head1
head3

നോണ്‍ വെജിറ്റേറിയന്‍ ആയതിന്റെ പേരില്‍ സിഖുകാരന് വാടക വീട് നിഷേധിച്ചു; സംഭവം സോഷ്യല്‍ മീഡിയയില്‍ വിവാദമായി

ഡബ്ലിന്‍ : നോണ്‍-വെജിറ്റേറിയനായതിനാല്‍ വാടക വീട് നിരസിച്ചതിനെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വിവാദം. ഇന്ത്യക്കാരനായ സിമ്രാന്‍ സിംഗ് ബക്ഷിയ്ക്കും ഗേള്‍ഫ്രണ്ടിനുമാണ് ഭക്ഷണത്തിന്റെ പേരില്‍ വീട് ലഭിക്കാതെ പോയത്. ഇന്ത്യന്‍ ദമ്പതികളാണ് കഥയില്‍ പ്രതിസ്ഥാനത്തെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്.

ഡബിള്‍ റൂമിന്റെ പരസ്യം കണ്ടാണ് സിമ്രാന്‍ സിംഗ് ഇന്ത്യന്‍ ദമ്പതികളെ ബന്ധപ്പെട്ടത്. വീട്ടുടമസ്ഥര്‍ സിമ്രാന്റെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സിഖുകാരനും നോണ്‍ വെജിറ്റേറിയനുമാണെന്നുമറിഞ്ഞതോടെ വീട് തരാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. കൂടുതല്‍ പണം സിമ്രാന്‍ വാഗ്ദാനം ചെയ്തെങ്കിലും വീട്ടുകാര്‍ നിലപാട് മാറ്റാന്‍ തയ്യാറായില്ല.

ഇദ്ദേഹത്തിന്റെ ഗേള്‍ ഫ്രണ്ട് വെജിറ്റേറിയനായിരുന്നു. അതിനാല്‍ അവര്‍ക്ക് ഒരു മുറി നല്‍കാന്‍ സമ്മതിച്ചു. വീട്ടില്‍ നോണ്‍ വെജ് പാചകം ചെയ്യില്ലെന്നും റസ്റ്റോറന്റുകളില്‍ നിന്ന് മാംസം കഴിച്ചുകൊള്ളാമെന്നും തനിയ്ക്കും റൂം തരണമെന്ന് സിമ്രാന്‍ സിംഗ് അഭ്യര്‍ഥിച്ചെങ്കിലും വീട് നല്‍കാന്‍ ഉടമസ്ഥര്‍ തയ്യാറായില്ല. തുടര്‍ന്ന് തന്റെ ദുരനുഭവം ട്വിറ്ററില്‍ പങ്കുവെയ്ക്കുകയായിരുന്നു സിമ്രാന്‍.

സംഭവം സോഷ്യല്‍ മീഡിയയില്‍ വിവാദമായെങ്കിലും ആളുകള്‍ സമ്മിശ്ര വികാരമാണ് പങ്കുവെച്ചത്. ഇന്ത്യന്‍ ദമ്പതികള്‍ ചെയ്തതില്‍ പിഴവൊന്നുമില്ലെന്ന് ഒരു കൂട്ടര്‍ വാദിച്ചപ്പോള്‍, കുറ്റകരമായ വിവേചനമാണ് വീട്ടുടമസ്ഥര്‍ കാണിച്ചതെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടു. വിവേചനം കാണിച്ചതിന് പിഴ ചുമത്തണമെന്ന് പറഞ്ഞവരുമുണ്ടായി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.