head3
head1

എന്‍എംബിഐ തീരുമാനം അംഗീകരിച്ച് ഹൈക്കോടതി, സഹപ്രവര്‍ത്തകനെ പീഡിപ്പിച്ച വനിതാ നഴ്‌സിന്റെ രജിസ്‌ട്രേഷന്‍ പോയി

ഡബ്ലിന്‍ : സഹപ്രവര്‍ത്തകനെ പീഡിപ്പിച്ച വനിതാ നഴ്‌സിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി ബോര്‍ഡ് ഓഫ് അയര്‍ലണ്ടിന്റെ തീരുമാനം ഹൈക്കോടതി അംഗീകരിച്ചു.

നഴ്‌സിംഗ് ഹോമിലെ സഹപ്രവര്‍ത്തകന്റെ മൊബൈല്‍ ഫോണിലേക്ക് ലൈംഗികച്ചുവയുള്ള മോശം സന്ദേശങ്ങള്‍ അയച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ നഴ്സ് കുറ്റക്കാരിയാണെന്ന് ഫിറ്റ്‌നസ് ടു പ്രാക്ടീസ് കമ്മിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. അതിനിടെ സമാനമായ കേസില്‍ നഴ്സിനെ കോടതി ശിക്ഷിച്ചതും ബോര്‍ഡിന്റെ നടപടിയ്ക്ക് കാരണമായി. തുടര്‍ന്നാണ് തീരുമാനത്തിന് അംഗീകാരം തേടി ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചത്.

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മോശപ്പെട്ട സ്വഭാവം തുടര്‍ന്നുവെന്നത് വളരെ ഗൗരവതരമാണെന്ന് ഹൈക്കോടതി പ്രസിഡന്റ് ജസ്റ്റിസ് മേരി ഇര്‍വിന്‍ വിധിയില്‍ പറഞ്ഞു. ഇത്തരം പെരുമാറ്റം ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വലിയ സമ്മര്‍ദ്ദമാണ് നല്‍കുന്നത്. തന്റെ പെരുമാറ്റത്തിന്റെ ഉത്തരവാദിത്വം മറ്റുള്ളവര്‍ക്കു മേല്‍ ചുമത്താനും നഴ്സ് ശ്രമിച്ചു. ഇക്കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതില്‍ സംശയത്തിന്റെ കാര്യമില്ലെന്ന് ജഡ്ജി പറഞ്ഞു.

നഴ്സുമാരുടെ പെരുമാറ്റത്തിന് വളരെ പ്രാധാന്യമുണ്ടെന്നും പ്രൊഫഷന്റെ നിലവാരം ഉയര്‍ത്തിപ്പിടിക്കാന്‍ അത് പര്യാപ്തമാകണമെന്നും നഴ്‌സിംഗ് ആന്റ് മിഡൈ്വഫറി ബോര്‍ഡിന്റെ അഭിപ്രായത്തെ അംഗീകരിക്കുന്നതായും ജഡ്ജി പറഞ്ഞു.

നഴ്സിന്റെ മോശം സ്വഭാവത്തില്‍ നിന്നും പൊതുജനങ്ങളെ രക്ഷിക്കുന്നതിന് രജിസ്ട്രേഷന്‍ റദ്ദാക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ല. കുറഞ്ഞ നടപടികളൊന്നും പ്രശ്ന പരിഹാരമാകില്ല. നഴ്‌സിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ ബോര്‍ഡിന്റെ തീരുമാനം മറികടക്കാന്‍ തക്കതായ ഒരു കാരണവും ബോധിപ്പിക്കാന്‍ നഴ്സിന് കഴിഞ്ഞിട്ടില്ലെന്നും ജഡ്ജി വ്യക്തമാക്കി.

ആവര്‍ത്തിക്കുന്ന തെറ്റുകള്‍ പൊറുക്കേണ്ടതില്ല

നഴ്‌സിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് രണ്ട് പരാതികളാണ് ലഭിച്ചതെന്ന് ജസ്റ്റിസ് ഇര്‍വിന്‍ വിശദീകരിച്ചു. 2016 ഡിസംബറില്‍, സഹപ്രവര്‍ത്തകന്റെ ഫോണിലേയ്ക്ക് നഴ്സിന്റെ ഫോണില്‍ നിന്ന് ലൈംഗിക സന്ദേശങ്ങള്‍ പല പ്രാവശ്യം അയച്ചു. ഇത് മോശമാണെന്നും ഇത്തരം സന്ദേശങ്ങള്‍ അയയ്ക്കരുതെന്നും ഇരയും മറ്റൊരു സഹപ്രവര്‍ത്തകനും നഴ്സിനെ ഉപദേശിച്ചു. എന്നിട്ടും സന്ദേശങ്ങള്‍ അയയ്ക്കുന്നത് തുടരുകയായിരുന്നു.

2019ന്റെ തുടക്കത്തില്‍, മറ്റൊരു സഹപ്രവര്‍ത്തകനെ പീഡിപ്പിച്ചതിന് നഴ്‌സിനെ സര്‍ക്യൂട്ട് കോടതി ശിക്ഷിച്ചിരുന്നു. അപകീര്‍ത്തികരവും അപമാനകരവും നഴ്‌സുമാരുടെയും മിഡൈ്വഫുമാരുടെയും പെരുമാറ്റച്ചട്ടത്തിന്റെ ഗുരുതരമായ ലംഘനവുമാണ് നഴ്‌സിന്റെ പെരുമാറ്റമെന്ന് ഇതുസംബന്ധിച്ച അന്വേഷണം നടത്തിയ സംഘം കണ്ടെത്തിയിരുന്നു.

2020 -ലാണ് ഫിറ്റ്‌നസ് ടു പ്രാക്ടീസ് കമ്മിറ്റി നഴ്‌സ് കുറ്റക്കാരിയാണെന്നും ഇവര്‍ക്ക് മെഡിക്കല്‍ വൈകല്യങ്ങളുണ്ടെന്നും കണ്ടെത്തിയത്. തുടര്‍ന്നാണ് രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ബോര്‍ഡിന് ശുപാര്‍ശ ചെയ്തത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.