head3
head1

അഭിപ്രായ വോട്ടെടുപ്പുകളില്‍ ഫിനഗേല്‍ , അമേരിക്കന്‍ ഇലക്ഷന്‍ പ്രവചനം പോലെയാവുമെന്ന് പ്രതിപക്ഷം

ഡബ്ലിന്‍ : പൊതുതിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുന്നതിനിടെ പുറത്തുവന്ന അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ ഫിനഗേലിന് വന്‍ പ്രതീക്ഷ നല്‍കുന്നു.ജനപിന്തുണയില്‍ രണ്ടു പോയിന്റിന്റെ കുറവുവന്നെങ്കിലും സൈമണ്‍ ഹാരിസിന്റെ പാര്‍ട്ടി അയര്‍ലണ്ടിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് ഐറിഷ് ടൈംസ്/ഇപ്‌സോസ് ബി ആന്‍ഡ് എ വോട്ടെടുപ്പ് സൂചിപ്പിക്കുന്നത്.25% പേരാണ് ഫിനഗേലിനൊപ്പമുള്ളത്.വോട്ടര്‍മാരുടെ മനസ്സിലെ പ്രധാന പ്രശ്നം ജീവിതച്ചെലവാണെന്നും അഭിപ്രായ വോട്ടെടുപ്പ് പറയുന്നു.

കഴിഞ്ഞ തവണത്തെ 19%ല്‍ ഫിന ഫാള്‍ തുടര്‍ന്നപ്പോള്‍ സിന്‍ഫെയിനിന്റെ പിന്തുണ ഒരു പോയിന്റ് ഇടിഞ്ഞു.അതേ സമയം സ്വതന്ത്രര്‍ക്ക് പിന്തുണ കുതിക്കുന്നതായും അഭിപ്രായ വോട്ടെടുപ്പ് പറയുന്നു.

ജനമനസ്സുകളില്‍ സ്വതന്ത്രര്‍ക്കുള്ള സ്ഥാനം നാല് പോയിന്റ് കൂടി 20 ശതമാനമായി.ടി ഡിമാരായ മീഹോള്‍ കോളിന്‍സും റിച്ചാര്‍ഡ് ഒ ഡോനോഗും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം രൂപീകരിച്ച ഇന്റിപ്പെന്റന്റ് അയര്‍ലണ്ടിനെ വോട്ടെടുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗ്രീന്‍ പാര്‍ട്ടിയുടെ ജനസമ്മിതി രണ്ട് ശതമാനം ഇടിഞ്ഞ് മൂന്ന് പോയിന്റിലെത്തി.ലേബര്‍ പാര്‍ട്ടിയുടെ പിന്തുണ ആറില്‍ നിന്നും അഞ്ച് ശതമാനമായി.

സോഷ്യല്‍ ഡെമോക്രാറ്റ്സിന്റെ ജനപിന്തുണ നാല് ശതമാനത്തിലും പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്-സോളിഡാരിറ്റി രണ്ട് ശതമാനത്തിലും തുടര്‍ന്നു.

ജനപിന്തുണ ഉയര്‍ന്ന ഏക പാര്‍ട്ടിയായി ആന്റു പാര്‍ട്ടി മാറി. ആന്റുവിന്റെ ജനപിന്തുണ ഒന്നില്‍ നിന്നും മൂന്ന് ശതമാനമായാണ് വര്‍ദ്ധിച്ചത്.

അതേസമയം, രാജ്യം പൊതുവെ തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നതെന്ന് 50 ശതമാനം വോട്ടര്‍മാരും പറയുന്നു.

ഫിനഗേലിന്റെ ആധിപത്യം

മികച്ച തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു മുന്നേറുന്ന ഫിനഗേല്‍ ,നേരത്തെ ഇലക്ഷന്‍ നടത്താനുള്ള പദ്ധതി ആലോചിച്ചുറപ്പിച്ചു നടപ്പാക്കിയപ്പോള്‍ ,മറ്റു മിക്ക രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണത്തില്‍ ഇപ്പോള്‍ തന്നെ പിന്നിലാണ്. സോഷ്യല്‍ മീഡിയയിലും,തെരുവുകളിലും, അച്ചട്ടായ പ്രചാരണം നടക്കുന്നത് ഫിനഗേലിന്റെത് മാത്രമാണ്. കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നഅജണ്ടയാണ് അവരുടെ മുഖ്യപ്രചാരണവിഷയവും. എന്നാല്‍ ഭവനമേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് മറുപടി പറയാനാവാതെ പ്രധാനമന്ത്രി സൈമണ്‍ ഹാരീസ് ‘വെള്ളം കുടിക്കുന്ന’ ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.കഴിഞ്ഞ ഒരു നൂറ്റാണ്ട് മുഴുവന്‍ ഭരണകക്ഷിയായ ഫിനഗേലാണ് അയര്‍ലണ്ടിലെ ഭവന പ്രതിസന്ധി മൂര്‍ശ്ചിക്കാന്‍ കാരണമായായതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

ഇപ്പോള്‍ നടത്തിവരുന്ന പല അഭിപ്രായ സര്‍വേകളും ,ഫിനഗേലിന്റെ പ്രചാരണ തന്ത്രത്തിന്റെ സൃഷ്ടികളാണെന്നും ,ഫലം വരുമ്പോള്‍ തങ്ങള്‍ ജയിക്കുമെന്നുമാണ് സിന്‍ ഫെയ്ന്‍ അവകാശപ്പെടുന്നത്.അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ,കമലാ ഹാരീസിനൊപ്പം നിന്ന് ട്രംപിനെ എതിര്‍ത്തതുപോലെയാണ് ഐറിഷ് മീഡിയ തങ്ങളെ എതിര്‍ക്കുന്നത് എന്നാണു അവരുടെ വാദം.

എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ സിന്‍ ഫെയ്നെ പിന്തുണച്ച ഒട്ടേറെ പേര്‍ അവരോടൊപ്പം ഇത്തവണയില്ലെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ ഫാര്‍ റൈറ്റുകാര്‍ ,സിന്‍ ഫെയ്നില്‍ നിന്നും അകന്ന് സ്വന്തം വഴി നേടിയതോടെ ,അവരുടെ ഫസ്റ്റ് പ്രിഫറന്‍സ് വോട്ട് ,സിന്‍ ഫെയ്നു ലഭിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ ഭരണമുന്നണി അധികാരത്തില്‍ വീണ്ടും എത്തിയാലും അത്ഭുതപ്പെടാനില്ല. പക്ഷെ ഫിനാഫാളും ,ഫിനഗേലും ഒരുപോലെ പറയാതെ പറയുന്ന ഒരു കാര്യം ‘ഗ്രീന്‍ പാര്‍ട്ടിയെ ‘ഇനി തങ്ങള്‍ കൂടെ കൂട്ടില്ല എന്നത് തന്നെയാണ്.അത് കൊണ്ട് തന്നെ ലേബറിനെ ഒപ്പം നിര്‍ത്തി ഭരണം നിലനിര്‍ത്താനുള്ള പരിശ്രമത്തിലാണ് അവരിപ്പോള്‍.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm

Comments are closed.