ഡബ്ലിന്‍ : ഒരു വീടിന് വേണ്ടി ഓടി നടന്നിട്ടും അത് ലഭ്യമാകാത്ത ആയിരക്കണക്കിന് കുടിയേറ്റക്കാരുണ്ട് അയര്‍ലണ്ടില്‍.പ്രത്യേകിച്ചും ഡബ്ലിന്‍ അടക്കമുള്ള നഗരങ്ങളില്‍.
കോസ്റ്റ് റെന്റല്‍ സ്‌കീമില്‍ പെടുത്തി ഡബ്ലിനില്‍ ഇന്നലെ പ്രഖ്യാപിച്ച ഒരു ഭവന പദ്ധതി നോക്കുക.50 മില്യണ്‍ യൂറോ മുടക്കി പണിയുന്നത് 126 വീടുകള്‍. വീടുകളല്ല ,അപ്പാര്‍ട്ട്‌മെന്റാണ് ഇത്. ഇതില്‍ പത്തു ശതമാനം, സോഷ്യല്‍ ഹൗസിംഗിന് കൊടുക്കണമെന്ന നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് കൗണ്ടി കൗണ്‍സിലിന് നല്‍കാനായി ഓരോ വീടിനും കണക്കു കൂട്ടുന്ന തുക ഏകദേശം അഞ്ച് ലക്ഷം യൂറോയാണ്..! അഞ്ച് ലക്ഷം യൂറോയുടെ സോഷ്യല്‍ ഹൗസിംഗ്…!
അപ്പോള്‍ നിര്‍മ്മിതാവിന്റെ കൈവശം ഉള്ള ബാക്കി 113 വീടുകളുടെ വാടക എത്രയായേക്കാമെന്ന് കണക്കുകൂട്ടാവുന്നതേയുള്ളു.മിനിമം അഞ്ച് ലക്ഷം യൂറോ നിര്‍മ്മാണച്ചിലവ് നിശ്ചയിക്കുന്ന ഒരു വീടിന് എത്ര യൂറോയ്ക്ക് വാടകയ്ക്ക് നല്‍കേണ്ടി വരും…? വാടക കൂട്ടാതെ നിര്‍വാഹം ഇല്ല തന്നെ..!
അയര്‍ലണ്ടിലെ ആസൂത്രകര്‍ പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുകയാണ്….
നഗരമേഖലയില്‍ ഇപ്പോഴും വീടിന് വേണ്ടി അലയുന്നത് ,പ്രധാനമായും ഇന്ത്യയില്‍ നിന്നും അടക്കമുള്ള കുടിയേറ്റക്കാരാണ് .അവര്‍ നഗരങ്ങളില്‍ ജോലി ചെയ്യുന്നതിനാല്‍ അധികം ദൂരങ്ങളിലേയ്ക്ക് യാത്ര ചെയ്യാനാവില്ല. അവര്‍ക്ക് വിശ്രമം വേണം, അവരുടെ കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യങ്ങള്‍ അടുത്തു തന്നെ വേണം…എന്നാല്‍ അതൊക്കെ ഒരു സ്വപ്നമാവുകയാണ് ഇപ്പോള്‍.
ശമ്പളത്തിന്റെ എഴുപത് ശതമാനത്തോളം വാടക നല്‍കുന്ന അഥവാ മോര്‍ട്ട് ഗേജ് അടക്കുന്ന ഒരു സമൂഹം ലോകത്തില്‍ ഒരിടത്തും ഉണ്ടാവില്ല…ക്രൂരമായ ഈ നിലപാടിനെതിരെ പ്രതീകരിക്കുന്ന പ്രതിപക്ഷത്തിന്റെ പോലും ആത്മാര്‍ത്ഥത സംശയിക്കപ്പെടണം.
ജീവിത തിരക്കുകള്‍ക്കിടയില്‍ കുടിയേറ്റക്കാര്‍ അവഗണിക്കുന്ന ഒന്നുണ്ട്.സര്‍ക്കാരിന്റെ പക്കല്‍ യഥാര്‍ത്ഥ പ്രശ്നം എന്തെന്ന് എത്തിക്കുന്നതില്‍ നാം പരാജയപ്പെടുന്നു എന്നതാണത്. കഴുതകളെ പോലെ പണിയെടുത്ത് കൂട്ടുമ്പോള്‍ അവകാശങ്ങളെ അവര്‍ മറന്നുകളയുന്നു.
വെറും 7 മാസങ്ങള്‍ കൊണ്ട് അപ്രായോഗികമെന്ന് നാം കരുതിയ നഴ്സിംഗ് മേഖലയിലെ ചില നയങ്ങള്‍ നിയമപ്രകാരം സര്‍ക്കാരിനെ കൊണ്ട് തിരുത്തിക്കാന്‍ കുടിയേറ്റക്കാര്‍ക്കിടയില്‍ നിന്നുള്ള വ്യക്തിഗതമായ ഒരു മുന്നേറ്റത്തിന് കഴിഞ്ഞെങ്കില്‍ ,സംഘടിതമായ മുന്നേറ്റങ്ങള്‍ക്ക് ഇപ്പോഴും അവസരം ഉണ്ടെന്ന് കുടിയേറ്റക്കാര്‍ മനസിലാക്കാത്തിടത്തോളം കാലം,ഫിനഗേല്‍ ഫിനാഫാള്‍ ജന്മികളും,എസ്റ്റേറ്റ് ഏജന്റുമാരും,അവരുടെ മാധ്യമ ശിങ്കിടികളും കുഴിക്കുന്ന കുഴിയില്‍ പെട്ട് നാം വലയുക തന്നെ ചെയ്യും.
ഹെര്‍ സെല്‍ഫ് നല്‍കുന്ന സന്ദേശം
അയര്‍ലണ്ടിലെ കുടിയേറ്റക്കാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടേക്കാവുന്ന ഒരു സിനിമ ഇപ്പോള്‍ തീയേറ്ററുകളില്‍ ഓടുന്നുണ്ട്.
സാമ്പത്തിക സ്ഥിതിയും വൈവാഹിക അവസ്ഥയും പരിഗണിക്കാതെ സ്വന്തം നിലയില്‍ ഭവനം നിര്‍മ്മിക്കാന്‍ ജനങ്ങള്‍ക്ക് സാധിച്ചിരുന്നെങ്കില്‍ എങ്ങനെ ഉണ്ടാകും എന്ന് ചര്‍ച്ച ചെയ്യുന്ന ഒരു സിനിമയാണത്.
‘ഹെര്‍സെല്‍ഫ് ‘ എന്ന സിനിമയില്‍ സമൂഹത്തിന്റെ ശക്തി ഉപയോഗിച്ച് ഈ ലക്ഷ്യം നേടുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു. അയര്‍ലണ്ടിലെ ഭവനപ്രതിസന്ധിയുടെ നേര്‍ചിത്രമായാണ് ഈ സിനിമയെത്തുന്നത്. ക്ലെയര്‍ ഡണ്‍, മാല്‍കം ക്യാംബെല്‍ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ദി അയണ്‍ ലേഡി എന്ന സിനിമ സംവിധാനം ചെയ്ത ഫൈലിഡ ഫ്‌ലോയ്ഡാണ് ഹെര്‍സെല്‍ഫിന്റെ സംവിധായിക.
സ്വന്തം ജീവിതത്തിലെ സംഭവങ്ങളെ ആസ്പദമാക്കി ഒരു സിനിമ ഒരുക്കാനുള്ള ശക്തമായ പ്രേരണയാണ് ഹെര്‍സെല്‍ഫിന് പിന്നിലെന്ന് അവര്‍ പറയുന്നു.
സാന്ദ്ര എന്നാണ് ഡണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മോളി മക് കാനും റൂബി റോസ് ഒ’ ഹാര എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ അമ്മയായാണ് ഡണ്‍ വേഷമിടുന്നത്.ഇയാന്‍ ലോയ്ഡ്
ആന്‍ഡേഴ്‌സണ്‍ന്റെ ഗാരിയുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ് സാന്ദ്ര.
സ്വന്തമായി ഭവനം ഇല്ലാത്തത് മൂലം ഹോട്ടലുകളിലും വാടക വീടുകളിലും അവര്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നു. എലമെന്റ് പിക്ചര്‍സ് നിര്‍മിച്ച് സാറാ ഗ്രീന്‍, മോളി മക് കാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റോസി എന്ന സിനിമയ്ക്ക് സമാന്തരമായ കഥാ സന്ദര്‍ഭങ്ങള്‍ ഈ സിനിമയിലുണ്ട്.
യുവതിയായ അമ്മ എന്ന നിലയില്‍ സാന്ദ്ര നേരിടുന്ന മാനസിക വൈകാരിക പ്രശ്‌നങ്ങള്‍ എന്നിവയാണ് ചിത്രത്തിന്റെ ആദ്യ പകുതിയില്‍ ചിത്രീകരിക്കുന്നത്. തനിക്കും മക്കള്‍ക്കും മറ്റാരെയും ആശ്രയിക്കാതെ ഒരു വീട് കണ്ടെത്താനുള്ള അവരുടെ ശ്രമങ്ങള്‍ പല തവണ പരാജയപ്പെടുന്നു അയര്‍ലണ്ടിലെ സര്‍ക്കാര്‍ ”എല്ലാവര്‍ക്കും ഭവനമെന്ന പദ്ധതി” അവതരിപ്പിച്ചയുടനെ തന്നെയാണ് ഈ സിനിമ അതേ വിഷയം കൈകാര്യം ചെയ്തുകൊണ്ട് പ്രേക്ഷകരില്‍ എത്തുന്നത്..
രാജ്യത്ത് ഏറെ വിവാദമായ പോസ്റ്റ് കെല്‍റ്റിക് ടൈഗര്‍ ഭവന നയം ഒരു ദശകം പിന്നിടുമ്പോഴാണ് ‘ഹൗസിംഗ് ഫോര്‍ ഓള്‍ പദ്ധതി’ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സാന്ദ്ര മുമ്പോട്ട് വെക്കുന്ന പ്രതിവിധി എല്ലാവര്‍ക്കും താങ്ങാവുന്നതല്ലെങ്കില്ലും പ്രതിസന്ധിയെ മറികടക്കാന്‍ ജനങ്ങള്‍ക്ക് തന്നെ അധികാരം നല്‍കണമെന്ന സന്ദേശം ചിത്രം നല്‍കുന്നു.
യു.ക്കെ അയര്‍ലണ്ട് രാജ്യങ്ങളിലെ തടവറകളില്‍ കഴിയുന്ന സ്ത്രീകളുടെ വിഷയങ്ങളില്‍ പ്രോജക്ട് ചെയ്യുന്നതിനിടെയാണ് ലോയ്ഡും ഡണ്ണും കണ്ടുമുട്ടിയത്. ഗാര്‍ഹിക പീഢനം കാരണം ജയിലുകളില്‍ എത്തിച്ചേരുന്ന സ്ത്രീകളുടെ എണ്ണം അവരെ ആശങ്കപ്പെടുത്തി. ഇതിനിടെ ഡണ്ണിന്റെ ഒരു സുഹൃത്ത് ബന്ധം വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് ഭവനമില്ലായ്മ നേരിടേണ്ടി വന്നു. എന്തുകൊണ്ട് സ്ത്രീകള്‍ക്ക് സ്വയം വീടുകള്‍ നിര്‍മിച്ചു കൂടാ എന്ന ചോദ്യം അവര്‍ക്ക് മുമ്പിലെത്തി.
സിനിമയില്‍ പ്രതിപാദിക്കുന്ന പോലെ 35,000 യൂറോയ്ക്ക് സ്വന്തമായി വീട് നിര്‍മിച്ച ഐറിഷ് ആര്‍കിടെക്ട് ഡൊമിനിക് സ്റ്റീവന്‍സിന്റെ കഥയും ഇവരെ സ്വാധീനിച്ചു.ഈ ആശയങ്ങള്‍ കൂട്ടി ചേര്‍ത്ത് സ്‌ക്രിപ്റ്റ് ലോയ്ഡിന് വായിക്കാന്‍ നല്‍കി. പിന്നീട് ഡണ്‍ സഹോദരി കഥാപാത്രത്തില്‍ നിന്നും മാറി സാന്ദ്രയുടെ കഥാപാത്രം ഏറ്റെടുത്തു. അതോടെ സംവിധാനം ലോയ്ഡ് നിര്‍വഹിക്കുമെന്ന് തീരുമാനമായി. ഐറിഷ് രാജ്യത്തെയും പട്ടണങ്ങളെയും ആധികാരികമായി പകര്‍ത്താന്‍ അവര്‍ ഉറപ്പിച്ചു.
എങ്കിലും ഉയര്‍ന്ന വാടക, സോഷ്യല്‍ ഭവനങ്ങളുടെ കുറവ്, ഭവന മേഖലയിലെ പണപെരുപ്പം തുടങ്ങിയ കാരണങ്ങള്‍ നിമിത്തം ലണ്ടന്‍ ന്യൂ യോര്‍ക്ക് പോലെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഇങ്ങനെ ഹോട്ടലുകളില്‍ കഴിയേണ്ടി വരുന്ന ആളുകള്‍ ധാരാളമുണ്ട്. തടി ഉപയോഗിച്ച് വീട് നിര്‍മിക്കുന്നതിനെ കുറിച്ച് വെയ്ല്‍സിലെ സെന്റര്‍ ഫോര്‍ ആള്‍ടര്‍നേറ്റീവ് ടെക്‌നോളജിയില്‍ പഠനം നടത്തി.
ഒരു വര്‍ഷമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയായത്. ഗെയിം ഓഫ് ത്രോണ്‍സ് അഭിനേതാവ് കോണ്‍ലെത് ഹില്‍ , സെന്‍സ് ആന്‍ഡ് സെന്‍സിബിളിറ്റിയിലെ അഭിനേതാവ് ഹാരിയറ്റ് വാള്‍ട്ടര്‍ എന്നിവരും ചിത്രത്തിലുണ്ട്. ചിത്രം പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ തന്നെ വളരെയധികം പേര്‍ക്ക് സാന്ദ്രയുടെയും കുട്ടികളുടെയും കഥ തങ്ങളുടെ ജീവിതകഥയുമായി ബന്ധപ്പെടുത്തി മനസ്സിലാകാന്‍ കഴിഞ്ഞു. കുട്ടികളായിരുന്നപ്പോള്‍ തങ്ങളെയും കൊണ്ട് അമ്മമാര്‍ക്ക് പലയിടത്ത് നിന്നും ഓടി പോകേണ്ടി വന്ന സംഭവങ്ങള്‍ പലരും ഓര്‍മിച്ചെടുത്തു.
ഗാര്‍ഹിക പീഢനം നേരിടുമ്പോള്‍ മറ്റുള്ളവരെ അറിയിക്കാന്‍ കുട്ടികളും അമ്മയും ഒരു കോഡ് ഉപയോഗിക്കുന്നുണ്ട്. കുട്ടികളും പക്വതയാര്‍ന്ന പ്രകടനം കാഴ്ച വെക്കുന്നു. രണ്ട് കുട്ടികളെ ഹോട്ടല്‍ മുറിയില്‍ വളര്‍ത്തി കൊണ്ടുവരുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ചിത്രത്തില്‍ പ്രതിപാദിക്കുന്നു. അവള്‍ സ്വന്തമായി ഒരു വീട് പണിയാന്‍ ശ്രമിക്കുന്നു, ഈ പ്രക്രിയയില്‍ അവളുടെ ജീവിതം പുനര്‍നിര്‍മ്മിക്കുകയും സ്വയം കണ്ടെത്തുകയും ചെയ്യുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം.
പല സംസ്‌കാരങ്ങളില്‍ നിന്നുള്ളവര്‍ തിങ്ങി പാര്‍ക്കുന്ന ഡബ്ലിന്‍ പട്ടണത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് സിനിമയില്‍ അഭിനേതാക്കളെ തിരഞ്ഞെടുത്തത്.
കുടിയേറ്റക്കാര്‍ക്ക് തീര്‍ച്ചയായും പ്രചോദനം നല്‍കുന്ന ഒരു സിനിമയാവും ഇത്.
ഭവനമേഖലയിലടക്കം ചൂഷണത്തിന് വിധേയരായി ഭീരുക്കളായി തുടരണോ എന്ന് തീരുമാനിക്കേണ്ടത് നാം തന്നെയാണ്. നമുക്ക് വേണമെങ്കില്‍ വിപ്ലവങ്ങള്‍ ഒഴിവാക്കിക്കൊണ്ട് അടിമപ്പണി തുടരാം.ഗ്ലോബലൈസേഷന്റെ കാലമാണിത്. നമ്മുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും അതിരുകളില്ലാത്ത ആകാശവും ഭൂമിയും വേണമെന്ന് സദാസമയവും ലോകത്തോട് പറയുന്ന യൂറോപ്യന്‍ യൂണിയന്റെ പരിധിക്കുള്ളില്‍ നമുക്ക് പേടിച്ച് കഴിയാം.പക്ഷെ ചെറിയ തീപ്പൊരികളാണ് ഒരു വിപ്ലവത്തിന് കാരണമാവുന്നതെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നതെന്നും നാം ഓര്‍മ്മിക്കേണ്ടതുണ്ട്..
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.