head1
head3

അയര്‍ലണ്ടിനെ ഇന്ത്യയുടെ ഇയുവിലേയ്ക്കുള്ള ഗേറ്റ് വേ’യാക്കുമെന്ന് മന്ത്രി സൈമണ്‍ കോവനേ

ഡബ്ലിന്‍ :ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഇന്ത്യ-അയര്‍ലണ്ട് വ്യാപാര ബന്ധത്തില്‍ വന്‍ മുന്നേറ്റമുണ്ടാകുമെന്ന് എന്റര്‍പ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെന്റ് മന്ത്രി സൈമണ്‍ കോവനേ.ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ എഫ് ടി എയുമായി ബന്ധപ്പെട്ട ഡെവലപ്മെന്റുകള്‍ ആവേശം നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു.

എയർ ഇന്ത്യ വരുമോ അയർലണ്ടിലേക്ക് ?

ന്യൂഡല്‍ഹിയില്‍ എത്തിയ മന്ത്രി എയര്‍ ഇന്ത്യാ അധികൃതരുമായും,ഐറിഷ്, ഇന്ത്യന്‍ ബിസിനസുകാരുമായും ചര്‍ച്ചകള്‍ നടത്തി.എയര്‍ ഇന്ത്യക്ക് അയര്‍ലണ്ടിലേക്ക് സര്‍വീസ് നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങളും ചര്‍ച്ചയില്‍ പ്രധാനവിഷയമായി..ഇന്ത്യാ അയർലണ്ട് നയതന്ത്ര ബന്ധങ്ങളുടെ എഴുപത്തിയഞ്ചാമത് വാർഷികാഘോഷങ്ങൾക്കും ന്യൂ ദൽഹി വേദിയായി.കേന്ദ്രമന്ത്രിമാരടക്കം നിരവധി ഇന്ത്യൻ നേതാക്കളെ  ഐറിഷ് എന്റർപ്രൈസസ് മിനിസ്റ്റർ സന്ദർശിച്ചു.

ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയുമായി ബന്ധപ്പെട്ട ഐറിഷ് സ്വപ്നങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രി കൂടിയായ കോവനേ മനസ്സുതുറന്നത്. എല്ലാവരും മൊബൈല്‍ ഫോണുകളിലൂടെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഇന്ത്യയുടെ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ വളരെ ശ്രദ്ധേയമാണെന്ന് കോവനേ പറഞ്ഞു.അഭിമുഖത്തിന്റെ സംക്ഷിപ്തം ചുവടെ:

അയര്‍ലണ്ടിനെ ഗേറ്റ്വേയാക്കാം

യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഒരു ഗേറ്റ്വേയായി അയര്‍ലണ്ടിനെ ഇന്ത്യയ്ക്ക് ഉപയോഗിക്കാനാകുമെന്ന് മന്ത്രി കോവനേ അഭിപ്രായപ്പെട്ടു..ഈ വര്‍ഷാവസാനം തന്നെ എഫ് ടി എ യാഥാര്‍ഥ്യമായേക്കാം.അതിനാല്‍ വലിയ പ്രതീക്ഷയാണുള്ളത്.ഇന്ത്യയെപ്പോലെ വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥകള്‍ ലോകത്ത് വളരെ കുറവാണ്.അയര്‍ലണ്ടിന്റേത് ആഗോളവല്‍കൃത സമ്പദ്വ്യവസ്ഥയാണ്. അതിനാല്‍ ഇന്ത്യയുമായി ചേര്‍ന്ന് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് യംഗ് ഐറിഷ് കമ്പനികള്‍ക്ക് വലിയ സാധ്യതയുണ്ട്.

സാമ്യം ഗുണം ചെയ്യും

ചെറിയതാണെങ്കിലും ഇന്ത്യയുമായി വളരെ സാമ്യമുള്ള രാജ്യമാണ് അയര്‍ലണ്ട്. കൊളോണിയല്‍ ഭൂതകാലവും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടവുമെല്ലാം ഇരു രാജ്യങ്ങളെയും കോര്‍ത്തിണക്കുന്ന കണ്ണികളാണ്.ഇന്ത്യയും അയര്‍ലണ്ടും തമ്മില്‍ പ്രതിവര്‍ഷം 10 ബില്യണ്‍ യൂറോയുടെ വാര്‍ഷിക വ്യാപാരമാണ് നടക്കുന്നത്.വരും വര്‍ഷങ്ങളില്‍ ഇത് വന്‍തോതില്‍ വര്‍ധിക്കും.

സാങ്കേതികവിദ്യയില്‍ മുന്നേറാനാകും

സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ വലിയ സംഭാവന നല്‍കാന്‍ അയര്‍ലണ്ടിനാകുമെന്നത് ഇതിനകം തെളിഞ്ഞിട്ടുണ്ട്.സൈബര്‍ സുരക്ഷ പോലുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഡൈനാമിക് ഐറിഷ് കമ്പനികളുമായി ഇന്ത്യയിലെ വലിയ ചില കമ്പനികള്‍ ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ യോഗത്തില്‍ പങ്കെടുത്ത കാര്യവും മന്ത്രി വെളിപ്പെടുത്തി.

യൂറോപ്യന്‍ യൂണിയനില്‍ ജൂണില്‍ യൂറോപ്യന്‍ തിരഞ്ഞെടുപ്പ് വരും. ഇന്ത്യയിലും തിരഞ്ഞെടുപ്പ് നടക്കുകയാണ്. അതിന്റെ കാലതാമസം എഫ് ടി എ പ്രാബല്യത്തിലെത്തുന്നതിലുണ്ടാകും.അതിനാല്‍ ഈ വര്‍ഷം രണ്ടാം പകുതിയിലാണ് മുന്നേറ്റത്തിന് കൂടുതല്‍ സാധ്യതയുള്ളത്.

മുംബൈയിലെ തെരുവുകള്‍ സാക്ഷ്യപ്പെടുത്തുന്നത്

മുംബൈയിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ തെരുവ് കച്ചവടക്കാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് നേരില്‍ക്കണ്ടു.ഇത് വളരെ ശ്രദ്ധേയമാണ്.

പരിരക്ഷ ഉറപ്പാക്കുന്നതില്‍ വിജയം കൈവരിച്ച പേയ്‌മെന്റ് സംവിധാനങ്ങളുമായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും ധാരാളം കമ്പനികളും അയര്‍ലണ്ടിലുണ്ട്.ഇന്ത്യയുമായി ബന്ധപ്പെട്ട് ഈ സ്ഥാപനങ്ങള്‍ക്ക് അനന്ത സാധ്യതകളാണുള്ളത്.ഇവരില്‍ നിന്നും ഒരുപാടു കാര്യങ്ങള്‍ ഇന്ത്യയ്ക്ക് പഠിക്കാനുണ്ട്.

ഗാസയിലും ഒരേ സ്വരം

യു എന്‍ രക്ഷാസമിതിയില്‍ ഇന്ത്യയും അയര്‍ലണ്ടും അംഗങ്ങളാണ്. ഗാസയിലെ യുദ്ധവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ രണ്ടാളും സംഭാഷണം നടത്തി. വെടിനിര്‍ത്തല്‍ കാണാനാണ് ഇന്ത്യയും അയര്‍ലണ്ടും ആഗ്രഹിക്കുന്നത്.ഗാസയിലെ സിവിലിയന്‍ ജനതയ്ക്ക് മാനുഷിക സഹായം മുടങ്ങാതെ ലഭിക്കണമെന്നും ആഗ്രഹിക്കുന്നു.

വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട്.ഒക്ടോബര്‍ ഏഴിന് ഇസ്രായേല്‍ പൗരന്മാര്‍ക്ക് നേരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചിരുന്നു. അതിന് ഒരു ന്യായീകരണവുമില്ല. എന്നാല്‍ തുടര്‍ന്നുണ്ടായ യുദ്ധം അസാധാരണമായ നാശനഷ്ടമാണുണ്ടാക്കിയത്. 30,000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു, ഈ യുദ്ധം അവസാനിച്ചു കാണാനാണ് ഇന്ത്യയും അയര്‍ലണ്ടും ആഗ്രഹിക്കുന്നത്.

റഷ്യക്കെതിരായ നിലപാട് ലോകനന്മയ്ക്കായി

ഉക്രെയ്നിലെ റഷ്യയുടെ ആക്രമണത്തിന്റെ കാര്യത്തിലും ശക്തമായ നിലപാടാണ് അയര്‍ലണ്ട് സ്വീകരിച്ചിട്ടുള്ളത്.ബലപ്രയോഗത്തിലൂടെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ മാറ്റാന്‍ ശ്രമിക്കുന്നത് അനുവദിക്കാനാവില്ല. അയര്‍ലണ്ടും യൂറോപ്പിലെ എല്ലാ രാജ്യങ്ങളും സ്വന്തം രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്.അതിനാലാണ് ഉക്രെയ്നിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

ആയുധബലം ഉപയോഗിച്ച് രാജ്യാന്തര അതിര്‍ത്തികള്‍ മാറ്റാന്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം.അല്ലെങ്കില്‍ മാനവരാശിയാകെ അപകടത്തിലാകും.ഈ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യയുടെ ശബ്ദം ശക്തമായി ഉയര്‍ന്നു കേള്‍ക്കാനായെന്നത് ശ്രദ്ധേയമാണ്- കോവനേ പറഞ്ഞു.

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Comments are closed.