head3
head1

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അയര്‍ലണ്ടിനോടുള്ള ഇഷ്ടം കൂടുന്നുവെന്ന് പഠനം

ഡബ്ലിന്‍ : ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അയര്‍ലണ്ടിനോടുള്ള ഇഷ്ടം വന്‍തോതില്‍ വര്‍ദ്ധിക്കുന്നതായി വിവിധ  പഠന റിപ്പോര്‍ട്ടുകൾ .അയര്‍ലണ്ടിനോടുള്ള ഇഷ്ടത്തില്‍ 38% വര്‍ദ്ധനവുണ്ടായെന്ന് ഇന്ത്യയിലുടനീളമുള്ള വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, കൗണ്‍സിലര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി നടത്തിയ ഒരു  പഠനം പറയുന്നു.

ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം (എന്‍ ഇ പി), യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നീ പരിഷ്‌കാരങ്ങളുമായി ഒത്തുപോകാന്‍ അയര്‍ലണ്ടിനാകുന്നുണ്ടെന്നതും ഈ വളര്‍ച്ചയില്‍ വലിയ കാര്യമാണ്.സ്റ്റുഡന്റ് എക്‌സ്‌ചേയ്ഞ്ച്, അന്താരാഷ്ട്രവല്‍ക്കരണം, ഇന്ത്യയ്ക്കുള്ളില്‍ വിദേശ കാമ്പസുകള്‍ സ്ഥാപിക്കല്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതാണിത്.

അയര്‍ലണ്ടിന്റെ അക്കാദമിക് മികവ്, താങ്ങാനാവുന്ന ചെലവുകള്‍, സുരക്ഷ, തൊഴില്‍ക്ഷമത എന്നിവയുടെ മികവിലാണ് ഈ നേട്ടമെന്നും പഠനം തെളിയിക്കുന്നു.2013ല്‍ 700 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ തുടങ്ങിയതാണ് അയര്‍ലണ്ടിന്റെ ഇന്ത്യന്‍ യാത്ര.2023/24ല്‍ എന്റോള്‍മെന്റുകള്‍ 9,000 കവിഞ്ഞു. അഞ്ച് വര്‍ഷത്തിനുള്ളില്‍ 120% വര്‍ദ്ധനവാണുണ്ടായത്. 2024ല്‍ 7,60,000 വിദ്യാര്‍ത്ഥികളെയാണ് ഇന്ത്യ വിദേശത്തേക്ക് അയച്ചത്. 2024ല്‍ മൊത്തത്തിലുള്ള ഇന്ത്യയുടെ ഔട്ട്ബൗണ്ട് മൊബിലിറ്റി 15% കുറഞ്ഞു.അപ്പോള്‍ പോലും, അയര്‍ലണ്ടിനോടുള്ള താല്‍പര്യം 38% വര്‍ദ്ധിച്ചുവെന്ന് പഠനം പറയുന്നു.

മാര്‍ക്കറ്റിംഗ് പരസ്യത്തിലൂടെയല്ല, വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പ്രതികരണങ്ങള്‍, കൗണ്‍സിലര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിവയിലൂടെ സൃഷ്ടിക്കപ്പെട്ട വിശ്വാസമാണ് ഈ വളര്‍ച്ചയെ ശ്രദ്ധേയമാക്കുന്നതെന്ന് പഠനം പറയുന്നു.ബിരുദങ്ങള്‍ക്കൊപ്പം ജീവിതവും നല്‍കുന്ന രാജ്യമായാണ് ഇന്ത്യന്‍ കുടുംബങ്ങള്‍ അയര്‍ലണ്ടിനെ കാണുന്നത്.
മികച്ച അക്കാദമിക് നേട്ടം
ആറ് ഐറിഷ് സര്‍വകലാശാലകള്‍ ലോകത്തിലെ മികച്ച 500ല്‍ ഇടം നേടിയെന്നതും അയര്‍ലണ്ടിന്റെ അക്കാദമിക് മികവിന്റെ സാക്ഷ്യമാണ്.സ്‌റ്റെം, എ ഐ, സസ്‌റ്റെയ്‌നബിലിറ്റി, ഡാറ്റാ സയന്‍സ്, സൈബര്‍ സുരക്ഷ എന്നിവയില്‍ അയര്‍ലണ്ടിന്റെ പ്രശസ്തിയും മറ്റൊരു പ്രേരണയാണ്.
ചെലവ് കുറവ്
ട്യൂഷനും ജീവിതച്ചെലവുമായി ബന്ധപ്പെട്ട ചെലവുകള്‍ യു എസിലോ യു കെയിലോ ഉള്ളതിനേക്കാള്‍ 30-40% കുറവാണ്.ഒരു വര്‍ഷത്തെ മാസ്റ്റേഴ്സ് പ്രോഗ്രാമുകള്‍ സമയവും ചെലവും നല്‍കുന്നു. ഇവയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
തൊഴില്‍ ഉറപ്പ്
80% ബിരുദധാരികളും ഒമ്പത് മാസത്തിനുള്ളില്‍ തൊഴില്‍ ഉറപ്പാക്കുന്നതാണ് മറ്റൊരു മെച്ചം.ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഫൈസര്‍ എന്നിവയുള്‍പ്പെടെ 1,800ലേറെ ആഗോള കമ്പനികളാണ് ശക്തമായ കരിയര്‍ വാഗ്ദാനം ചെയ്യുന്നത്.
സുരക്ഷിതമായ ഇടം
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മൂന്നാമത്തെ രാജ്യമായി അയര്‍ലണ്ട് റാങ്ക് ചെയ്യപ്പെടുന്നു.60,000ത്തിലധികം ഇന്ത്യക്കാര്‍ ഇതിനകം അയര്‍ലണ്ടില്‍ സ്ഥിരതാമസമുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.സമീപകാലത്തെ അക്രമസംഭവങ്ങളൊക്കെ ,താത്കാലികം മാത്രമായേക്കുമെന്നാണ് നിരീക്ഷണം.
സെക്കന്റ് /തേര്‍ഡ് ലെവല്‍ കോഴ്‌സുകള്‍
അയര്‍ലണ്ടിലെ സെക്കന്റ് /തേര്‍ഡ് ലെവല്‍ കോഴ്‌സുകളോടുള്ള വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യം വര്‍ദ്ധിച്ചതും എടുത്തുപറയേണ്ടതാണെന്ന് പഠനം പറയുന്നു.കോയമ്പത്തൂര്‍, ഗുവാഹത്തി, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ വായ്പകളുടെയും മറ്റും സഹായത്തോടെ അയര്‍ലണ്ടിനെ തിരഞ്ഞെടുക്കുന്നു.
അന്തസ്സ് മാത്രമല്ല കാര്യം
അന്തസ്സ് എന്നതിനേക്കാള്‍ തൊഴിലവസരം, പഠനാനന്തര ജോലി അവസരങ്ങള്‍, താങ്ങാനാവുന്ന ചെലവുകള്‍, നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം എന്നിവയാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനങ്ങളെ നയിക്കുന്നതെന്ന് പഠനം അടിവരയിടുന്നു.

സഹപാഠികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും റഫറലുകള്‍, കൗണ്‍സിലര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം, ആധികാരികമായ സാക്ഷിമൊഴി എന്നിവയും വിദ്യാര്‍ത്ഥികളെ സ്വാധീനിക്കുന്നുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Leave A Reply

Your email address will not be published.