head1
head3

അയര്‍ലണ്ടിലെ സിവില്‍ സര്‍വീസ് ജീവനക്കാരുടെ ജോലി സമയം ഇന്ന് മുതല്‍ കുറയും

ഡബ്ലിന്‍ : പൊതുശമ്പള കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ കാലാനുസൃതമല്ലെന്ന് യൂണിയനുകളുടെ വിമര്‍ശനം. തീര്‍ത്തും വിശ്വസനീയമല്ലാത്ത സേവന വേതന ഓഫറുകളാണ് കമ്മീഷന്‍ മുന്നോട്ടുവെയ്ക്കുന്നതെന്ന വിമര്‍ശനവും ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍സ് മുന്നോട്ടുവെച്ചു. അഞ്ച് ശതമാനം ശമ്പള വര്‍ധനവ് വേണമെന്നാണ് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഈ നിര്‍ദ്ദേശത്തോട് ഇനിയും പ്രതികരിച്ചിട്ടില്ല.

അതേസമയം അയര്‍ലണ്ടിലെ സിവില്‍ സര്‍വീസ് ജീവനക്കാരുടെ ജോലി സമയത്തില്‍ ഇന്ന് മുതല്‍ ആഴ്ചയില്‍ 2 മണിക്കൂര്‍ വീതം കുറവ് വരുത്തിയിട്ടുണ്ട്. ഫ്‌ലെക്‌സിബിള്‍ വര്‍ക്കിംഗ് സമയ സംവിധാനം അനുസരിച്ച് മുമ്പ് ദിവസത്തില്‍ 7.24 മണിക്കൂര്‍ ജോലി ചെയ്തിരുന്ന സിവില്‍ സര്‍വീസ് ജീവനക്കാര്‍ ഇന്ന് മുതല്‍ 7 മണിക്കൂര്‍ ജോലി ചെയ്താല്‍ മതിയാവും..

സിവില്‍ സര്‍വീസ് ജീവനക്കാരും, പബ്ലിക്ക് സര്‍വീസ് ജീവനക്കാരും ഒരേ പോലെ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് രംഗത്തുണ്ട്.

വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷനിലെ പൊതു ശമ്പള കരാര്‍ സംബന്ധിച്ച ചര്‍ച്ച ജൂണ്‍ 17നാണ് അവസാനിച്ചത്. തുടര്‍ ചര്‍ച്ചകളുണ്ടാകുമെന്നും കൂടുതല്‍ ഓഫര്‍ നല്‍കാന്‍ തയ്യാറാണെന്നും ലിയോ വരദ്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ മെച്ചപ്പെട്ട ഓഫര്‍ നല്‍കാന്‍ പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ ആന്‍ഡ് റിഫോം ഉദ്യോഗസ്ഥരെ അനുവദിച്ചതായുള്ള സൂചനയൊന്നും ഇനിയും ലഭിച്ചിട്ടില്ല.

പകരം സര്‍ക്കാരിന്റെ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തിരിക്കുന്നത്. ഈ വര്‍ഷം 2.5 ശതമാനവും അടുത്ത വര്‍ഷം 2.5 ശതമാനവും വര്‍ദ്ധനവാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് വളരെ കുറവാണെന്ന് യൂണിയനുകള്‍ ആരോപിച്ചു.

താഴ്ന്ന, ഇടത്തരം വരുമാനമുള്ള തൊഴിലാളികളുടെ ജീവിതപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ പര്യാപ്തമല്ലെന്ന് വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ ഡയറക്ടര്‍ ജനറല്‍ ലിയാം കെല്ലിക്ക് അയച്ച കത്തില്‍ ഐസിടിയു പ്രസിഡന്റ് കെവിന്‍ കാലിനന്‍ ചൂണ്ടിക്കാട്ടി. മെച്ചപ്പെട്ട ഓഫര്‍ നല്‍കുമെന്നാണ് യൂണിയന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതുണ്ടായിട്ടില്ലെന്നും കത്തില്‍ പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.