ അതിജീവിക്കാനുള്ള പ്രതിവിധിയും മുന്നില്‍ കണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്.
താഴെപ്പറയുന്ന പ്രധാന പ്രഖ്യാപനങ്ങള്‍ 2024 ലേക്കുള്ള ഐറിഷ് ബജറ്റിനെ ജനപ്രീയമാക്കുന്നു.
മോര്‍ട്ട്ഗേജ് പലിശ ഇളവ്
മോര്‍ട്ട്ഗേജ് കുടിശിഖയുടെ പലിശയിനത്തില്‍ ഇളവ് നല്‍കാനുള്ള തീരുമാനം സര്‍ക്കാറിന്റെ പ്രതിശ്ചായ ഉയര്‍ത്തും.കഴിഞ്ഞ വര്‍ഷാവസാനം വരെ € 80,000 നും € 500,000 നും ഇടയില്‍ ഭാവനവായ്പയില് കുടിശ്ശികയുള്ളവര്‍ക്കാണ് ആദായ നികുതി ഇളവ് ലഭിക്കുക. 2022-ല്‍ അടച്ച തുകയുമായി താരതമ്യപ്പെടുത്തുമ്പോള്‍, 2023 കലണ്ടര്‍ വര്‍ഷത്തില്‍ മോര്‍ട്ട്ഗേജിന് നല്കിയ വര്‍ദ്ധിപ്പിച്ച പലിശയ്ക്ക് 20% നിരക്കിലാണ് ഇളവ് നല്‍കുക.ഒരു വീടിന് €1,250 എന്ന പരമാവധി പരിധിയിലാണ് ഈ ഇളവ് ലഭിക്കുക
രാജ്യത്തെ ഏകദേശം 165,000 മോര്‍ട്ട്ഗേജ് ഹോള്‍ഡര്‍മാര്‍ക്ക് 125 മില്യണ്‍ യൂറോയുടെ എസ്റ്റിമേറ്റ് ചെലവുള്ള ഈ നടപടിയുടെ പ്രയോജനം ലഭിക്കുമെന്ന് ധനകാര്യ മന്ത്രി മൈക്കല്‍ മഗ്രാത്ത് പറഞ്ഞു.
ഹോട്ട് മീല്‍സ്
താല്‍പ്പര്യം പ്രകടിപ്പിച്ച് പ്രതികരിച്ച 900 പ്രൈമറി സ്കൂളുകളിലേക്ക് ഹോട്ട് സ്കൂള്‍ മീല്‍സ് പദ്ധതി വ്യാപിപ്പിക്കും.നിലവില്‍ ഒരോ കുട്ടിക്കും ലഭിക്കുന്ന പ്രഭാതഭക്ഷണത്തിനുള്ള 60 സെന്റ്, 75 സെന്റാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ബ്രെഡ്, പഴം, പാല് അല്ലെങ്കില്‍ യോഗട്ട് എന്നിവ ഉള്‍പ്പെടുന്നന്ന പ്രഭാത ഭക്ഷണ പദ്ധതി നിലനിര്‍ത്തി കൊണ്ടായിരിക്കുംഒരു സാന്ഡ്വിച്ചും ചൂടുള്ള പാനീയവും പോലെയുള്ള ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുക. ഓരോ വിദ്യാര്‍ത്ഥിക്കും 2.90 യൂറോയുടെ ചിലവ് കണക്കാക്കി ഇപ്പോള്‍ നല്കുന്ന ഫണ്ട് 3.20 യൂറോയാക്കി ഉയര്‍ത്തി രാജ്യത്തെ എല്ലാ സ്കൂളുകളിലും പദ്ധതി നടപ്പാക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
പേരന്റ്സ് ബെനഫിറ്റ്
ഒരു കുട്ടിയുടെ ജനനത്തിനോ ദത്തെടുക്കലിനോ ശേഷമുള്ള ആദ്യ 2 വര്‍ഷങ്ങളില്‍ മാതാപിതാക്കള്‍ക്കുള്ള പാരന്റല്‍ ബെനഫിറ്റ് 2024 ഓഗസ്റ്റ് മുതല്‍ 7 ആഴ്ചയില്‍ നിന്ന് 9 ആഴ്ചയായി നീട്ടും. നിങ്ങള്‍ക്ക് മതിയായ സോഷ്യല്‍ ഇന്‍ഷുറന്‍സ് (PRSI) സംഭാവനകള്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ കുട്ടിയുടെ സംരക്ഷണത്തിനായി ജോലിയില്‍ നിന്ന് അവധിയെടുത്താലും €262 ആഴ്ചയില്‍ ലഭിക്കുകയും ചെയ്യും.
450 യൂറോയുടെ എനര്‍ജി ക്രഡിറ്റ്
ശൈത്യകാലത്തെ ഊര്‍ജ്ജ ബില്ലുകളെ സഹായിക്കുന്നതിന് എല്ലാ കുടുംബങ്ങള്‍ക്കും കൂടുതല്‍ ക്രെഡിറ്റുകള്‍ ലഭിക്കുമെന്ന് ബജറ്റില്‍ വ്യക്തമാക്കി.ഈ വര്‍ഷം അവസാനത്തിനും അടുത്ത വര്‍ഷം ഏപ്രിലിനുമിടയില്‍ 150 യൂറോ വീതമുള്ള മൂന്ന് ക്രെഡിറ്റുകളാണ് നല്‍കുന്നത്.
ഇന്ന് വിലകൂടും, പിന്നീടുള്ളത് മാറ്റിവെച്ചു
2024 ബജറ്റില്‍ പ്രഖ്യാപിച്ച വര്‍ദ്ധിപ്പിച്ച കാര്‍ബണ്‍ നികുതിയിലൂടെ പെട്രോള്‍, ഡീസല്‍ വിലകള്‍ ലിറ്ററിന് 3 സെന്റ് വീതം ഇന്ന് രാത്രി മുതല്‍ തന്നെ വില ഉയരുകയാണ്.എന്നിരുന്നാലും, ഒക്ടോബര്‍ അവസാനത്തോടെ പെട്രോളിന് 8 ശതമാനവും ഡീസലിന് 6 ശതമാനവും ഇന്ധന എക്സൈസ് വര്‍ധിപ്പിക്കാന്‍ മുമ്പെടുത്തിരുന്ന തീരുമാനം മാറ്റി വെച്ചു.
എങ്കിലും ഒരു ലിറ്റര്‍ പെട്രോളിന് 8 സെന്റും ഡീസലിന് 6 സെന്റും അടുത്ത വര്‍ഷം ഏപ്രില്‍ 1, ഓഗസ്റ്റ് 1 തീയതികളില്‍ രണ്ട് തുല്യ ഗഡുക്കളായി പ്രാബല്യത്തില്‍ വരുമെന്ന് മൈക്കല്‍ മഗ്രാത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റെന്റ് ടാക്സ് 750 യൂറോ വീതം
2024-ല്‍ വാടക നികുതി ക്രെഡിറ്റ് പ്രതിവര്‍ഷം 500 യൂറോയില്‍ നിന്ന് പ്രതീക്ഷിച്ചതുപോലെ 750 യൂറോയായി ഉയര്‍ത്തിയതായി മന്ത്രി മഗ്രാത്ത് പ്രഖ്യാപിച്ചു.
‘റന്റ് എ റൂം’ അല്ലെങ്കില്‍ ‘ഡിഗ്സ്’ താമസസ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് പണം നല്കുന്ന രക്ഷിതാക്കള്‍ക്കും വാടക നികുതി ക്രെഡിറ്റ് ക്ലെയിം ചെയ്യാന്‍ കഴിയും.
വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് വാടക നല്കുന്ന ഇനത്തിലുള്ള ക്രഡിറ്റ് 2022, 2023 നികുതി വര്‍ഷങ്ങളില്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ക്ലെയിം ചെയ്യാവുന്നത്..
പുസ്തകത്തിന് കാശ് വേണ്ട
സെക്കന്‍ഡറി സ്കൂളിലെ ആദ്യ മൂന്ന് വര്‍ഷങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സ്കൂള്‍ പുസ്തകങ്ങള്‍ പ്രഖ്യാപിച്ചു, അതായത് അയര്‍ലണ്ടിലെ പ്രൈമറി, സെക്കന്‍ഡറി സ്കൂളുകളിലായി പഠിക്കുന്ന 770,000 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പാഠപുസ്തകങ്ങളും വര്‍ക്ക്ബുക്കുകളും ലഭിക്കും.
കോളജില്‍ പഠിക്കാന്‍ ഫീസ് കുറയും
100,000 യൂറോയില്‍ താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ബിരുദ വിദ്യാര്‍ത്ഥികളുടെ കോളേജ് ഫീസ് പകുതിയായി 1,500 യൂറോ കുറയ്ക്കും.
മറ്റ് കുടുംബങ്ങളിലെ മുഴുവന്‍ സമയ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള കോളേജ് ഫീസും 1,000 യൂറോ വീതം കുറയ്ക്കും.
സ്കൂള്‍ ട്രാന്‍സ്പോര്‍ട്ട് സേവനങ്ങളിലെ കുറഞ്ഞ നിരക്ക് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുന്നതിനൊപ്പം പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസിളവും നീട്ടും.സ്കൂള്‍ ട്രാന്‍സ്പോര്‍ട്ട് സ്കീം അനുസരിച്ച് പ്രൈമറി സ്കൂള്‍ കുട്ടിക്ക് ഒരു മാസം 50 യൂറോയും പോസ്റ്റ് പ്രൈമറി സ്കൂള്‍ കുട്ടിക്ക് 75 യൂറോയുമാണ് ഫീസ് നല്‍കേണ്ടത്.
അവശര്‍ക്ക് സൗജന്യ യാത്ര
വാഹനമോടിക്കാന്‍ അവശതയുള്ളവരാണെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കുന്നവര്‍ക്ക് സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്
മിനിമം വേജ്
2024 ജനുവരി 1 മുതല്‍ ദേശീയ മിനിമം വേതനം മണിക്കൂറില്‍ 12.40 യൂറോ എന്നത് വര്‍ധിച്ച് മണിക്കൂറില്‍ 12.70 യൂറോ ആയി ഉയര്‍ത്തി.
സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാം ,ലാഭം നേടാം
നൂതനമായ ചെറുകിട സ്റ്റാര്‍ട്ടപ്പുകളെ മൂലധനം നല്കി പിന്തുണയ്ക്കുന്ന നിക്ഷേപകര്‍ക്കായി കാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് ഇളവ് പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു.
കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ എസ്എംഇ കള്‍ക്ക് ഇത് സഹായകമാവും. അയര്‍ലണ്ടിനെ നിക്ഷേപത്തിന് കൂടുതല്‍ ആകര്‍ഷകമായ സ്ഥലമാക്കി മാറ്റാനും ഇത് വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു, സ്റ്റാര്‍ട്ടപ്പുകളിലൂടെ കൂടുതല്‍ തൊഴില്‍ അവസരങ്ങളും ലക്ഷ്യമിടുന്നു.
ഒരു നൂതന സ്റ്റാര്‍ട്ടപ്പ് ചെറുകിട ഇടത്തരം ബിസിനസില്‍ നിക്ഷേപിക്കുന്ന വ്യക്തിക്ക് കുറഞ്ഞത് മൂന്ന് വര്‍ഷത്തേക്ക് ഈ കാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് ഇളവ് ലഭിക്കും. വ്യക്തിയുടെ നിക്ഷേപം കുറഞ്ഞത് € 10,000 വിലയുള്ളതും കമ്പനിയുടെ സാധാരണ ഇഷ്യൂ ചെയ്ത ഷെയര്‍ ക്യാപിറ്റലിന്റെ 5pc നും 49% നും ഇടയിലുള്ളതുമായ പൂര്‍ണ്ണമായി പണമടച്ചുള്ള പുതുതായി ഇഷ്യൂ ചെയ്ത ഓഹരികളുടെ രൂപത്തിലായിരിക്കണം.
യോഗ്യരായ നിക്ഷേപകര്‍ക്ക് അവരുടെ പ്രാരംഭ നിക്ഷേപത്തിന്റെ ഇരട്ടി വരെയുള്ള മൂല്യത്തില്‍ ,പാര്‍ട്ണര്‍ഷിപ്പിലൂടെ കാപ്പിറ്റല്‍ ഗെയിന്‍ ടാക്സില്‍ 16 ശതമാനം മുതല്‍ 18 ശതമാനം വരെ ഇളവ് ലഭിക്കും.
ആരോഗ്യമേഖല : റിക്രൂട്ട്മെന്റ് വന്‍തോതില്‍ ഉണ്ടായേക്കും
വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡും പണപ്പെരുപ്പവും മൂലമുണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ നേരിടാന്‍ ഒരു പുതിയ ആരോഗ്യ പ്രതിരോധ ഫണ്ട് സ്ഥാപിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.എന്നാല്‍ ഇതിന്റെ വിശദാംശങ്ങളൊന്നും ബജറ്റില്‍ പുറത്തുവിട്ടില്ല.വിവിധ ആശുപത്രികളിലും കമ്മ്യൂണിറ്റി കേന്ദ്രങ്ങളിലും ,മറ്റു ആരോഗ്യസ്ഥാപനങ്ങളിലും ശേഷി വർദ്ധിപ്പിക്കുന്നതിന് അധിക ജീവനക്കാരുടെ ടാർഗെറ്റുചെയ്ത റിക്രൂട്ട്മെന്റ് സർക്കാർ തുടരുമെന്ന് മന്ത്രി മഗ്രാത്ത് പറഞ്ഞു.
22.5 ബില്യണ്‍ യൂറോയുടെ മൊത്തം ഫണ്ടിംഗാണ് ആരോഗ്യമേഖലയ്ക്കായി നീക്കിവെച്ചിട്ടുള്ളത്.
ഉയര്‍ന്ന ടാക്സ് നിരക്ക് : പരിധി കൂട്ടി
ഉയര്‍ന്ന ആദായനികുതി നിരക്ക് (40 %) നിലവിലുള്ള കട്ട് ഓഫ് പോയിന്റായ 40 ,000 യൂറോയില്‍ നിന്നും 42,000 യൂറോയിലേക്ക് ഉയര്‍ത്തി.
അടുത്ത വര്‍ഷം 46,000 യൂറോ സമ്പാദിക്കുന്ന ഒരു വ്യക്തിയെ ഉദാഹരണമായി കണക്കിലെടുത്താല്‍ 2021 മുതലുള്ള ക്യുമുലേറ്റീവ് ആദായനികുതിയുടെയും USC മാറ്റങ്ങളുടെയും ഫലമായി അവരുടെ അറ്റവരുമാനത്തില്‍ അടുത്ത വര്‍ഷം € 2,000-ലധികം വര്‍ദ്ധനവ് അവര്‍ക്ക് ലഭിക്കുമെന്ന് ധനമന്ത്രിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
കറന്റ് വിറ്റും കാശുണ്ടാക്കാം
സോളാര്‍ അടക്കമുള്ള മൈക്രോ ജനറേഷനില്‍ നിന്ന് വീടുകളില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ദേശീയ ഗ്രിഡിലേക്ക് തിരികെ വില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന വ്യക്തിഗത വരുമാനവും ഇനി കൂടും.2024 ജനുവരി 1 മുതല്‍, പ്രതിവര്‍ഷം €400 വരെ വരുമാനം ഈ ഇനത്തില്‍ നേടിയാല്‍ നികുതി നല്‍കേണ്ടതില്ല.
സ്വകാര്യ വാസസ്ഥലങ്ങളില്‍ സോളാര്‍ പാനലുകള്‍ വാങ്ങുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള VAT നിരക്ക് പൂജ്യമായി കുറച്ച ആനുകൂല്യം തുടരും. 2024 ജനുവരി 1 മുതല്‍ സ്കൂളുകളിലേക്കും ഈ ആനുകൂല്യം വ്യാപിപ്പിക്കും.
ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള VRT റിലീഫ് 2025 അവസാനം വരെ നീട്ടി. 50,000 യൂറോ വരെ വിലയുള്ള ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഈ ഇളവ് ബാധകമാണ്.
കൂടുതല്‍ നിക്ഷേപം
2024 മുതല്‍ 2035 വരെ ഫ്യൂച്ചര്‍ അയര്‍ലന്‍ഡ് ഫണ്ടിലേക്ക് അയര്‍ലണ്ട് ജിഡിപിയുടെ 0.8 ശതമാനം പ്രതിവര്‍ഷം നിക്ഷേപിക്കും.2024-ല്‍ മാത്രം ഇത് ഏകദേശം 4.3 ബില്യണ്‍ യൂറോ ആയിരിക്കും. കൂടാതെ, നിലവിലെ നാഷണല്‍ റിസര്‍വ് ഫണ്ടില്‍ നിന്നും അടുത്ത വര്‍ഷം 4 ബില്യണ്‍ യൂറോയില്‍ കൂടുതല്‍ സീഡ് ഫണ്ടിംഗ് ,പുതിയ ഫണ്ടിലേക്ക് മാറ്റും. പ്രതിവര്‍ഷം ജിഡിപിയുടെ 0.8 ശതമാനം ഫണ്ടിംഗ് നിക്ഷേപിക്കുന്നതോടെ , 2035 ല്‍ മൊത്തം 100 ബില്യണ്‍ യൂറോ ഫ്യൂച്ചര്‍ അയര്‍ലന്‍ഡ് ഫണ്ടില്‍ നിക്ഷേപമായെത്തും.
നിരാശയുളവാക്കുന്ന ബജറ്റ്
സര്‍ക്കാരിന്റെ ബജറ്റ് നിരാശയുളവാക്കുന്നതാണെന്നും ,ഹൗസിംഗ് മേഖലയ്ക്കായി ഒന്നും സര്‍ക്കാരിന് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും മുഖ്യപ്രതിപക്ഷ കക്ഷിയായ സിന് ഫെയ്ന് ആരോപിച്ചു.
ജെന്നിഫര്‍ കരോള്‍ മാക്നീല്‍
എന്നാല്‍ , പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ നിയന്ത്രിക്കാനും ജനങ്ങളുടെ പോക്കറ്റിലേക്ക് പണം തിരികെ എത്തിക്കാനും ഗവണ്മെന്റിന് കഴിയുമെന്നും അതിനാല്‍ അടുത്ത സമീപകാല വെല്ലുവിളികള്‍ നേരിടാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ബജറ്റിലുള്ളതെന്ന് ഡണ്‍ലേരിയില്‍ നിന്നുള്ള ടി ഡിയും,ഫിനാഗേല്‍ ഡപ്യൂട്ടി ലീഡറും ധനകാര്യ സഹമന്ത്രിയുമായ ജെന്നിഫര്‍ കരോള്‍ മാക്നീല്‍ അഭിപ്രായപ്പെട്ടു.
യൂറോപ്യന്‍ യൂണിയനു കീഴിലുള്ള ശക്തവും സുസ്ഥിരവുമായ സമ്പദ്വ്യവസ്ഥകളിലൊന്നാണ് അയര്‍ലണ്ടെന്നും ,നമ്മള് സമ്പൂര്‍ണ്ണമായി തൊഴി ലുള്ളവരുടെ രാജ്യമെന്ന കുതിപ്പിലേയ്ക്ക് നീങ്ങുകയാണെന്നും ജെന്നിഫര്‍ പറഞ്ഞു.
അയര്‍ലണ്ടിലെ പ്രമുഖ ടാക്സ് കണ്സള്റ്റന്ട് കമ്പനിയായ TASC Accountants തയാറാക്കിയ ബജറ്റ് റിവ്യൂ താഴെ ചേര്‍ത്തിരിക്കുന്നു.https://tascaccountants.com/the-irish-budget-2024-highlights-key-takeaways-and-important-points/
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.