head3
head1

അയര്‍ലണ്ടിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ശമ്പളം കൂടും,സര്‍ക്കാരിനെ ശമ്പളത്തില്‍ തോല്‍പ്പിച്ച് ലിഡില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ പൊതുമേഖലാ ജീവനക്കാരുടെ വര്‍ധിപ്പിച്ച ശമ്പളം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ശമ്പളക്കമ്മീഷന്‍ അവലോകനം ചെയ്തു നിജപ്പെടുത്തി കരാറിന്റെ സെക്ഷന്‍ 3.1 അനുസരിച്ച്, അടിസ്ഥാന ശമ്പളത്തിന്റെ വാര്‍ഷിക തുക
പൊതു മേഖലയില്‍ 1.5% അല്ലെങ്കില്‍ 750 യൂറോ വര്‍ദ്ധിപ്പിക്കും.പൊതുമേഖലയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ അടക്കമുള്ളവര്‍ക്ക് സാലറിയ്ക്ക് പുറമെ ഓവര്‍ ടൈം,പ്രീമിയം അവേഴ്‌സ് ,എന്നിവയിലും 1.5% വര്‍ദ്ധനവുണ്ടാവും.

തൊഴിലാളികള്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചു നല്‍കാനുള്ള ബില്‍ഡിംഗ് മൊമെന്റം പേ കരാറിന്റെ ഭാഗമായുള്ള പ്രഖ്യാപനത്തിന്റെ അവസാന ഘട്ട വര്‍ദ്ധനവാണ് ഇന്ന് മുതല്‍ നടപ്പാക്കുക.അയര്‍ലണ്ടിലെ എല്ലാ പൊതുമേഖലാ തൊഴിലാളികള്‍ക്കും 2023 ഒക്ടോബര്‍ 1-നകം 7.5% ശമ്പള വര്‍ദ്ധനവ് ലഭിക്കുമെന്നതായിരുന്നു ബില്‍ഡിംഗ് മൊമെന്റം കരാര്‍.

2022 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നതും 2022 ഫെബ്രുവരി 2-ന് ബാക്ക്ഡേറ്റ് ചെയ്തതുമായ പ്രാരംഭ ഘട്ടം അനുസരിച്ച് 3% വര്‍ദ്ധനവ് 2022 സമ്മറില്‍ നടപ്പാക്കിയിരുന്നു. രണ്ടാം ഘട്ടത്തിലുള്ള 1 % വര്‍ദ്ധനവ് 2022 ഒക്ടോബറില്‍ പ്രാബല്യത്തില്‍ വന്നു.മൂന്നാം ഘട്ട വര്‍ദ്ധനവായി പറഞ്ഞിരുന്ന 2 % തുക ജീവനക്കാരുടെ പേ സ്ലിപ്പില്‍ 2023 മാര്‍ച്ച് മാസം മുതല്‍ വര്‍ദ്ധിപ്പിച്ചു നല്‍കിയിട്ടുണ്ട്.ബാക്കിയുള്ള 1.5% വര്‍ദ്ധനവാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരിക.

സര്‍ക്കാരിനെ തോല്‍പ്പിച്ച് ലിഡില്‍ , ജീവനക്കാര്‍ക്ക് സര്‍ക്കാരിനേക്കാള്‍ ശമ്പളം !

അയര്‍ലണ്ടിലെ നിര്‍ദിഷ്ട ലിവിംഗ് വേജ് , അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കാനുള്ള തീരുമാനമെടുത്ത് ഐറിഷ് സൂപ്പര്‍ മാര്‍ക്കറ്റ് കമ്പനിയായ ലിഡില്‍. 2024 മാര്‍ച്ച് 1 മുതല്‍ ലിവിംഗ് വേജ് നടപ്പാക്കാനാണ് ലിഡല്‍ തീരുമാനിച്ചിരിക്കുന്നത്.ലിഡിലില്‍ ജോലി ചെയ്യുന്ന 2,000 തൊഴിലാളികള്‍ക്ക് പുതിയ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും.

പുതിയ ശുപാര്‍ശിത ലിവിംഗ് വേജ് നടപ്പിലാക്കുന്ന ആദ്യത്തെ ഐറിഷ് സൂപ്പര്‍മാര്‍ക്കറ്റായി ഇതോടെ ലിഡില്‍ മാറും.

വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ക്ക് അനുസൃതമായി തൊഴിലാളികള്‍ക്ക് ഇപ്പോള്‍ €14.80 ലഭിക്കേണ്ടതുണ്ടെന്നാണ് ലിവിംഗ് വേജ് ടെക്‌നിക്കല്‍ ഗ്രൂപ്പ് അടുത്തിടെ സ്ഥിരീകരിച്ചത്.2023 ജനുവരി മുതല്‍ മണിക്കൂറിന് €11.30 ആണ് മിനിമം വേതനമായി നല്‍കുന്നത്.അതിന് പകരമാണ് ലിവിംഗ് വേജ് നടപ്പാക്കാന്‍ ലിഡില്‍ തീരുമാനിച്ചിരിക്കുന്നത്.

ജീവിതച്ചെലവുകള്‍ കൂടുന്നതിനനുസരിച്ച് തൊഴിലാളികള്‍ക്ക് ശമ്പള വര്‍ദ്ധനവ് നിശ്ചയിക്കുന്ന സമ്പ്രദായമാണ് ലിവിംഗ് വേജ്.അടുത്ത വര്‍ഷം മുതല്‍ ഘട്ടം ഘട്ടമായി മിനിമം വേജ് വര്‍ധിപ്പിച്ച് ഏതാനം വര്‍ഷത്തിനുള്ളില്‍ എല്ലാ തൊഴിലാളികള്‍ക്കും ലിവിംഗ് വേജ് നല്കാനാവുമെന്ന് ഐറിഷ് സര്‍ക്കാരും ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു.

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S<

Comments are closed.