head3
head1

അയര്‍ലണ്ടില്‍ ചൈനക്കാരെ കുടിയിരുത്തിയ ഗോള്‍ഡന്‍ വിസാ പദ്ധതി ദുരൂഹതകളുടെ ധൂമകേതുവായി

ഡബ്ലിന്‍ : രാജ്യത്ത് നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനായി തുടങ്ങിയ ഗോള്‍ഡന്‍ വിസാ പദ്ധതി അവസാനിച്ചിട്ടും ദുരൂഹത അവശേഷിക്കുന്നു. ഒട്ടേറെ ചോദ്യങ്ങളാണ് പദ്ധതിയെക്കുറിച്ച് ഉയരുന്നത്. എന്നാല്‍ ഇതിന് വ്യക്തമായ മറുപടി നല്‍കാന്‍ സ്‌കീം തുടങ്ങിയ ജസ്റ്റിസ് വകുപ്പിന് കഴിയുന്നില്ല. ഇതുവരെ എത്ര പേര്‍ക്ക് എമിഗ്രേഷന്‍ നല്‍കി എന്നതിന്റെ രേഖ പോലും വകുപ്പിന്റെ പക്കലില്ല.പദ്ധതി നിര്‍ത്തിയിട്ട് രണ്ടു വര്‍ഷം പിന്നിടുമ്പോഴും ഇപ്പോഴും അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നതാണ് ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യം.ഇത്തരത്തില്‍ ആകെ ദുരൂഹതയുടെ ധൂമകേതുവായി മാറുകയാണ് ഐ ഐ പി (ഗോള്‍ഡന്‍ വിസാ പദ്ധതി).

അതിര്‍ത്തി സുരക്ഷ, കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഇയു നിയമ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് ഇ യു കമ്മീഷന്‍, കൗണ്‍സില്‍ ഓഫ് യൂറോപ്പ്, ഒ ഇ സി ഡി എന്നിവ ഗുരുതരമായ ആശങ്കകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പദ്ധതി നിര്‍ത്തലാക്കിയത്.

സമ്പദ്വ്യവസ്ഥയ്ക്ക് നിക്ഷേപം ആവശ്യമായി വന്ന 2012ലാരംഭിച്ച പദ്ധതി 2023 ഫെബ്രുവരിയിലാണ് അവസാനിപ്പിച്ചത്.2,482 അംഗീകൃത പ്രോജക്റ്റ് അപേക്ഷകളാണ് ജസ്റ്റിസ് വകുപ്പിന് ലഭിച്ചത്.പ്രോഗ്രാം നിര്‍ത്തലാക്കിയതിന് ശേഷം ലഭിച്ച 83 അപേക്ഷകള്‍ ഇപ്പോള്‍ പ്രോസസ്സ് ചെയ്യുകയാണെന്ന വിവരമാണ് പുറത്തുവന്നത്.അയര്‍ലണ്ടില്‍ എമിഗ്രേഷന്‍ ലഭിച്ചവരെയെല്ലാം സ്റ്റാമ്പ് 1, സ്റ്റാമ്പ് 2, സ്റ്റാമ്പ് 3, സ്റ്റാമ്പ് 4 എന്നിങ്ങനെ വേര്‍തിരിക്കാമെന്നല്ലാതെ മറ്റ് ഡാറ്റകളൊന്നും വകുപ്പിന്റെ പക്കലില്ല. ഇക്കാര്യം ജസ്റ്റിസ് വകുപ്പ് സ്ഥിരീകരിച്ചു.

അയര്‍ലണ്ടില്‍ താമസത്തിനും യൂറോപ്പിലേക്കുള്ള പ്രവേശനത്തിനും അവസരം നല്‍കുന്ന ഗോള്‍ഡന്‍ വിസ പദ്ധതിയില്‍ വന്‍ തുക നിക്ഷേപിക്കുന്ന വ്യക്തിക്കും കുടുംബത്തിനും റെസിഡന്‍സി വിസകള്‍ വാഗ്ദാനം ചെയ്യുന്നു.അയര്‍ലണ്ടില്‍ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും ബിസിനസുകള്‍ ആരംഭിക്കാനുമുള്ള അവകാശമാണ് പദ്ധതി നല്‍കുന്നത്.

ഈ സ്‌കീമിലൂടെ 1.7 ബില്യണ്‍ യൂറോയാണ് സര്‍ക്കാര്‍ സമാഹരിച്ചത്.ഇതില്‍ 94% (2,332) ചൈനീസ് നിക്ഷേപകരായിരുന്നു.യു എസില്‍ നിന്നുള്ള 53 പേരുമുണ്ടായിരുന്നു.വിയറ്റ്നാം, തായ്വാന്‍, ദക്ഷിണാഫ്രിക്ക, വാനുവാട്ടു എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍.പദ്ധതിയുടെ അവസാന രണ്ടു വര്‍ഷങ്ങളിലാണ് 794 അപേക്ഷകള്‍ അംഗീകരിച്ചത്.ഈ അപേക്ഷകളില്‍ നിന്നും 503 മില്യണ്‍ യൂറോയാണ് ഇതില്‍ നിന്നും ലഭിച്ചത്.ആകെയുള്ള നിക്ഷേപത്തിന്റെ ഏകദേശം 30%മാണിത്.ഇത് സംശയാസ്പദമാണ്. 1,700 നിക്ഷേപകരുമായി ബന്ധപ്പെട്ട 100 അപേക്ഷകളാണ് ഇപ്പോള്‍ സര്‍ക്കാര്‍ പ്രോസസ്സ് ചെയ്യുകയാണെന്ന് വിവരം ലഭിച്ചത്.ഇതിനെതിരെ വന്‍ വിമര്‍ശനമാണുയരുന്നത്.

യൂറോപ്യന്‍ പാര്‍ലമെന്റിലെ മുന്‍ അംഗവും ഗോള്‍ഡന്‍ വിസ പദ്ധതി നിയന്ത്രിക്കുന്നതിനും നിര്‍ത്തലാക്കുന്നതിനുമുള്ള പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണ നിര്‍ദ്ദേശത്തിന്റെ മുന്‍ റിപ്പോര്‍ട്ടറുമായ സോഫി ഇന്റ്‌റ് വെല്‍ഡ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നു.സിന്‍ഫെയ്ന്‍ അടക്കമുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നു.

പ്രോഗ്രാം അവസാനിപ്പിച്ചതിന് ശേഷം ലഭിച്ച് അപേക്ഷ പ്രോസസ്സ് ചെയ്യുന്നത് ശരിയല്ലെന്ന് ഇവര്‍ ആവശ്യപ്പെട്ടു.നിലവില്‍ പ്രോസസ്സ് ചെയ്യുന്ന 83 അപേക്ഷകള്‍ 2023 ഫെബ്രുവരി 15ന് പ്രോഗ്രാം അവസാനിച്ചതിന് ശേഷം സമര്‍പ്പിച്ചതാണെന്ന് രേഖകള്‍ പറയുന്നു.പല അപേക്ഷകളും ഔദ്യോഗികമായല്ലായിരുന്നു നല്‍കിയത്.ഇത്തരത്തിലുള്ള അപേക്ഷകളുടെ നിയമപരമായ സാധുതയും ഇവര്‍ ചോദ്യം ചെയ്തു.

അവസാന തീയതിക്ക് ശേഷം സമര്‍പ്പിച്ച അപേക്ഷകളുടെ നിയമപരമായ അടിസ്ഥാനത്തെ സിന്‍ ഫെയ്ന്‍ വിദേശകാര്യ വക്താവ് ഡോണ്‍ചാദ് ഒ ലാവോരെ ടി ഡിയും വിമര്‍ശിച്ചു.ഇതിനെക്കുറിച്ചന്വേഷിക്കണമെന്ന് ടിഡി ആവശ്യപ്പെട്ടു.പദ്ധതി പൂര്‍ണ്ണമായും അവസാനിപ്പിക്കണമെന്ന് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടു.

ഗോള്‍ഡന്‍ പദ്ധതി ഇങ്ങനെ

പദ്ധതിയില്‍ നിക്ഷേപകര്‍ക്ക് രണ്ട് വര്‍ഷത്തെ റെസിഡന്‍സിയാണ് ലഭിക്കുക.പിന്നീട് മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടാം. തുടര്‍ന്ന് സര്‍ക്കാരിന് താല്‍പ്പര്യമുണ്ടെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി അനുമതി നല്‍കാം.റെസിഡന്‍സി നിലനിര്‍ത്തിയവര്‍ക്ക് ഐറിഷ് പൗരത്വത്തിന് അര്‍ഹത ലഭിക്കും.

നിക്ഷേപകര്‍ക്ക് പദ്ധതിയിലേയ്ക്ക് യോഗ്യത നേടുന്നതിന് 2 മില്യണ്‍ യൂറോയുടെ ആസ്തി ആവശ്യമാണ്. നാല് ഓപ്ഷനുകളില്‍ ഒന്നില്‍ പണം നിക്ഷേപിക്കാന്‍ പദ്ധതി അവസരം നല്‍കും.

ഒരു ഐറിഷ് എന്റര്‍പ്രൈസസില്‍ മൂന്ന് വര്‍ഷത്തേക്ക് 1 മില്യണ്‍ യൂറോ , മൂന്ന് വര്‍ഷത്തേക്ക് അംഗീകൃത നിക്ഷേപ ഫണ്ടില്‍ 1 മില്യണ്‍ യൂറോ , റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകളില്‍ 2 മില്യണ്‍ യൂറോ, അയര്‍ലണ്ടിലെ കല, കായികം, ആരോഗ്യം, സംസ്‌കാരം വിദ്യാഭ്യാസം എന്നീ പ്രോജക്റ്റുകളില്‍ കുറഞ്ഞത് 500,000 യൂറോ എന്നിങ്ങനെ നിക്ഷേപം നടത്താം.പൊതു ജനോപകാര പ്രദമായ നിക്ഷേപങ്ങളില്‍ അഞ്ചോ അതിലധികമോ അപേക്ഷകളുണ്ടെങ്കില്‍ 400,000 യൂറോ നിക്ഷേപിച്ചാല്‍ മതിയെന്നും വ്യവസ്ഥയുണ്ടായിരുന്നു.

നോണ്‍ യൂറോപ്യന്‍ സാമ്പത്തിക മേഖലയിലെ പൗരന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇത്തരം പദ്ധതികളില്‍ പണം നിക്ഷേപിച്ചുകൊണ്ട് ഐറിഷ് റെസിഡന്‍സി നേടാന്‍ ഐ ഐ പി അനുമതി നല്‍കിയിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JzpXB775jusJD1C2xHcFqm</

Comments are closed.