head1
head3

ആശ്വാസം തന്നെ ബജറ്റ് , ആരോഗ്യമേഖലയില്‍ ആറായിരം പേരെ റിക്രൂട്ട് ചെയ്യും,വാടകക്കാര്‍ക്ക് ആയിരം യൂറോയുടെ ടാക്‌സ് ക്രഡിറ്റ്, എനര്‍ജി ബില്ലില്‍ 600 യൂറോ ഇളവ് ചെയ്യും

ഡബ്ലിന്‍ : ജീവിതച്ചെലവ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന അയര്‍ലണ്ടിലെ ജനസമാന്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റ് ധനമന്ത്രി പാസ്‌കല്‍ ഡോണ അവതരിപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ഐറിഷ് മലയാളി’ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പ്രവചിച്ചിരുന്നതെല്ലാം ഒന്നൊഴിയാതെ ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തിലും ഉണ്ടായിരുന്നു.യാതൊരു രഹസ്യങ്ങളും ഇല്ലാത്ത ഒരു സംവിധാനമാണ് ഐറിഷ് ബജറ്റിനുള്ളതെന്ന് ഒരിക്കല്‍ കൂടി തെളിയിക്കാന്‍ സര്‍ക്കാരിനായി !

11 ബില്യണ്‍ യൂറോയുടെ പാക്കേജാണ് പബ്ലിക് എക്സ്പെന്റിച്ചര്‍ മന്ത്രി പ്രഖ്യാപിച്ചത്.എല്ലാ കുടുംബങ്ങള്‍ക്കും 600 യൂറോയുടെ എനര്‍ജി ക്രെഡിറ്റും വരുമാന നികുതി കട്ട് ഓഫ് പോയിന്റ് 40,000 യൂറോയാക്കിയതുമുള്‍പ്പെടെ പ്രതീക്ഷിച്ചിരുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഏറെയും.

വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് ആയിരം യൂറോയുടെ ടാക്‌സ് ക്രഡിറ്റ് പ്രഖ്യാപിച്ചത് 400,000 ആളുകള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം അഞ്ഞൂറ് യൂറോയും 2023ല്‍ രണ്ടാമത്തെ ഗഡുവായി 500 യൂറോയുമാണ് ടാക്‌സ് ക്രെഡിറ്റായി ലഭിക്കുക.

ഓരോ വീടുകള്‍ക്കും മൊത്തം 600 യൂറോയുടെ വൈദ്യുതി ക്രെഡിറ്റുകള്‍ 200 യൂറോയുടെ മൂന്ന് ഗഡുക്കളായി നല്‍കുമെന്ന് പൊതു ചെലവ് പരിഷ്‌കരണ മന്ത്രി മൈക്കല്‍ മഗ്രാത്ത് അറിയിച്ചു.

ചൈല്‍ഡ് ബെനിഫിറ്റിന് പ്രഖ്യാപിച്ചിരിക്കുന്ന ഇരട്ടി പേയ്മെന്റ് നവംബര്‍ മാസത്തില്‍ ലഭിക്കും., ഉദാഹരണമായി രണ്ട് കുട്ടികളുള്ള ഒരു കുടുംബത്തിന് 280 യൂറോയും നാല് കുട്ടികളുള്ള ഒരു കുടുംബത്തിന് 560 യൂറോയും അധികമായി ലഭിക്കും.

കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുള്ള രക്ഷിതാക്കള്‍ക്ക് ഈ വര്‍ഷം വിദ്യാര്‍ത്ഥികളുടെ ഫീസില്‍ 1,000 യൂറോ കുറവ് വരുത്തും. അടുത്ത വര്‍ഷം ഗാര്‍ഹിക വരുമാനം അനുസരിച്ച് € 500 നും € 1,500 നും ഇടയിലുള്ള കുറവും ലഭിക്കും.

ഹെല്‍ത്ത് കെയര്‍ പാക്കേജിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ വിവിധ സംവിധാനങ്ങളിലുടനീളം നഴ്‌സുമാരടക്കം 6,000 പുതിയ ജീവനക്കാരെ അധികമായി റിക്രൂട്ട് ചെയ്യും, അതേസമയം 650 പുതിയ അക്യൂട്ട്, കമ്മ്യൂണിറ്റി ബെഡ്ഡുകള്‍ 2023 അവസാനത്തോടെ ആരോഗ്യ സേവന സൗകര്യങ്ങളില്‍ കൂട്ടിച്ചേര്‍ക്കും

ആരോഗ്യ മേഖലയ്ക്ക് 23.4 ബില്യണ്‍

ആരോഗ്യ മേഖലയ്ക്ക് മാത്രം 23.4 ബില്യണ്‍ യൂറോയുടെ പാക്കേജാണ് ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്.

ഹോസ്പിറ്റലില്‍ ഇനി ഇന്‍പേഷ്യന്റ് ചാര്‍ജുകളില്ല

സൗജന്യ ജി പി പരിചരണ പദ്ധതി ആറ്, ഏഴ് വയസ്സ് പ്രായമുള്ള കുട്ടികളെക്കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കും .ശരാശരിയോ അതില്‍ താഴെയോ വരുമാനമുള്ള 40,0000ധികം ആളുകള്‍ക്ക് സൗജന്യമായി പരിചരണം ലഭിക്കുന്ന സ്‌കീമാണ് ഇപ്പോള്‍ നീട്ടുന്നത്.

സൗജന്യ ഗര്‍ഭനിരോധനത്തിനുള്ള പ്രായ പരിധി 16-30 ആക്കി ഉയര്‍ത്തി.നിലവിലിത് 17 മുതല്‍ 25 വരെയാണ് .ഐ വി എഫ് ചികിത്സ, വുമണ്‍ ഹെല്‍ത്ത് ഹബ്ബുകള്‍,സ്‌ക്രീനിംഗ് സൗകര്യങ്ങള്‍ എന്നിവയുള്‍പ്പടെ അധിക ധനസഹായവും ലഭ്യമാക്കും. ആരോഗ്യ മേഖലയ്ക്ക് 439 മില്യണ്‍ യൂറോ

കോവിഡ് വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിന് 439 മില്യണ്‍ യൂറോ അനുവദിക്കും. പി പി ഇ, ടെസ്റ്റിംഗ് & ട്രേസിംഗ്, വാക്സിനേഷന്‍ തുടങ്ങിയ പൊതുജനാരോഗ്യ നടപടികള്‍ക്കായാണ് തുക അനുവദിക്കുക

പ്രായമായവരെയും വൈകല്യമുള്ളവരെയും സഹായിക്കുന്നതിനുള്ള പ്രത്യേക സ്‌കീമുകളും ബജറ്റ് പ്രഖ്യാപിച്ചു.

വികലാംഗര്‍ക്കുള്ള പുതിയ സ്‌കീമുകള്‍ക്കായി 29 മില്യണ്‍ യൂറോ ഉള്‍പ്പെടെ 138 മില്യണ്‍ യൂറോയുടെ ധനസഹായമാണ് നീക്കിവെച്ചിട്ടുള്ളത്. വികലാംഗ ശേഷിക്കനുസരിച്ച് അധിക വിശ്രമവും ഡേ സര്‍വ്വീസും താമസ സ്ഥലങ്ങളും നല്‍കും.

പ്രായമായവരെ സഹായിക്കുന്നതിന് 150 മില്യണ്‍ യൂറോയാണ് ചെലവിടുക. ഇതിലുള്‍പ്പെട്ട വയോജന സൗഹൃദ ഹോം പ്രോഗ്രാമിന് മാത്രം 18 മില്യണ്‍ യൂറോയും നല്‍കും.

വീട്ടില്‍ കഴിയുന്ന വൃദ്ധരെ സഹായിക്കാനും ദേശീയ ഡിമന്‍ഷ്യ തന്ത്രം രൂപപ്പെടുത്തല്‍, പ്രായമായവര്‍ക്കുള്ള സുരക്ഷാ നയം എന്നിവയൊക്കെ ബജറ്റ് പ്രഖ്യാപനങ്ങളാണ്.

മാനസിക ചികില്‍സാ രംഗം ശക്തിപ്പെടുത്തുന്നതിന് പുതിയ നിയമനങ്ങള്‍ക്കുള്‍പ്പടെ 58 മില്യണ്‍ യൂറോ അനുവദിക്കും

ആരോഗ്യ മേഖലയ്ക്ക് വേണ്ടി നീക്കിവെച്ച 23 ബില്യണ്‍ യൂറോ എങ്ങനെ ചെലവഴിക്കും എന്നതിനെക്കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കണമെന്ന് ഐറിഷ് നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് ഓര്‍ഗനൈസേഷന്റെ ജനറല്‍ സെക്രട്ടറി ഫില്‍ നി ഷെഗ്ദ ആവശ്യപ്പെട്ടു.

”ആരോഗ്യ വകുപ്പിന് അനുവദിച്ച പണം ശരിയായ ജീവനക്കാരെ ലഭിക്കുന്നതിനും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സ്ലെയിന്‍ടെകെയര്‍ വിഭാവനം ചെയ്യുന്ന സാര്‍വത്രിക പരിചരണ മാതൃകയിലേക്ക് മാറുന്നതിനും ചെലവഴിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതുണ്ട്.അവര്‍ പറഞ്ഞു.

”ആരോഗ്യ മേഖലയിലുടനീളം 6,000 തൊഴിലാളികള്‍ക്ക് അധികമായി ജോലി  നൽകുമെന്ന് മന്ത്രി മഗ്രാത്തിന്റെ ഇന്നത്തെ പ്രസംഗത്തില്‍ പറയുമ്പോഴും , എത്ര നഴ്‌സുമാരെയും മിഡ്വൈഫുകളെയും റിക്രൂട്ട് ചെയ്യുമെന്ന് കൃത്യമായി പറയുന്നില്ല.നഴ്‌സുമാരുടെയും മിഡൈ്വഫുമാരുടെയും റിക്രൂട്ട്‌മെന്റും റീട്ടെന്‍ഷനും കാര്യക്ഷമമാക്കിയാലേ ആരോഗ്യമേഖലയിലെ നിക്ഷേപം ഫലപ്രദമാക്കാനാവുകയുള്ളു എന്ന് സര്‍ക്കാര്‍ ഓര്‍മ്മിക്കണമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

സാധാ ജനങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസം നല്‍കുന്നതാണ് ബജറ്റെന്നാണ് പൊതുവിലയിരുത്തല്‍.പാര്‍പ്പിട, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക സുരക്ഷാ മേഖലയിലെല്ലാം ജനങ്ങളെ പിന്തുണയ്ക്കുന്നതാണ് ബജറ്റ്.

ചൈല്‍ഡ് കെയര്‍ കോസ്റ്റില്‍ നാലിലൊന്ന് കുറവ് ഉറപ്പ് വരുത്തുന്നതാണ് ഇന്നത്തെ ബജറ്റ്.

ഹൗസിംഗ് ഫോര്‍ ഓള്‍,കാലാവസ്ഥാ പ്രവര്‍ത്തന പദ്ധതികള്‍ എന്നിവയ്ക്കായി 4,800 അധിക അപ്രന്റിസ്ഷിപ്പുകള്‍ക്കും 4,000 രജിസ്ട്രേഷനുകള്‍ക്കും ധനസഹായം നല്‍കുമെന്നും ബജറ്റ് പറയുന്നു.

ബ്രക്‌സിറ്റ് പ്രത്യാഘാതം നേരിടുന്ന മേഖലകളില്‍ 11,000ത്തിലധികം അപ് സ്‌കില്ലിംഗ് ,റീ സ്‌കില്ലിംഗ് അവസരങ്ങളും 2,000ലധികം സ്‌കില്‍നെറ്റ് പ്ലേസുകളും. ഒഴിവുകള്‍ നികത്തുന്നതിനും നഗരപ്രദേശങ്ങളിലെ പുനരുജ്ജീവന സ്‌കീമുകള്‍ക്കുമായി 61 മില്യണ്‍ യൂറോയും വകയിരുത്തും.പബ്ലിക് എക്സ്പെന്റിച്ചര്‍ ഇനത്തില്‍ 90.4 ബില്യണ്‍ യൂറോയാണ് നീക്കിവെച്ചിട്ടുള്ളത്. ഇതില്‍ 85.9 ബില്യണ്‍ കോര്‍ എക്സ്പെന്റിച്ചറാണ്.

കൂടുതല്‍ അധ്യാപകര്‍… സൗജന്യ പാഠ പുസ്തകങ്ങള്‍

അടുത്ത വര്‍ഷം സെപ്തംബര്‍ മുതല്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ സ്‌കൂള്‍ പുസ്തകങ്ങള്‍ ലഭിക്കും

നിലവിലെ 300 ഓളം കെട്ടിട പദ്ധതികളുടെ നിര്‍മ്മാണത്തിനുള്ള 860 മില്യണ്‍ യൂറോയുടെ ക്യാപിറ്റല്‍ ഫണ്ട് ഉള്‍പ്പെടെ 9.6 ബില്യണ്‍ യൂറോയാണ് വിദ്യാഭ്യാസ വകുപ്പിന് സര്‍ക്കാര്‍ അനുവദിച്ചത്.പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളെയടക്കം സഹായിക്കുന്നതിന് 686 അധ്യാപകരെ കൂടുതലായി നിയമിക്കും.എല്ലാ പ്രൈമറി സ്‌കൂളുകള്‍ക്കുമായി സ്റ്റാഫ് ഷെഡ്യൂളില്‍ ഒരു പോയിന്റ് കുറയ്ക്കും. 370 അധിക അധ്യാപക തസ്തികകളും സൃഷ്ടിക്കും.സമ്മര്‍ പ്രോഗ്രാം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടും.

തുടര്‍ വിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമായി 4 ബില്യണ്‍ യൂറോ.

തുടര്‍ വിദ്യാഭ്യാസ ഗവേഷണത്തിന് 3.9 ബില്യണ്‍ യൂറോ

ഉന്നത വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിന് 150 മില്യണ്‍ യൂറോ അധിക ഫണ്ടിംഗ്

തേര്‍ഡ് ലെവല്‍ വിദ്യാര്‍ഥികളുടെ കോണ്‍ട്രിബ്യൂഷന്‍ ഫീസില്‍ ഒറ്റത്തവണയായി 1,000യൂറോ നല്‍കും.

പ്രതിമാസ എസ് യു എസ് ഐ ഗ്രാന്റ് പേയ്‌മെന്റും ഒറ്റത്തവണ ഇരട്ടിയാക്കി

ബിരുദധാരികള്‍ക്കുള്ള ഗ്രാന്റില്‍ ഒറ്റത്തവണ 1,000യൂറോയുടെ വര്‍ദ്ധനവ് പ്രഖ്യാപിച്ചു.

ഭവന വകുപ്പിന് റെക്കോഡ് ധനസഹായം

ഭവന വകുപ്പിന് റെക്കോഡ് തുകയാണ് മന്ത്രി വകയിരുത്തിയത്.6.2 ബില്യണ്‍ യൂറോയാണ് അനുവദിച്ചത്. ഈ തുകയില്‍3.5 ബില്യണ്‍ യൂറോയും കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റാണ്.

ഹെല്‍പ് റ്റു ബൈ സ്‌കീം 2024 വരെ നീട്ടി.

ഹൗസിംഗ് ഫോര്‍ ഓള്‍, നാഷണല്‍ ഡവലപ്മെന്റ് പ്ലാന്‍ എന്നിവയ്ക്ക് കീഴില്‍, സോഷ്യല്‍, അഫോര്‍ഡബിള്‍ വീടുകള്‍, കോസ്റ്റ് റെന്റല്‍ ഹോമുകള്‍ എന്നിവയ്ക്ക് 4.5 ബില്യണ്‍ യൂറോ അനുവദിക്കും

9,100 വീടുകള്‍ സോഷ്യല്‍ ഹൗസിംഗ് ലക്ഷ്യം നേടുന്നതിനായി 1.7 ബില്യണ്‍ യൂറോയും 2023ല്‍ വകുപ്പിന് അനുവദിക്കും.

അംഗീകൃത ഹൗസിംഗ് ബോഡികള്‍ (എ എച്ച് ബി ) മുഖേന 6500 അഡീഷണല്‍ സോഷ്യല്‍ ഹൗസിംഗ് യൂണിറ്റുകള്‍ക്കായി 99 മില്യണ്‍ യൂറോയുടെ പദ്ധതി മന്ത്രി പ്രഖ്യാപിച്ചു

മൂന്ന് പദ്ധതികളിലൂടെ വീടുകള്‍ക്കായി അഫോര്‍ഡബിള്‍ ഹൗസിംഗിലുള്‍പ്പെടുത്തി 5000 വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള വിഹിതം 215 മില്യണ്‍ യൂറോയാക്കി ഉയര്‍ത്തി. ഇക്കുറി 40മില്യണ്‍ യൂറോയുടെ വര്‍ധനവാണ് വരുത്തിയത്.

ഹോംലെസ്്നെസ് സര്‍വ്വീസുകള്‍ക്ക് 215മില്യണ്‍ യൂറോ നീക്കിവെച്ചു. 21 മില്യണ്‍ യൂറോയാണ് കൂടുതലായി അനുവദിച്ചത്.

ഔട്ട്‌പേഷ്യന്റ്, ഡേ-കേസ്, ഇന്‍പേഷ്യന്റ് കെയര്‍ എന്നിവയ്ക്കുള്ള രോഗികളുടെ വെയിറ്റിംഗ് ലിസ്റ്റുകളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് 443 മില്യണ്‍ യൂറോയുടെ മൊത്തത്തിലുള്ള പാക്കേജ് പ്രഖ്യാപിച്ചു. അടുത്ത വര്‍ഷത്തേയ്ക്ക് 225 മില്യണ്‍ യൂറോയും അനുവദിച്ചു.

ഓറല്‍ ഹെല്‍ത്ത് സേവനങ്ങള്‍ക്കായി 5 മില്യണ്‍ യൂറോ അധിക ഫണ്ടും ഓറല്‍ ഹെല്‍ത്ത് ബാക്ക്‌ലോഗുകള്‍ പരിഹരിക്കുന്നതിന് 9 മില്യണ്‍ യൂറോയുടെ പ്രത്യേക സഹായവും ലഭിക്കും.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.