head1
head3

അയര്‍ലണ്ട് ‘ ടെക്നിക്കല്‍ റിസഷനില്‍’….തുടര്‍ച്ചയായ രണ്ടാം പാദത്തിലും ജി ഡി പി ഇടിയുന്നു

ഡബ്ലിന്‍ :ഉയര്‍ന്ന നികുതി വരുമാനവും റെക്കോഡ് ജോലികളുമൊക്കെ അവകാശപ്പെടുമ്പോഴും അയര്‍ലണ്ടിന്റെ സാമ്പത്തിക വ്യവസ്ഥ ‘സേയ്ഫ് ‘അല്ലെന്ന് സി എസ് ഒ റിപ്പോര്‍ട്ട്. തുടര്‍ച്ചയായി രണ്ടു പാദങ്ങളില്‍ ജി ഡി പിയില്‍ കുറവുണ്ടായതാണ് ഇത്തരമൊരു നിരീക്ഷണത്തിന് ഇടയാക്കിയത്.

ഈ വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ ബഹുരാഷ്ട്ര കമ്പനി മേഖലയുടെ മൂല്യം 9 ശതമാനം ചുരുങ്ങിയെന്ന് സി എസ് ഒ പറയുന്നു.നിക്ഷേപവും തൊഴിലും നല്‍കുന്നതില്‍ നിന്നും വന്‍കിട സ്ഥാപനങ്ങളുടെ പിന്നോക്കം പോയതാണ് ഈ വിടവുണ്ടാക്കിയതെന്നാണ് അനുമാനിക്കുന്നത്.ഇത് സമ്പദ് വ്യവസ്ഥയുടെ മുന്നോട്ടുപോക്കിനെ വളരെ ദോഷകരമായി ബാധിക്കുമെന്നും സി എസ് ഒ വിലയിരുത്തുന്നു.

കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ജി ഡി പിയില്‍ നേരിയ കുറവുണ്ടായിരുന്നു. ഇത് ഈ വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറിലും തുടര്‍ന്നതാണ് രാജ്യം ടെക്നിക്കല്‍ റിസഷനിലാണെന്ന സി എസ് ഒ നിരീക്ഷണത്തിന് അടിവരയിടുന്നത്.ഒരു രാജ്യത്തിന്റെ ജി ഡി പി തുടര്‍ച്ചയായി കുറയുന്നത് റിസഷന്റെ സാര്‍വ്വദേശീയ അളവുകോലായി വിലയിരുത്തപ്പെടുന്ന ഒന്നാണ്.

ഈ കാലയളവിലാകെ രാജ്യത്തിന്റെ ജി ഡി പി 2.8% ചുരുങ്ങിയെന്ന് സി എസ് ഒ സ്ഥിരീകരിക്കുന്നു.2023ലെ ആദ്യ മൂന്ന് മാസത്തെ ജി ഡി പിയുടെ തോതും കഴിഞ്ഞ വര്‍ഷത്തെ അവസാന പാദത്തിലേതുമായി ഒത്തുനോക്കിയാണ് സി എസ് ഒ ഈ അന്തരം വെളിപ്പെടുത്തിയത്.

ബഹുരാഷ്ട്ര കമ്പനികള്‍ പിന്നോട്ട്

അയര്‍ലണ്ടിലെ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ അദൃശ്യ ആസ്തികളിലെ നിക്ഷേപത്തില്‍ 16.5 ശതമാനം ഇടിവുണ്ടായെന്ന് സി എസ് ഒ കണക്കുകള്‍ പറയുന്നു.ലെപ്രെചൗണ്‍ ഇക്കണോമിക്സ് ഇഫക്റ്റ് എന്നു വിളിക്കപ്പെടുന്ന ഈ ജി ഡി പി പ്രതിഭാസം അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥയില്‍ 2015 മുതല്‍ നിലനില്‍ക്കുന്നതാണ്.അയര്‍ലണ്ടിലെ ബഹുരാഷ്ട്ര കമ്പനികളുടെ അദൃശ്യ ആസ്തികളിലെ നിക്ഷേപങ്ങളുടെ പെരുപ്പിച്ച കണക്കുകള്‍ രാജ്യത്തിന്റെ സാമ്പത്തിക ഡാറ്റയെ വളച്ചൊടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

വളര്‍ച്ചയുടെ പ്രതീക്ഷകളും

അതേസമയം, രാജ്യത്തിന്റെ ആഭ്യന്തര സമ്പദ് വ്യവസ്ഥയില്‍ നേരിയ വളര്‍ച്ചയുണ്ടായെന്നും സി എസ് ഒ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.വ്യക്തിഗത, സര്‍ക്കാര്‍, നിക്ഷേപ ചെലവുകളടങ്ങുന്ന മോഡിഫൈഡ് ഡൊമസ്റ്റിക് ഡിമാന്‍ഡ് (എം ഡി ഡി) 2023ന്റെ ആദ്യ പാദത്തില്‍ 0.1 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി.കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ഐറിഷ് സമ്പദ്വ്യവസ്ഥ 500 ബില്യണ്‍ യൂറോ എന്ന റെക്കോര്‍ഡ് വളര്‍ച്ചയില്‍ എത്തിയതായും കണക്കുകള്‍ കാണിക്കുന്നു.

സപ്ലൈ, ഗതാഗതം, ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ മേഖലകള്‍ 16.9 ശതമാനം വര്‍ധനവുണ്ടാക്കിയപ്പോള്‍ കൃഷി, വനം, മത്സ്യബന്ധന മേഖലകള്‍ 6.3 ശതമാനവും ഉയര്‍ന്നു.അതിനിടെ ധനകാര്യ, ഇന്‍ഷുറന്‍സ് മേഖല 7.8 ശതമാനം ചുരുങ്ങിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.കയറ്റുമതിയും ബഹുരാഷ്ട്ര കമ്പനികളുടെ ശക്തമായ വളര്‍ച്ചയും കാരണം ജിഡിപിയില്‍ കഴിഞ്ഞ വര്‍ഷം 9.4 ശതമാനം വളര്‍ച്ച നേടിയെന്നും സി എസ് ഒ പറയുന്നു.ആഭ്യന്തര ഡിമാന്‍ഡില്‍ 2022 ല്‍ 6.7 ശതമാനം വര്‍ധനവുമുണ്ടായി.കോവിഡിന് മുമ്പുള്ള നിലയെ മറി കടന്ന് വ്യക്തിഗത ചെലവ് 9.4 ശതമാനം ഉയര്‍ന്നു.

പ്രോല്‍സാഹജനകമെന്ന്
സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനെയാണ് ഇത് കാണിക്കുന്നതെന്ന് ധനമന്ത്രി മീഹോള്‍ മഗ്രാത്ത് പറഞ്ഞു.ഉയര്‍ന്ന പണപ്പെരുപ്പ നിരക്കിലും ഉപഭോക്തൃ, നിക്ഷേപ ചെലവുകളില്‍ വര്‍ധനവ് ഉണ്ടാകുന്നത് പ്രോത്സാഹജനകമാണെന്നും മന്ത്രി നിരീക്ഷിച്ചു.

പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഇല്ലാതായതിന്റെ പ്രതിഫലനമാണ് ഈ വളര്‍ച്ചയില്‍ തെളിയുന്നതെന്ന് സി എസ് ഒ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ജെന്നിഫര്‍ ബാനിം പറഞ്ഞു,

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.