ഡബ്ലിന്‍ : ഉക്രൈന്‍ യുദ്ധവും കോവിഡും അടക്കമുള്ള വെല്ലുവിളികള്‍ക്കിടയിലും അയര്‍ലണ്ടിന്റെ സമ്പദ്വ്യവസ്ഥ വളരെ ശക്തമാണെന്ന് ഐ എം എഫ്.
ഐറിഷ് സാമ്പത്തിക വ്യവസ്ഥയുടെ ഒരു വര്‍ഷം നീണ്ട നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് അയര്‍ലണ്ട് വളര്‍ച്ച തുടരുമെന്ന് ഐ എം എഫ് സര്‍ട്ടിഫൈ ചെയ്തിരിക്കുന്നത്.
ജിഡിപിയില്‍ ഈ വര്‍ഷം 6 ശതമാനവും അടുത്ത വര്‍ഷം 5 ശതമാനവും വളര്‍ച്ച നേടുമെന്നാണ് ഐഎംഎഫ് പ്രവചനം. നാണയപ്പെരുപ്പം അടുത്ത വര്‍ഷത്തോടെ 2.8 ശതമാനമായി കുറയുമെന്നും സംഘടന പറയുന്നു.
സമ്പദ് വ്യവസ്ഥയുടെ ആരോഗ്യ പരിശോധനയെന്നറിയപ്പെടുന്ന വാര്‍ഷിക ‘ആര്‍ട്ടിക്കിള്‍ കഢ മിഷന്റെ’ ഭാഗമായി ഐഎംഎഫ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ പത്ത് ദിവസമായി അയര്‍ലണ്ടിലുണ്ട്. ധനം ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായും ഇവര്‍ ചര്‍ച്ച നടത്തിയിരുന്നു.
അയര്‍ലണ്ടിന്റെ സാമ്പത്തിക മേഖലകളെ സൂക്ഷ്മമായി വിലയിരുത്തിയ ഐ എം എഫ് സംഘം ഈ മേഖലയെ സംബന്ധിച്ച വിവിധ ശുപാര്‍ശകളും സര്‍ക്കാരിന് സമര്‍പ്പിച്ചു.
ഭവന പ്രതിസന്ധിയും സോഷ്യല്‍ സര്‍വ്വീസുകളിലെ നിക്ഷേപങ്ങളിലെ വിടവുകളുമുള്‍പ്പടെ ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ക്ക് മുമ്പുള്ള നിരവധി വെല്ലുവിളികള്‍ ഇവിടെ നിലനില്‍ക്കുന്നുണ്ടെന്ന് ഐ എം എഫ് ചൂണ്ടിക്കാട്ടുന്നു. സാമൂഹിക സേവന രംഗത്തും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലും കാലാവസ്ഥാ പദ്ധതികളിലും കൂടുതല്‍ നിക്ഷേപമുണ്ടാകണമെന്നും സംഘടന പറഞ്ഞു.
പ്രോപ്പര്‍ട്ടി ടാക്സ് വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ
കോര്‍പ്പറേറ്റ് നികുതികളുടെ അനിശ്ചിതത്വവും പ്രായമാകുന്ന ജനസംഖ്യയും മുന്‍നിര്‍ത്തി നികുതി അടിത്തറ വിപുലീകരിക്കേണ്ടതുണ്ട്. പ്രിഫറന്‍ഷ്യല്‍ വാറ്റ് നിരക്കുകള്‍ നിര്‍ത്തലാക്കണമെന്നും പ്രോപ്പര്‍ട്ടി ടാക്സ് നിരക്കുകള്‍ ക്രമേണ വര്‍ദ്ധിപ്പിക്കണമെന്നും ഐഎംഎഫ് ഉപദേശിക്കുന്നു. മറ്റ് യൂറോപ്യന്‍ സമ്പദ്വ്യവസ്ഥകളെ അപേക്ഷിച്ച് പ്രോപ്പര്‍ട്ടി ടാക്‌സ് വളരെ കുറവാണെന്ന് ഐഎംഎഫ് പറയുന്നു.
തൊഴില്‍ മേഖലകളില്‍ പരിഷ്‌കരണം വേണം
ചില തൊഴില്‍ മേഖലകളിലെ തടസ്സങ്ങള്‍ നീക്കുന്നതിന് അപ്രന്റീസ്ഷിപ്പ് ഉള്‍പ്പടെയുള്ള പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും ഐഎംഎഫ് നിരീക്ഷിക്കുന്നു. ഇന്‍ഷുറന്‍സ്, പ്ലാനിംഗ് സംവിധാനങ്ങള്‍ ഉടച്ചുവാര്‍ക്കണമെന്ന് ഐഎംഎഫ് അഭിപ്രായപ്പെടുന്നു. കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനും മറ്റുമുള്ള നിയമനടപടികളുടെ ചെലവും മറ്റും കണക്കിലെടുത്ത് ഈ രംഗത്ത് കൂടുതല്‍ സുതാര്യതയും വ്യക്തതയും ആവശ്യമാണെന്ന് ഗ്രൂപ്പ് വിശ്വസിക്കുന്നു.
ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തണം
ബഹുരാഷ്ട്ര കമ്പനികളും പ്രാദേശിക കമ്പനികളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഐ എം എഫ് പറയുന്നു. ബാങ്കര്‍മാരുടെ ശമ്പളത്തിന്റെയും ബോണസിന്റെയും പരിധി എടുത്തുകളയണമെന്ന് ഐ എം എഫ് ശുപാര്‍ശ ചെയ്യുന്നു. ബാങ്കിംഗ് ലെവി എടുത്തുകളയണമെന്നും ഐ എം എഫ് ശുപാര്‍ശ ചെയ്തു.
ശുപാര്‍ശകളെ സ്വാഗതം ചെയ്ത് അയര്‍ലണ്ട്
ഐ എം എഫിന്റെ ക്രിയാത്മക ശുപാര്‍ശകളെ സ്വാഗതം ചെയ്യുന്നതായി ധനകാര്യ മന്ത്രി പാസ്‌കല്‍ ഡോണോ പറഞ്ഞു. സമ്പദ് വ്യവസ്ഥകള്‍ വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തില്‍ ഐഎംഎഫിന്റെ ഇടപെടല്‍ വിലപ്പെട്ടതാണെന്ന് പബ്ലിക് എക്സ്പെന്‍ഡച്ചര്‍ ആന്‍ഡ് റിഫോം മന്ത്രി മൈക്കല്‍ മക് ഗ്രാത്തും അഭിപ്രായപ്പെട്ടു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.