ലോഗ് ക്യാബിനുകളും മോഡുലാര്‍ വീടുകളും നിര്‍മ്മിക്കുന്നവര്‍ക്ക് പ്ലാനിംഗ് അനുമതിയില്‍ ഇളവ് നല്‍കിയേക്കും
ഡബ്ലിന്‍ : ഭവന പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി കുടുംബവീടിനോട് ചേര്‍ന്നും മറ്റും ലോഗ് ക്യാബിനുകളും മോഡുലാര്‍ വീടുകളും നിര്‍മ്മിക്കുന്നവര്‍ക്ക് പ്ലാനിംഗ് അനുമതിയില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.മോഡുലാര്‍ വീടുകളും ക്യാബിനുകളും കുടുംബങ്ങളുടെ ഓപ്ഷനാക്കുന്നതിനെ അംഗീകരിക്കുന്നതിന് ആസൂത്രണ നിയമങ്ങള്‍ ലഘൂകരിക്കുന്നതിനാണ് ഭവനവകുപ്പ് തീരുമാനം.ഇതിനെ സാമാന്യബുദ്ധിയോടെയുള്ള സമീപനമെന്ന് കാണുന്നവരേറെയാണ്. എങ്കിലും അഫോര്‍ഡബിളും ദീര്‍ഘകാലത്തേയ്ക്കുള്ളതുമായ ഭവന ഓപ്ഷനുകള്‍ നല്‍കുന്നതിലുള്ള സര്‍ക്കാര്‍ പരാജയമാണിതെന്ന ആക്ഷേപവും സര്‍ക്കാരിനെതിരെ ഉയര്‍ന്നിട്ടുണ്ട്.
വീടുകള്‍ സ്വന്തമായി വാങ്ങാന്‍ കഴിയാത്തവരും വാടകയ്ക്ക് താമസിക്കാന്‍ വരുമാനമില്ലാത്തവരുമായ കുടംബാംഗങ്ങള്‍ വീടിന് സമീപത്തു തന്നെ ചെറിയ ഷെഡുകള്‍ വെച്ചു മാറുന്ന പ്രവണതയേറുകയാണ്. ഇന്ന് പട്ടണ പ്രാന്തങ്ങളിലൊക്കെ ഇത്തരം സംവിധാനങ്ങളില്‍ കുടുംബങ്ങള്‍ താമസിക്കുന്നത് കാണാനാകും. നാലോ അഞ്ചോ സെന്റിനുള്ളില്‍ പോലും,വീടിനൊപ്പം കാബിന്‍ ഷെഡുകള്‍ പണിത് വാടകയ്ക്ക് നല്‍കുന്നവരുമുണ്ട്.
ഇത്തരത്തില്‍ വീടുകള്‍ക്ക് സമീപവും മറ്റും അനുമതിയില്ലാതെ താമസസൗകര്യങ്ങളുണ്ടാക്കുന്നത് നിയമവിരുദ്ധമാണ്.ഇത്തരത്തിലുണ്ടാക്കിയ കൂരകള്‍ പൊളിച്ചനീക്കിയ നിരവധി സംഭവങ്ങള്‍ ടിപ്പററിയിലും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഭവന പ്രതിസന്ധിയ്ക്ക് നടുവില്‍ സ്വന്തം നിലയില്‍ താമസസൗകര്യം കണ്ടെത്തിയ ആളുകളെ എന്‍ഫോഴ്‌സ്‌മെന്റ് ഉത്തരവുകള്‍ക്ക് വിധേയരാക്കിയതിനെതിരെ ശക്തമായി പ്രതിഷേധവും ഉയര്‍ന്നിരുന്നു.നിലവില്‍ ഒരു പ്രോപ്പര്‍ട്ടിയില്‍ നടത്തുന്ന 40 ചതുരശ്ര മീറ്റര്‍ വിപുലീകരണത്തിന് മാത്രമേ പ്ലാനിംഗ് ഇളവുകളുള്ളു.
സെമി-സബര്‍ബന്‍ പ്രദേശങ്ങളില്‍ വീടിന്റെ പിന്‍ഭാഗത്തേക്ക് ക്രെയിന്‍ ചെയ്തിറാക്കാവുന്ന ലോഗ് ക്യാബിനുകള്‍, പോര്‍ട്ടബിള്‍ കെട്ടിടങ്ങള്‍, മോഡുലാര്‍ വീടുകള്‍ എന്നിവ യഥേഷ്ടം കാണാനാകും.മോര്‍ട്ടാര്‍ വീടുകളും ഉയര്‍ന്ന വാടകയും താങ്ങാന്‍ കഴിയാത്ത നിരവധി യുവ ദമ്പതികളും കുടുംബങ്ങളുമാണ് ഈ വഴികളിലേക്ക് നീങ്ങുന്നത്.ഈ നിര്‍മ്മാണം അനുവദിക്കുന്നതിന് പ്ലാനിംഗ് അനുമതി ഒഴിവാക്കുന്നതോ ലഘൂകരിക്കുന്നതോ ആണ് പരിഗണിക്കുന്നത്.
സര്‍ക്കാരിന്റെ പ്രധാന നയംമാറ്റമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. മക്കള്‍ക്ക് കുടുംബ വീട് സ്വതന്ത്രമായി വിട്ടുകൊടുത്ത് മാതാപിതാക്കള്‍ അടുത്തടുത്ത് മാറി താമസിക്കുന്ന രീതി ഇപ്പോള്‍ രാജ്യത്ത് പതിവായിട്ടുണ്ട്. ഇത്തരം ലോഗ് ക്യാബിനുകളെ പ്ലാനിംഗ് അനുമതിയില്‍ നിന്ന് ഒഴിവാക്കാനുള്ള നിര്‍ദ്ദേശമാണ് ഭരണ സഖ്യം മുന്നോട്ടുവച്ചിട്ടുള്ളത്.
വീട്ടിലെ മൂത്തയാളുകള്‍ അവരുടെ കുടുംബ വീടിന്റെ പിന്‍ഭാഗങ്ങളിലെ ഷെഡ്ഡുകളിലേയ്ക്ക് താമസം മാറുന്ന പ്രവണത 2019മുതല്‍ ഡബ്ലിനിലുണ്ട്. എന്നാല്‍ ചെറിയ, നിലവാരമില്ലാത്ത വാസസ്ഥലങ്ങളെന്ന് ചൂണ്ടിക്കാട്ടി ഈ ലോഗ് ക്യാബിനുകള്‍ അനുവദിക്കുന്നതിനുള്ള അനുമതി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ നിരസിച്ചു.നിലവിലെ വീടുകളുടെയും സമീപത്തെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെയും സൗകര്യം കുറയ്ക്കുന്നതിന് കാരണമാകുമെന്നായിരുന്നു കൗണ്‍സിലിന്റെ വിശദീകരണം.പല ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഇത്തരം അധിക ഭവനങ്ങള്‍ മലിനജല, ജല സംവിധാനങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നെന്ന ആശങ്കകളുമുണ്ടായി.
എന്നാല്‍ പിന്നീട് മറ്റ് ഭവന ഓപ്ഷനുകളൊന്നുമില്ലാത്തവര്‍ പലരും ഫാമിലി ഗാര്‍ഡനുകളില്‍ അനധികൃതമായി ക്യാബിന്‍ ശൈലിയിലുള്ള വീടുകള്‍ നിര്‍മ്മിച്ച് അവിടേയ്ക്ക് താമസമായി. കൃത്യമായ കണക്കുകളില്ലെങ്കിലും ഇത്തരം ലോഗ് ക്യാബിനില്‍ താമസിക്കുന്നവര്‍ ഇന്ന് നിരവധിയാണ്. ഇവര്‍ക്കായി ഫേസ്ബുക്ക് കൂട്ടായ്മകളുണ്ട്.33,000ത്തിലധികം അംഗങ്ങളാണ് ഇതിലുള്ളത്. ലോഗ് ക്യാബിനുകള്‍ അവലോകനം ചെയ്യുന്ന മറ്റൊരു പ്രത്യേക പേജില്‍ 19,000 അംഗങ്ങളുമുണ്ട്.
ബദല്‍ മാര്‍ഗങ്ങള്‍ ഒന്നുമില്ലാത്ത ,ബോധപൂര്‍വമായ യാതൊരു പദ്ധതിയും ഇല്ലാത്ത രാഷ്ട്രീയക്കാരുടെ തോന്ന്യവാസമാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/


Comments are closed.