head3
head1

ഡബ്ലിന്‍ ഒരുങ്ങി, ഇന്ത്യ പൊരുതി ജയിക്കുന്നത് കാണാന്‍ ജനമൊഴുകിയെത്തും ,മഴ ചതിച്ചില്ലെങ്കില്‍

ഡബ്ലിന്‍: ക്രിക്കറ്റ് ലോകത്തെ കരുത്തരായി ഉദയം ചെയ്യുന്ന ഐറിഷ് ടീമിനോട് പൊരുതാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നാളെ ഡബ്ലിനിലെ മാലഹൈഡ് ക്രീസിലിറങ്ങും.ലോകക്രിക്കറ്റില്‍ ‘കുഞ്ഞന്മാരല്ല ഇപ്പോള്‍ അയര്‍ലണ്ട് ടീം.അതുകൊണ്ട് തന്നെ അത്ര നിസാരമായൊന്നുമല്ല ഇന്ത്യന്‍ ടീമും അയര്‍ലണ്ടിനെ ഇപ്പോള്‍ കണക്കാക്കുന്നതും.

ഡബ്ലിനിലെ ‘ഭാഗ്യപരീക്ഷണത്തിന് ഇന്ത്യന്‍ ടീം കഴിഞ്ഞ ദിവസം തന്നെ ഡബ്ലിനിലെത്തി പ്രാക്ടീസ് തുടങ്ങിയിട്ടുണ്ട്.പക്ഷേ, നിര്‍ഭാഗ്യവശാല്‍, മഴ പ്രവചിക്കപ്പെട്ടതിനാല്‍ മൂന്ന് കളികളിലും കാലാവസ്ഥ ഒരു പങ്കുവഹിച്ചേക്കാം.

വെള്ളിയാഴ്ച, 90 ശതമാനവും മഴ പെയ്യാന്‍ സാധ്യതയുണ്ട് എന്നാണ് ഐറിഷ് കാലാവസ്ഥാ കേന്ദ്രമായ മെറ്റ് ഏറാന്‍ പ്രവചിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഇത്തവണത്തെ കളി അത്ര ശോഭനമാവണമെന്നില്ല. കൂടാതെ, കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ ഹുമിഡിറ്റി 93-ല്‍ കൂടുതലായിരിക്കും.

എന്തായാലൂം അയര്‍ലണ്ടിലെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ആവേശത്തിലാണ്.

സമ്മറിന്റെ അവസാന ആഴ്ചയില്‍ കളി നേരിട്ട് കാണാന്‍ ആശയോടെ , വിദൂരങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് പേര്‍ ഇന്നലെ മുതല്‍ ഡബ്ലിനിലെ ഹോട്ടലുകളില്‍ തമ്പടിച്ചിരിക്കുന്നത് കാണാമായിരുന്നു. അയര്‍ലണ്ടിലെ സ്‌കൂളുകളും,കോളജുകളും അടുത്ത ആഴ്ചയില്‍ അവധി കഴിഞ്ഞ് വീണ്ടും തുറക്കുകയാണ്.അതുകൊണ്ട് തന്നെ കുട്ടികള്‍ അടക്കമുള്ള ഇന്ത്യാക്കാര്‍ ,അവധിയുടെ അവസാന ദിവസങ്ങള്‍ ഇന്ത്യയുടെ നീലപ്പടയ്ക്ക് പിന്തുണ നല്‍കാനായി മാറ്റി വെച്ച് കഴിഞ്ഞു. മാസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റുകള്‍ വാങ്ങി കാത്തിരിക്കുന്നവര്‍ നിരവധിയാണ്.

ഇന്നലെ ഡബ്ലിനില്‍ എത്തിയ ടീം പരിശീലനം ആരംഭിച്ചു കഴിഞ്ഞു.ഇന്നലെ ഡബ്ലിനില്‍ എത്തിയ ടീം അംഗങ്ങളെ സ്വീകരിക്കാനും ,ആശംസകള്‍ അറിയിക്കാനും ,പോലും ആരാധകര്‍ എത്തിയിരുന്നു.

ഇന്ത്യയുടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര

വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയിലെ ഷോക്കിനു ശേഷം ടീം ഇന്ത്യ വീണ്ടുമൊരു ടി20 പരമ്പരയ്ക്കു കച്ചമുറുക്കുമ്പോള്‍ പരീക്ഷണ ടീമിനെയാണ് ഈ പരമ്പരയില്‍ ഇന്ത്യ ഇറക്കുന്നത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, വൈസ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ തുടങ്ങി പ്രധാനപ്പെട്ട കളിക്കാരൊന്നും തന്നെ ഇന്ത്യന്‍ നിരയില്‍ ഇല്ല.

പകരം യുവതാരങ്ങള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിയുള്ള സംഘമാണ് ഇന്ത്യയുടേത്. ഈ മാസം അവസാനത്തോടെ ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പിനു മുന്നോടിയായാണ് മുതിര്‍ന്ന താരങ്ങള്‍ക്കെല്ലാം അയര്‍ലണ്ട് പര്യടനത്തില്‍ ഇന്ത്യ വിശ്രമം നല്‍കിയത്. അതുകൊണ്ടു തന്നെ ഈ പരീക്ഷണ ടീമിനെ വച്ച് പരമ്പര വിജയം കൊയ്യണമെങ്കില്‍ ഇന്ത്യക്കു ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടതായി വരും.

പരിക്കു ഭേദമായി 11 മാസങ്ങള്‍ക്കു ശേഷം മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയിരിക്കുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഒരു വൈറ്റ് ബോള്‍ പരമ്പരയില്‍ അദ്ദേഹം ക്യാപ്റ്റനാവുന്നതും ഇതാദ്യമായിട്ടാണ്. ഇന്ത്യന്‍ നിരയിലെ ചില താരങ്ങളെ സംബന്ധിച്ച് വളരെ നിര്‍ണായകായ ടി20 പരമ്പര കൂടിയാണിത്. കരിയര്‍ രക്ഷിക്കാനും ടീമില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്താനും കസറുകയല്ലാതെ ഇവര്‍ക്കു മുന്നില്‍ മറ്റു വഴികളില്ല.

ഐറിഷ് പര്യടനം ഡു ഓര്‍ ഡൈ ആയി തീര്‍ന്നിരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണന്നു നമുക്കു നോക്കാം. പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ഓപ്പണിങ് ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദാണ് ആദ്യത്തെയാള്‍. നിലവില്‍ ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്തിനു വേണ്ടി വാശിയേറിയ മല്‍സരമാണ് നടക്കുന്നത്. ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍, യശസ്വി ജയ്സ്വാള്‍ എന്നിവരെല്ലാം ഓപ്പണിങ് റോളിനായി രംഗത്തുള്ളവരാണ്.

അതുകൊണ്ടു തന്നെ ഓപ്പണിങില്‍ തന്റെ സ്ഥാനമുറപ്പിക്കണമെങ്കില്‍ അയര്‍ലണ്ടിനെതിരെ റുതുരാജിനു മികച്ച പ്രകടം നടത്തേണ്ടതുണ്ട്. ഗില്ലും ഇഷാനും ഈ പരമ്പരയുടെ ഭാഗമല്ലാത്തതിനാല്‍ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പാണ്. ഇതു പരമാവധി മുതലെടുക്കാനായിരിക്കണം റുതുരാജ് ശ്രമിക്കേണ്ടത്.

യുവ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയാണ് അയര്‍ലണ്ടുമായുള്ള പരമ്പര നിര്‍ണായകമായി തീര്‍ന്നിരിക്കുന്ന രണ്ടാമത്തെ താരം. ജസ്പ്രീത് ബുംറയെപ്പോലെ തന്നെ പരിക്കു കാരണം മാസങ്ങളോളം പുറത്തിരുന്ന ശേഷം കളിക്കളത്തിലേക്കുള്ള പ്രസിദ്ധിന്റെ മടങ്ങിവരവ് കൂടിയാണ് അയര്‍ലണ്ടുമായുള്ള ടി20 പരമ്പര. ഈ ഫോര്‍മാറ്റില്‍ താരത്തിന്റെ അരങ്ങേറ്റം കൂടിയായിരിക്കും പരമ്പരയിലേത്.

ഏകദിനത്തില്‍ പ്രസിദ്ധ് ഇതിനകം കളിച്ചുകഴിഞ്ഞെങ്കിലും ടി20യില്‍ ഇനിയും അരങ്ങേറിയിട്ടില്ല. 2021-22 കാലയളവില്‍ ഇന്ത്യക്കു വേണ്ടി 14 ഏകദിനങ്ങളിലാണ് പേസര്‍ പന്തെറിഞ്ഞിട്ടുള്ളത്. ഇവയില്‍ നിന്നും 5.32 ഇക്കോണമി റേറ്റില്‍ 25 വിക്കറ്റുകളെടുക്കുകയും ചെയ്തു. 12 റണ്‍സിനു നാലു വിക്കറ്റുകളെടുത്തതാണ് പ്രസിദ്ധിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം.

നിലവില്‍ അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്ക് തുടങ്ങി ഒരുപിടി പേസര്‍മാരാണ് ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനായി പോരടിക്കുന്നത്. അതുകൊണ്ടു തന്നെ അയര്‍ലണ്ടുമായുള്ള പരമ്പരയില്‍ മികച്ച ബൗളിങ് കാഴ്ചവച്ചാല്‍ മാത്രമേ പ്രസിദ്ധിനു ഇവര്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ.

അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു കളിക്കാരന്‍

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണാണ് ഐറിഷ് പര്യടനം നിര്‍ണായകമായി മാറിയ മൂന്നാമത്തെയാള്‍. തനിക്കു ലഭിക്കുന്ന അവസരങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്തണമെന്നു ഇപ്പോഴും സഞ്ജുവിനറിയില്ല.അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു കളിക്കാരന്‍ സഞ്ജുവാണ്.കഴിഞ്ഞ സീസണില്‍ സഞ്ജുവിന് ഒരു മടങ്ങിവരവിന് തന്നെ കാരണമായത് കഴിഞ്ഞ വര്‍ഷത്തെ ഡബ്ലിന്‍ മാച്ചായിരുന്നു.സഞ്ജുവിന് അയര്‍ലണ്ടിലെ മലയാളിപ്പട നല്‍കിയ പിന്തുണ അതിശയകരമായിരുന്നു.അതിന്റെ കരുത്തില്‍ സഞ്ജുവും പറന്നുയര്‍ന്നു.ഇത്തവണയും സഞ്ജുവില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍

അതുകൊണ്ടു തന്നെ അയര്‍ലണ്ടില്‍ ഫ്ളോപ്പായാല്‍ അദ്ദേഹത്തിനു അടുത്തൊന്നും അവസരം ലഭിക്കാന്‍ സാധ്യതയുമില്ല.

വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച ടി20 പരമ്പര സഞ്ജുവിനെ സംബന്ധിച്ച് തന്റെ മികവ് പുറത്തെടുക്കാനുള്ള സുവര്‍ണാവസരമായിരുന്നു. പക്ഷെ അദ്ദേഹം അതു തുലച്ചു. അഞ്ചു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ബാറ്റ് ചെയ്ത അദ്ദേഹത്തിനു 18.40 ശരാശരിയില്‍ നേടാനായത് 32 റണ്‍സ് മാത്രമാണ്. 12, 7, 13 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ഇഷാന്‍ കിഷന്റെ അഭാവത്തില്‍ അയര്‍ലാന്‍ഡിനെതിരേ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറാണ് സഞ്ജു. പുതുമുഖമായ ജിതേഷ് ശര്‍മയും ടീമിലുണ്ടെങ്കിലും സഞ്ജുവിനായിരിക്കും മുന്‍തൂക്കം ലഭിക്കുക. അതുകൊണ്ടു തന്നെ മൂന്നു മല്‍സരങ്ങളിലും പരമാവധി റണ്‍സ് അടിച്ചുകൂട്ടാനായിരിക്കണം സഞ്ജു ശ്രമിക്കേണ്ടത്.

മഴ ചതിച്ചില്ലെങ്കില്‍ ആ അത്ഭുതം നടക്കുക തന്നെ ചെയ്‌തേക്കാം…!

India squad for Ireland tour: Jasprit Bumrah (Capt), Ruturaj Gaikwad (vc), Yashasvi Jaiswal, Tilak Varma, Rinku Singh, Sanju Samosn (wk), Jitesh Sharma (wk), Shivam Dube, Washington Sundar, Shahbaz Ahmed, Ravi Bishnoi, Prasidh Krishna, Arshdeep Singh, Mukesh Kumar, Avesh Khan.
Ireland squad for T20s vs India: Paul Stirling (Captain), Andrew Balbirnie, Ross Adair, Harry Tector, Gareth Delany, Curtis Campher, George Dockrell, Fionn Hand, Lorcan Tucker (WK), Mark Adair, Joshua Little, Barry McCarthy, Theo van Woerkom, Benjamin White, Craig Young.


ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.