head3
head1

ബൈ ബൈ മാലാഖാ…..ഇനി 2022 മേയ് 12 ന് കാണാം …!

കോവിഡിന്റെ തുടക്കസമയമായ 2020…. ഒരു സര്‍ജറിക്കായി കാരിത്താസ് ആശുപത്രിയില്‍ കിടന്ന ദിനങ്ങള്‍ . ഭൂമിയിലെ മാലാഖാമാരെ അടുത്തറിഞ്ഞ 15 ദിവസങ്ങളായിരുന്നു അത് .

ഒരു പാട് കാര്യങ്ങള്‍ അവര്‍ പറയുന്നത് ഞാന്‍ കേട്ടു . നിപ്പ കേരളത്തില്‍ പറന്നിറപ്പോള്‍ രക്തസാക്ഷിയായ സിറ്റര്‍ ലിനയെക്കുറിച്ച് …

മണിക്കൂറുകളോളം പി പിഎ കിറ്റും മാസ്‌കും ധരിച്ച് നില്‍ക്കുന്നതിന്റെ അസ്വസ്ഥകളെക്കുറിച്ച്  കോവിഡ് പിടിമുറുക്കുമ്പോള്‍ തങ്ങള്‍ക്കെന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയെക്കുറിച്ച് ..:

തളര്‍ന്നു കിടന്നു കിടക്കുന്ന അമ്മായിയമ്മയുടെ പ്രാഥമിക കാര്യങ്ങളെല്ലാം നടത്തിച്ച് 8 മണിക്ക് ഹോസ്പിറ്റലില്‍ എത്താന്‍ സ്‌കൂട്ടി യില്‍ പാഞ്ഞു വരുമ്പോഴുള്ള ട്രാഫിക്ക് ബ്ലോക്കിനെക്കുറിച്ച് …

സിസ്റ്ററെ എന്നു വിളിച്ചു കൊണ്ട് അശ്ശീല നോട്ടങ്ങളെറിയുന്നവരെക്കുറിച്ച് ….
നൈറ്റും കഴിഞ്ഞ് വീട്ടില്‍ വന്ന് മക്കളെയും സ്‌കൂളില്‍ വിട്ട് വീട്ടിലെ പണികളും തീര്‍ത്ത് ഉറങ്ങി എന്നു വരുത്തി പാതി മയങ്ങിയ കണ്ണുകളുമായ് ഞങ്ങളുടെയൊക്കെ ജീവിതത്തിലേക്ക് കണ്ണിയാകാനുള്ള ഓട്ടത്തെക്കുറിച്ച് .

വീണ്ടും ഒരു നഴ്സസ് ഡേ കൂടി കടന്നുപോകുന്നു. ഒരു വശത്ത് ഫേസ്ബുക്ക് നിറയെ നഴ്‌സസ് ഡേ ആശംസകള്‍ , പൊന്നാടയണിയിക്കലുകള്‍ മാലാഖമാരെക്കുറിച്ചുള്ള മംഗളപത്രങ്ങള്‍ . മറുവശത്ത് ലോകത്ത് ഈ വര്‍ഗം മാത്രമേ പണി എടുക്കുന്നുള്ളോ , 4 ഗുളികേം തന്ന് രണ്ട് ഇന്‍ജക്ഷനുമെടുത്ത് ഏസി മുറിലിരുന്ന് കുത്തിക്കുറിക്കുന്നതാണോ ഇവരുടെ മലമറിക്കല്‍…..പറ്റിയേല്ലെങ്കില്‍ ഇവളുമാര് പണിക്ക് പോകണ്ടാന്നേ , എന്നിങ്ങനെയുള്ള അഭിപ്രായപ്രകടനങ്ങള്‍

സത്യത്തിലാരാണിവര്‍..?

സ്വന്തം കുഞ്ഞിന്റെ വിസര്‍ജ്യം തുടയ്ക്കാന്‍ പോലും മടുപ്പുള്ളവരുടെ നാട്ടില്‍ , കിടപ്പിലായ മാതാപിതാക്കളുടെ വിസര്‍ജ്യം കോരാന്‍ കഴിയാതെ വൃദ്ധസദനത്തിലാക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ , ഛര്‍ദിയുടെയും ,വിസര്‍ജ്യത്തിന്റെയും ഗന്ധം നിറഞ്ഞ ആശുപത്രി അകത്തളങ്ങളില്‍ ചില ദിവസങ്ങളില്‍ ഒന്നു ടോയ്‌ലറ്റില്‍ പോലും പോകാന്‍ പറ്റാതെ , വായില്‍ വച്ച ചോറ് മുഴുവനിറക്കാതെ നിങ്ങള്‍ക്കു വേണ്ടി ഓടിനടക്കുന്നവര്‍ . …

ദിവസം 500 രൂപ കൊടുത്താലും വീട്ടില്‍ നില്‍ക്കാന്‍ ഹോം നഴ്‌സിനെ കിട്ടാനില്ലാത്ത കാലത്ത് ആറേഴ് ലക്ഷം ലോണെടുത്ത് പഠിച്ച്  ന്യായമായ ശമ്പളത്തിനു വേണ്ടി തെരുവില്‍ മക്കളെയും കെട്ടിപ്പിടിച്ച് ആശുപത്രിക്കു മുന്‍പില്‍ സമരം ചെയ്യുന്നവര്‍ ….

എല്ലാവരും സുരക്ഷിതരായി വീട്ടിലിരിക്കു എന്ന് ഭരണാധികാരികള്‍ ആഹ്വാനം ചെയ്യുമ്പോള്‍ , ആഗ്രഹമുണ്ടെങ്കിലും സ്വന്തം ജീവന്‍ പണയം വച്ച് ആതുര സേവനത്തിന്റെ മഹനീയ മാതൃക തീര്‍ക്കുന്നവര്‍ …….

രോഗിയോ , വേണ്ടപെട്ടവരോ വിളിച്ചിട്ട് വരാന്‍ ഒരല്പം താമസിച്ചാലോ , ഇഞ്ചക്ഷന്‍ എടുക്കുമ്പോള്‍ വെയിന്‍ കിട്ടാതെ വന്നാലോ വിളിക്കുന്ന കണ്ണുപൊട്ടുന്ന തെറിയില്‍ അലിഞ്ഞില്ലാതായി ഇരുണ്ട നഴ്‌സിംഗ് മുറിയില്‍ കുമ്പിട്ടിരിക്കുന്ന മാലാഘയുടെ മനസ് നിങ്ങള്‍ വായിച്ചിട്ടുണ്ടോ പ്രീയപ്പെട്ടവരേ ..

രോഗം മാറി ഹോസ്പിറ്റലില്‍ നിന്ന് നഴ്‌സിനോട് നന്ദി പറഞ്ഞ് , അവര്‍ക്ക് സമ്മാനങ്ങളും കൊടുത്ത് വീട്ടിലേക്ക് പോകുന്ന നല്ലവരായ രോഗികളുടെ നിറഞ്ഞ ചിരിയും , അവളുമാരെല്ലാം പോക്ക്‌കേസാ എന്ന് പറഞ്ഞ് വഷളചിരി ചിരിക്കുന്നവരെയും കാണുന്നവരാണവര്‍ .

ഓല മേഞ്ഞ കുടിലൂകളിലെ ചാണകം മെഴുകിയ തറകളില്‍ നിന്ന് ഇറ്റാലിയന്‍ മാര്‍ബിളിന്റെ രാജകീയതയില്‍ പടുത്തുയര്‍ത്തിയ കൊട്ടാര സമാനമായ സൗധങ്ങളിലേക്കുള്ള കേരളത്തിന്റെ വളര്‍ച്ചയില്‍ നഴ്‌സിന്റെ വിയര്‍പ്പിന്റെ വിലയുണ്ട് എന്നതാരും മറക്കരുത്
ഇന്നും എത്രയോ നഴ്‌സുമാര്‍ ജീവിതം കരുപ്പിടിപ്പിക്കാനായി കുടുംബത്തെ വിട്ട് , വര്‍ഷങ്ങളായി നാട്ടില്‍വരാനാവാതെ മനം പൊട്ടി ഇറ്റലിയില്‍ പേപ്പറില്ലാതെ ജോലി ചെയ്യുന്നു . യുദ്ധസമാന സാഹചര്യങ്ങളില്‍ ഇസ്രായേല്‍ ,ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ദയനീയത മനസിലാക്കിയിട്ടുണ്ടോ ..കഥകളിനിയും നീളുകയാണ് .

ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റ പിന്‍ഗാമികള്‍ കോവിഡിനെ പേടിക്കാതെ നാളെയും ഉണ്ടാവും .

അവരെ നല്ല ശമ്പളം കൊടുത്ത് ജോലി സാഹചര്യങ്ങള്‍ കൊടുത്ത് ചേര്‍ത്ത് പിടിക്കൂ …സമൂഹമേ, അവരെ മാലാഖയായി കാണണ്ട സഹോദരിയായി ,മകളായി കാണു , അവരും പുഞ്ചിരിക്കട്ടെ

ജോമി ജോസ് കില്‍ക്കെനി

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

Comments are closed.