head1
head3

അയര്‍ലണ്ടില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരന്‍

കോര്‍ക്ക് : മലയാളി യുവതി ദീപ ദിനമണി (38)യെ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവ് റെജിന്‍ രാജന്‍(43)കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പിടിവലിക്കിടെ അബദ്ധത്തില്‍ കത്തി കഴുത്തില്‍ തറച്ചുകയറുകയായിരുന്നുവെന്ന റെജിന്റെ വാദം കോടതി അംഗീകരിച്ചില്ല.

കോര്‍ക്കിലെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയില്‍ ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടങ്ങുന്ന ജൂറി അഞ്ച് മണിക്കൂറിലധികം നീണ്ട കൂടിയാലോചനയ്ക്ക് ശേഷം ഏകകണ്ഠമായാണ് റെജിന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.ഇതേ തുടര്‍ന്ന് ജസ്റ്റിസ് ഷിവോണ്‍ ലങ്ക്ഫോര്‍ഡ് മെയ് 2 വരെ ഇയാളെ കസ്റ്റഡിയില്‍ വിട്ടു.

ശിക്ഷ വിധിക്കുന്നത് കേള്‍ക്കാന്‍ ദീപദിനമണിയുടെ ഏക സഹോദരന് കോടതി അവസരമൊരുക്കും.2023 ജൂലൈ 14ന് കോര്‍ക്ക് സിറ്റിയിലെ വില്‍ട്ടണിലെ വീട്ടിലാണ് ദീപ കൊല്ലപ്പെട്ടത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ജീവനെടുത്തത്.

ദീപ 2023 മാര്‍ച്ചിലാണ് ഭര്‍ത്താവ് റെജിന്‍ രാജനും അഞ്ച് വയസ്സുള്ള മകനുമൊപ്പം കോര്‍ക്കിലെത്തിയത്. ഒരു ധനകാര്യ സ്ഥാപനത്തിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്ായിരുന്നു ദീപ. ഇവരുടെ കുടുംബ ജീവിതം പ്രശ്നമയമായിരുന്നു. ദീപ വിവാഹമോചനത്തിന് തയ്യാറെടുക്കുകയായിരുന്നു.ഇതിനിടെയാണ് കൊലപാതകത്തിലേക്ക് സംഭവങ്ങള്‍ വഴിമാറിയത്.

ഭാര്യയെ കൊലപ്പെടുത്തിയ റെജിന്‍ ഈ വിവരം 999ല്‍ വിളിച്ചറിയിക്കുകയായിരുന്നു.തന്റെ പാസ്‌പോര്‍ട്ട് ദീപ തടഞ്ഞുവെച്ചു.അതാവശ്യപ്പെട്ടത് തര്‍ക്കമായി. തന്റെ മുറിയില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ദീപ പറഞ്ഞു.താന്‍ ഇറങ്ങി പോയില്ല.ഉടനെ തന്നെ ദീപ കിടപ്പുമുറിയിലെ മേശയിലുണ്ടായിരുന്ന കത്തിയെടുത്തു.ഈ കത്തി താന്‍ വാങ്ങിയതായിരുന്നു. അതെങ്ങനെയാണ് ദീപയുടെ മേശപ്പുറത്തുവന്നതെന്ന് അറിയില്ല.

കത്തിയ്ക്ക് വേണ്ടി പിടിവലിയുണ്ടായി.അതിനിടെ കത്തി ദീപയുടെ കഴുത്തില്‍ അബദ്ധത്തില്‍ കുത്തിക്കയറി.ആകെ ഞെട്ടിപ്പോയി.അതിനാലാണ് അംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിക്കാന്‍ കഴിയാഞ്ഞത്.ഒരിക്കലും ദീപയെ ഉപദ്രവിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല-ഇങ്ങനെയൊക്കെയായിരുന്നു രാജന്റെ വാദം.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JzpXB775jusJD1C2xHcFqm</

Comments are closed.