അയര്‍ലണ്ടിന്റെ കോവിഡ് പെരുക്കം കണ്ട് ലോകം ഞെട്ടലില്‍, ഏഴു ദിവസത്തിനുള്ളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ അയര്‍ലണ്ടില്‍
ഒരു ദശലക്ഷം ആളുകളില്‍ 10,100 പേരെയാണ് കോവിഡ് പിടികൂടിയത്.ജോണ്‍സ് ഹോപ്കിന്‍സും ലോകാരോഗ്യ സംഘടനയും മറ്റ് സംഘടനകളും അംഗീകരിച്ച ബ്ലൂംബെര്‍ഗ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമാണിത്. ഈ നിരക്കാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലോകത്തിലെ ഏറ്റവും വലിയ കോവിഡ് ബാധിത രാജ്യമായി അയര്‍ലണ്ടിനെ മാറ്റിയത്.ഇന്നലെയും രോഗബാധയില്‍ കുറവില്ല.4929 പേര്‍ വൈറസ് ബാധിതരാണ്, 146 പേര്‍ ഐസിയുവിലാണ്.യുകെയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദമാണ് ഇവിടെയും പടരുന്നതെന്നാണ് സൂചന.നാഷണല്‍ വൈറസ് റഫറന്‍സ് ലാബിലെത്തുന്ന പോസിറ്റീവ് ടെസ്റ്റുകളില്‍ 45 ശതമാനം ഈ യുകെ വേരിയന്റാണ്.
ക്രിസ്മസ്സിന് നല്‍കിയ മൂന്ന് ആഴ്ചത്തെ ‘സ്വാതന്ത്ര്യമാണ്’ അയര്‍ലണ്ടിനെ കോവിഡ് കെണിയിലാക്കിയതെന്ന ആരോപണം വളരെ ശക്തമാണ്. എന്നാല്‍ പ്രധാനമന്ത്രി ഇതംഗീകരിക്കുന്നില്ല.ക്രിസ്മസിന് മുമ്പ് കോവിഡ് സര്‍ക്കാര്‍ കൈകാര്യം ചെയ്തതില്‍ തനിക്ക് അത്ര ‘ലജ്ജയൊന്നുമില്ലെന്നാണ് ‘മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞത്..ഡിസംബര്‍ കാലയളവിലേക്ക് വരുന്നതിന് മുമ്പ് ആറ് ആഴ്ച ലെവല്‍ 5 നിയന്ത്രണങ്ങളുണ്ടായിരുന്നത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ഡിസംബറില്‍ ഉയര്‍ന്നുവന്ന സോഷ്യലൈസേഷനും പുതിയ വൈറസിന്റെ കാലികതയുമൊക്കെ കൂടിയ നിരക്കിന്കാരണങ്ങളാണെന്ന് മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.
റെസ്റ്റോറന്റുകളും ഗ്യാസ്ട്രോപബ്ബുകളും തുറക്കുന്നത് വൈറസ് പടരുന്നതിന് അനുയോജ്യമായ അന്തരീക്ഷം” സൃഷ്ടിച്ചുവെന്ന വാദവും അദ്ദേഹം അംഗീകരിക്കുന്നില്ല.കുടുംബങ്ങളാണ് വൈറസിന് ‘നല്ല അവസരം ഒരുക്കി നല്‍കിയതെന്നാണ് ‘പ്രധാനമന്ത്രിയുടെ വാദം.
ക്രിസ്മസിനും വളരെ മുമ്പ് തന്നെ അയര്‍ലണ്ടിലെ ആളുകള്‍ കോവിഡ് നിയന്ത്രണങ്ങളോട് അക്ഷമകാട്ടിയിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.പരമാവധി വീടുകളില്‍ തന്നെ കഴിയണമെന്നും ബന്ധുക്കളെ സന്ദര്‍ശിക്കരുതെന്നുമൊക്കെയുള്ള നിര്‍ദ്ദേശങ്ങളും ആളുകളില്‍ എതിര്‍പ്പുണ്ടാക്കി.ട്രാവലേഴ്സിന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ അയര്‍ലണ്ടിലേക്ക് പ്രവേശിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയതും ദോഷംചെയ്തു.ഡിസംബര്‍ തുടക്കത്തില്‍ രോഗത്തിന്റെ തോത് കുറവായിരുന്നതിനാല്‍ അതിര്‍ത്തി അടച്ചിടുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. ക്രിസ്മസിന് മുമ്പ് കഠിനമായ നിയന്ത്രണങ്ങള്‍ കുറയ്ക്കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നും വളരെ സമ്മര്‍ദ്ദമുണ്ടായി.രോഗവ്യാപനത്തെ ഗൗരവമായി കണ്ട് ക്രിസ്മസ് രാവോടെ തന്നെ കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക് രാജ്യം തിരിച്ചു പോയിരുന്നു. പുതുവല്‍സരാഘോഷങ്ങളൊന്നും കാര്യമായി സംഘടിപ്പിച്ചിരുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഉപപ്രധാനമന്ത്രിയുടെ നിരീക്ഷണം
ജനുവരി മുതല്‍ അടച്ച ബിസിനസ്സുകള്‍ ഫെബ്രുവരി അവസാനം വരെയോ മാര്‍ച്ച് അവസാനം വരെയോ അടച്ചിടുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. കോവിഡ് കേസുകള്‍ കുറഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും ഈ വലിയ ഉയര്‍ച്ചയില്‍ ആ കുറവ് കാണാതെ പോകുന്നതാണെന്നും വരദ്കര്‍ അഭിപ്രായപ്പെട്ടു.
അയര്‍ലണ്ട് വാക്സിനേഷന്റെ കാര്യത്തില്‍ ഷെഡ്യൂളിന് മുന്നിലാണ്.നഴ്സിംഗ് ഹോം ജീവനക്കാര്‍, ആരോഗ്യ പരിപാലന തൊഴിലാളികള്‍, പ്രായമായവര്‍, അടിസ്ഥാന വ്യവസ്ഥകളുള്ളവര്‍ എന്നിവര്‍ക്ക് ഈസ്റ്ററോടെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കും.മരണനിരക്ക് 98 ശതമാനം വരെ കുറയ്ക്കാനും ആശുപത്രി പ്രവേശനം കുറയ്ക്കാനും ഇത് പ്രാപ്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിന്‍ ലഭ്യമാകുന്നതോടെ ഈസ്റ്ററിന് ശേഷം ജിപികള്‍, ഫാര്‍മസികള്‍, മാസ് ടെസ്റ്റിംഗ് സെന്ററുകള്‍ എന്നിവയിലൂടെ ഓരോ ആഴ്ചയും ഒരു ലക്ഷം ജനങ്ങള്‍ക്ക് വാക്സിനേഷന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും വരദ്കര്‍ വ്യക്തമാക്കി.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IboSb4NKS6dIzYRDsr5Cvv
Comments are closed.