head3
head1

അയര്‍ലണ്ടിന്റെ ആഭ്യന്തര സമ്പദ് വ്യവസ്ഥയെ സാമ്പത്തിക മാന്ദ്യം ബാധിച്ചു കഴിഞ്ഞതായി ഐബെക്

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ ആഭ്യന്തര സമ്പദ്വ്യവസ്ഥയെ സാമ്പത്തിക മാന്ദ്യം ബാധിച്ചു കഴിഞ്ഞതായി ഐബെക് നിരീക്ഷണം. കണ്‍സ്യൂമര്‍ സ്പെന്റിംഗ്, നിക്ഷേപം എന്നിവയുടെ വളര്‍ച്ചാ നിരക്കില്‍ ഇതിനകം മാന്ദ്യം ബാധിച്ചു കഴിഞ്ഞു. ഇത് 2023 വരെ തുടരുമെന്നും ഐബെകിന്റെ ത്രൈമാസ സാമ്പത്തിക റിപ്പോര്‍ട്ട് പറയുന്നു.

അടുത്ത വര്‍ഷം ഉപഭോക്തൃ ചെലവിലെ വളര്‍ച്ച 6.6%ല്‍ നിന്ന് 4%മായും ആഭ്യന്തര നിക്ഷേപം 8.6%ല്‍ നിന്ന് 4%മായും കുറയുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ഊര്‍ജ്ജത്തിന്റെ ചെലവേറുന്നതും പലിശ നിരക്ക് ഉയര്‍ത്തിയതുമൊക്കെ ഉപഭോക്തൃ ചെലവിനെ ബാധിച്ച ഘടകങ്ങളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ ആഴ്ചയാണ് പലിശ നിരക്ക് 0.5% ഉയര്‍ത്തിയത്. അടുത്ത മാസം ഇത് കൂടുതല്‍ വര്‍ധിപ്പിക്കുമെന്നും സൂചനയുണ്ട്.

ആഗോള മൂലധന വിപണിയിലെ മാറ്റങ്ങളും തുടര്‍ച്ചയായ ഊര്‍ജ്ജ വില വര്‍ധനയും കഴിഞ്ഞ പകുതിയില്‍ രാജ്യം കൈവരിച്ച വീണ്ടെടുക്കല്‍ നേട്ടങ്ങളെ ദുര്‍ബലപ്പെടുത്തുകയാണെന്ന് ഐബക് അഭിപ്രായപ്പെട്ടു.

ഐറിഷ് സമ്പദ്വ്യവസ്ഥ ഒരു വഴിത്തിരിവിലാണെന്ന് ഐബെക്കിലെ ചീഫ് ഇക്കണോമിസ്റ്റ് ജെറാര്‍ഡ് ബ്രാഡി പറഞ്ഞു. ആഗോള സാമ്പത്തിക പ്രതിസന്ധിയ്ക്ക് ശേഷം നിലനിന്ന കുറഞ്ഞ പലിശ നിരക്കുകള്‍, കുറഞ്ഞ പണപ്പെരുപ്പം, സ്പെയര്‍ കപ്പാസിറ്റി എന്നിവയുടെ കാലഘട്ടം മാറിമറിഞ്ഞതായും ഇദ്ദേഹം പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.