head3
head1

‘ഹൗസിംഗ് ഫോര്‍ ഓള്‍’: പ്രവാസലോകത്തെ ആശങ്കകളും കാഴ്ചപ്പാടുകളും

ഡബ്ലിന്‍ : സര്‍ക്കാര്‍ രൂപീകരിച്ച് ഏകദേശം 15 മാസത്തിനുശേഷം, സെപ്റ്റംബര്‍ 2 -ന് ‘എല്ലാവര്‍ക്കും പാര്‍പ്പിടം’ എന്ന തന്റെ ഭവന പദ്ധതി ഡാരാ ഒബ്രിയന്‍ പ്രഖ്യാപിച്ചിരിക്കുന്നു. 2030 -ന് മുമ്പായി മൂന്നു ലക്ഷം ഭവനങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് സര്‍ക്കാര്‍ പദ്ധതി. അതായത് ശരാശരി 33,000 വീടുകള്‍ ഓരോ വര്‍ഷവും.

പദ്ധതിയെപ്പറ്റി ചൂഴ്ന്നു നോക്കുകയാണെങ്കില്‍ നമ്മള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്, നാലു വിഭാഗങ്ങളിലായാണ് ഈ മൊത്തം പറയുന്ന മൂന്നു ലക്ഷം വീടുകള്‍ നിര്‍മ്മിക്കുന്നത്.

1. 90,000 സാമൂഹിക ഭവനങ്ങള്‍.
2. 36,000 വീടുകള്‍ താങ്ങാവുന്ന വിലയ്ക്ക്.
3. 18,000 വീടുകള്‍ വാടകയ്ക്ക് നല്‍കത്തക്ക രീതിയില്‍.
4. 1,56,000 വീടുകള്‍ സ്വകാര്യ വിപണിയിലേക്ക്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ശരി, നിലവിലുള്ള ജനസംഖ്യ വര്‍ധനവും, പഴയ വീടുകളുടെ പുനര്‍നിര്‍മ്മാണം എല്ലാം ചേര്‍ത്ത് ഏകദേശം 40,000 വീടുകള്‍ ഒരു വര്‍ഷം നിര്‍മ്മിക്കേണ്ടിയിരിക്കുന്നു എന്നാണ് ഒരു ഏകദേശ കണക്ക്. ഈ അവസ്ഥയില്‍, പ്രസ്തുത പദ്ധതി ഏതെങ്കിലും തരത്തില്‍ വാടക വീടുകളുടെ പ്രശ്നങ്ങളോ, സാധാരണക്കാര്‍ക്ക് മാന്യവും താങ്ങാവുന്ന നിലക്കും വാങ്ങാന്‍ പറ്റുന്ന വീടുകളുടെ കാര്യത്തില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരാനോ സാധിക്കുമെന്ന് തോന്നുന്നില്ല.

സാധാരണക്കാര്‍ക്ക് എന്ത് ഗുണം ?

ലാന്‍ഡ് ഡെവലപ്മെന്റ് ഏജന്‍സിയുടെ ബജറ്റ് ഒരു മില്യന്‍ യൂറോ മുതല്‍ 3.5 അഞ്ച് ബില്യന്‍ യൂറോയിലേക്ക് ഉയര്‍ത്തുകയാണ്, എന്നാല്‍ ഇങ്ങനെ ഉയര്‍ത്തുന്നത് കൊണ്ട് സാധാരണക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഗുണം ഉണ്ടാകുമോ എന്നുള്ളതാണ്. പ്രസ്തുത പദ്ധതിയില്‍ ഉള്ള മൂന്നു ലക്ഷം ഭവനങ്ങളില്‍ പകുതിയില്‍ കൂടുതലും വരുന്നത് സ്വകാര്യമേഖലയിലേക്കാണ് എന്നുള്ളത് ഈ ചോദ്യത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

സ്വകാര്യ മേഖലയില്‍ നിന്നുള്ള കുടിയൊഴിപ്പിക്കല്‍ ആണ് ഇന്ന് ഭവനരഹിതര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്ന്, എന്നാല്‍ ആ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം കാണുവാന്‍ നിലവില്‍ യാതൊരുവിധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉള്ളതായി കാണുന്നില്ല. അനിയന്ത്രിതമായ വിലക്കയറ്റം മൂലം സാധാരണക്കാര്‍ക്ക് അവരുടെ വരുമാനത്തിന്റെ 30 മുതല്‍ 60 ശതമാനം വരെ വാടക ഇനത്തില്‍ ചെലവാക്കേണ്ട നിലയിലാണ്.

വാടകയും ഉയരും

വാടകയിനത്തില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന വീടുകളില്‍ നിലവിലുള്ളതിനേക്കാള്‍ 25% താഴ്ത്തിക്കൊണ്ട് വാടകയ്ക്ക് നല്‍കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ പൊതുവിപണിയില്‍ വാടക വീടുകള്‍ക്ക് അനിയന്ത്രിതമായ വില കുതിച്ചുയരാന്‍ ഇത് കാരണമാകും എന്നുള്ളതാണ് ഇതിന്റെ മറുവശം.

36,000 വീടുകള്‍ ‘താങ്ങാവുന്ന വിലയ്ക്ക്’ നിര്‍മ്മിക്കാനുള്ള ഒരു പദ്ധതിയും ഉണ്ട്. എന്നാല്‍ ഡബ്ലിന്‍ കണക്കുള്ള സ്ഥലങ്ങളില്‍ ഈ പദ്ധതിയില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് ആ താങ്ങുവില എത്രയായിരിക്കുമെന്ന് ഊഹിക്കാന്‍ സാധിക്കുന്ന ഒന്നല്ല. ഔദ്യോഗികമായി തന്നെ പറയുന്നുണ്ട് 225000 മുതല്‍ നാലു ലക്ഷം യൂറോ വരെ ആയിരിക്കും ഈ താങ്ങുവില എന്ന്.

ഇന്ത്യയില്‍ നിന്ന് കടന്നുവന്നിട്ടുള്ള പ്രവാസികളില്‍ മഹാഭൂരിപക്ഷവും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്, അതില്‍ തന്നെ നഴ്സുമാര്‍ ആയി ജോലി ചെയ്യുന്നവരാണ് 80 ശതമാനത്തിനു മുകളില്‍ ഉള്ളത്. ഈ നിലയ്ക്ക് നാലര ലക്ഷം യൂറോ എന്ന് പറയുന്നത് ഭാര്യയും ഭര്‍ത്താവും നഴ്സുമാരായവര്‍ക്ക് പോലും പ്രാപ്യമായ ഒന്നല്ല. ഒരു ശരാശരി ഇന്ത്യന്‍ ഫാമിലിക്ക് ലഭിക്കുന്ന ബാങ്ക് ലോണ്‍ രണ്ടു മുതല്‍ രണ്ട് അര ലക്ഷം യൂറോ വരെയാണ് എന്ന് ഉള്ളപ്പോള്‍ ഈ ‘അഫോര്‍ഡബിള്‍ വില’ എന്ന് പറയുന്നത് പോലും എത്രത്തോളം പ്രാവര്‍ത്തികമാകും എന്നുള്ളതാണ് ചോദ്യം.

സ്വകാര്യമേഖല ലാഭം ഇല്ലാതെ ഭവന നിര്‍മ്മാണം നടത്തും എന്ന് ചിന്തിക്കുന്നത് തന്നെ ഒരു വലിയ തമാശയായി തോന്നുന്നു. വളര്‍ന്നുവരുന്ന ജനസംഖ്യയ്ക്ക് ആനുപാതികമായി പുതിയ തൊഴില്‍ മേഖലയിലേക്ക് കടന്നുവരുന്ന പ്രവാസികള്‍ക്കും ഈ പദ്ധതികൊണ്ട് എത്രത്തോളം ശരിയായവിധത്തില്‍ ഫലം ലഭിക്കും എന്നുള്ളത് ഒരു ആശങ്കയായി നിലനില്‍ക്കുന്നു.

മൂന്നു ലക്ഷം വീടുകള്‍ എവിടെയാണ് നിര്‍മ്മിക്കുന്നത് എന്നുള്ളതും ഒരു ചോദ്യമാണ്. ജനപ്പെരുപ്പം കൂടിക്കൊണ്ടിരിക്കുന്ന ഡബ്ലിന്‍, കോര്‍ക്ക് മുതലായ നഗരങ്ങളില്‍ ആണോ, അതോ ആള്‍പാര്‍പ്പില്ലാത്ത അല്ലെങ്കില്‍ കുറവുള്ള കൗണ്ടികളിലാണോ ഇത് നിര്‍മ്മിക്കാന്‍ പോകുന്നത് എന്നും, അതിലൂടെ എത്ര ശതമാനം ആള്‍ക്കാര്‍ക്ക് ‘സ്വന്തം ഭവനം’ എന്ന അവരുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ കൂടെ ജോലി, യാത്രാ സൗകര്യങ്ങള്‍ എന്നിവ ലഭിക്കും എന്നുള്ളതും ഒരു ചോദ്യമായി നിലനില്‍ക്കുന്നു.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കൂടെയോ, പൊതു മേഖലയിലൂടെയോ ഭവന നിര്‍മ്മാണ കമ്പനികള്‍ നിര്‍മ്മിച്ചുകൊണ്ട് ഈ പ്രശ്നത്തിനു ഒരു പരിഹാരം ആണ് വേണ്ടത്. ഭരണകൂടങ്ങള്‍ ഇതൊരു പൊതുജന ആവശ്യമായി കണ്ട് ഇടപെടുകയാണ് വേണ്ടത്. കൗണ്ടി കൗണ്‍സിലുകള്‍ക്ക് കീഴില്‍ ഭവന നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങുകയാണെങ്കില്‍, വിവിധ കൗണ്‍സിലുകള്‍ക്ക് കീഴിലുള്ള ഭവന നിര്‍മാണ യൂണിറ്റുകളുടെ മത്സരം പൊതുവിപണിയില്‍ ഭവനനിര്‍മ്മാണത്തിന്റെ വില കുറയ്ക്കാന്‍ സാധിക്കും എന്നാണ് തോന്നുന്നത്.

ഇതിനൊന്നും സാധിച്ചില്ലെങ്കില്‍ പ്രവാസി സമൂഹം നിലവിലുള്ള നയങ്ങള്‍ മാറ്റാനുള്ള ശക്തമായ ഒരു കാമ്പയിനുമായി മുന്നോട്ടു വന്നേ തീരു. ഡബ്ലിന്‍ പോലെയുള്ള നഗരങ്ങളില്‍ ആകെ ജനസംഖ്യയില്‍ 25% കുടിയേറ്റക്കാരാണ്.

നമ്മുടെ സ്വരം അവഗണിക്കാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ല എന്ന ബോധ്യം നമുക്കുണ്ടെങ്കില്‍ നാം വിജയിക്കുക തന്നെ ചെയ്യും.

അനൂപ് ജോസഫ് ക്ളോണ്‍മല്‍

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.