ഡബ്ലിന് : അയര്‍ലണ്ടില്‍ വീടുകളുടെ വില റോക്കറ്റിനേക്കാള്‍ വേഗത്തില്‍ കുതിക്കുന്നതായി സി എസ് ഒ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. 2013നെ അപേക്ഷിച്ച് 200,000 യൂറോ കൂടുതലാണ് ഇപ്പോഴത്തെ വിലയെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കുകള്‍ പറയുന്നു.കഴിഞ്ഞ ഡിസംബര്‍ വരെയുള്ള 12 മാസത്തിനുള്ളില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി പ്രിന്‍സ് സൂചിക (ആര്‍ പി പി ഐ) 8.7 ശതമാനം വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍ പറയുന്നു.
2013ല്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിക്ക് രാജ്യത്ത് ശരാശരി വില 155,000 യൂറോ ആയിരുന്നു.2019ല്‍ വില 259,000 യൂറോയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഈ വില 355,000 യൂറോയിലെത്തിയെന്നും സി എസ് ഒ പറയുന്നു.കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഡബ്ലിനിലെ ഭവന വിലകള്‍ 8.7 ശതമാനം വര്‍ദ്ധിച്ചും.ഡബ്ലിന് പുറത്തെ വീടുകളുടെ വിലകള്‍ ഇതിനെയും മറികടന്ന് മുന്നേറി. (9.0%).
2024 ഡിസംബറില്‍ 5,177 വീടുകളുടെ വാങ്ങലുകളാണ് റവന്യൂ കമ്മീഷണര്‍മാര്‍ സ്ഥിരീകരിച്ചത്. 2023നെ അപേക്ഷിച്ച് 2.3% വര്‍ധനവാണിത്.5,063 വാങ്ങലുകളാണ് 2023 ഡിസംബറില്‍ നടന്നത്.
ഏറ്റവും കുറഞ്ഞ ഭവന വില ലോംഗ് ഫോര്‍ഡില്‍
കഴിഞ്ഞ വര്‍ഷം രാജ്യത്തെ ഏറ്റവും കുറഞ്ഞ ഭവന വില ലോംഗ് ഫോര്‍ഡിലാണ് രേഖപ്പെടുത്തിയത്.1,82,250യൂറോയായിരുന്നു അത്.ഏറ്റവും ഉയര്‍ന്ന വില ഡണ്‍ലേരി-റാത്ത്ഡൗണിലായിരുന്നു.ഇവിടെ 660,000 യൂറോയ്ക്കാണ് വീടുകള്‍ വിറ്റുപോയത്.
കഴിഞ്ഞ ഡിസംബര്‍ വരെയുള്ള 12 മാസങ്ങളില്‍ അപ്പാര്‍ട്ട്മെന്റ് വിലകള്‍ 6.9 ശതമാനം വര്‍ദ്ധിച്ചു. ഡബ്ലിനിലെ ഏറ്റവും ഉയര്‍ന്ന (10.0% )ഭവന വില വര്‍ദ്ധനവ് ഫിംഗലില്‍ രേഖപ്പെടുത്തി. സൗത്ത് ഡബ്ലിനില്‍ 6.9 ശതമാനം വര്‍ധനവും രേഖപ്പെടുത്തി.
അതിര്‍ത്തി കൗണ്ടികളില്‍ വില കുതിക്കുന്നു
ഡബ്ലിന് പുറത്ത് കാവന്‍, ഡോണഗേല്‍, ലെയ്ട്രിം, മൊണഗന്‍, സ്ലിഗോ എന്നീ അതിര്‍ത്തി കൗണ്ടികളിലാണ് വീടുകളുടെ വിലയില്‍ കുതിപ്പുണ്ടായത്. ഇവിടെ വില 14.2 ശതമാനം വരെ കൂടി.കില്‍ഡെയര്‍, ലൂത്ത്, മീത്ത്, വിക്ലോ എന്നീ മിഡ്-ഈസ്റ്റ് കൗണ്ടികളില്‍ 5.9 ശതമാനം വര്‍ധനവും രേഖപ്പെടുത്തി.
ചെലവേറിയ എര്‍കോഡ് ഏരിയ ബ്ലാക്ക്റോക്ക്
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ചെലവേറിയ എര്‍കോഡ് ഏരിയ എ94 ആയ ബ്ലാക്ക്റോക്ക് ആയിരുന്നു. ഇവിടെ വീടുകളുടെ വില 730,000യൂറോ വരെയെത്തി. അതേസമയം എച്ച് 23 ക്ലോണുകളില്‍ ഏറ്റവും കുറഞ്ഞ വിലയായ 131,000 യൂറോയും രേഖപ്പെടുത്തി.
2024ലാകെ 48,775 വീടുകളുടെ വാങ്ങലുകള്‍ റവന്യൂവില്‍ ഫയല്‍ ചെയ്തു.2023ലെ 50,234 വീടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടപാടുകളില്‍ 2.9 ശതമാനം കുറവുണ്ട്.
വിലക്കുതിപ്പിന്റെ ചരിത്രം തുടരുന്നു…
ഡബ്ലിനിലെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വിലകള്‍ 2007 ഫെബ്രുവരിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിനേക്കാള്‍ 4.1 ശതമാനം കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.അതേസമയം അയര്‍ലണ്ടിലെയാകെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വിലകള്‍ 2007 മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിനേക്കാള്‍ 18 ശതമാനം കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
2013ല്‍ ഒന്നരലക്ഷം യൂറോ…. 2024ല്‍ മൂന്നരലക്ഷം
2013ന്റെ തുടക്കം മുതല്‍ ഇതുവരെ പ്രോപ്പര്‍ട്ടി വിലകള്‍ 160.4 ശതമാനമാണ് വര്‍ദ്ധിച്ചത്.ഡബ്ലിനിലെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വിലകള്‍ 2012 ഫെബ്രുവരിയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്ന് 157.8 ശതമാനം വര്‍ദ്ധിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, അയര്‍ലണ്ടിലെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വിലകള്‍ 2013 മെയ് മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിനേക്കാള്‍ 171.5 ശതമാനം കൂടുതലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/


Comments are closed.