head1
head3

ഹെല്‍സിങ്കി എയര്‍പോര്‍ട്ടില്‍ കൊറോണയെ ‘പിടിയ്ക്കാന്‍’ നായ്ക്കള്‍,കൊറോണ വൈറസ് സാന്നിധ്യം മണത്തറിയാന്‍ സ്നിഫര്‍ നായ്ക്കളെ നിയോഗിച്ച് ഫിന്‍ലാന്‍ഡ്

ഹെല്‍സിങ്കി : കൊറോണ വൈറസ് സാന്നിധ്യം മണത്തറിയാന്‍ സ്നിഫര്‍ നായ്ക്കളെ നിയോഗിച്ച് ഫിന്‍ലാന്‍ഡിന്റെ പരീക്ഷണം. ഹെല്‍സിങ്കി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് കൊറോണയെ ‘പിടിയ്ക്കാന്‍’ സ്നിഫര്‍ നായ്ക്കളെ ജോലിയ്ക്ക് വെച്ചത്
.ഇത്തരമൊരു പദ്ധതി ആരംഭിക്കുന്ന ലോകത്തിലെ രണ്ടാമത്തെയും യൂറോപ്പിലെ ആദ്യത്തെയും രാജ്യമാണ് ഫിന്‍ലാന്‍ഡ്.

യുണൈറ്റഡ് അറബ് എമിറേറ്റ്സാണ് സമ്മറില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നൂതനമായ പദ്ധതി തുടങ്ങിവെച്ചത്. രോഗം ബാധിച്ച മണത്തറിയുന്നതിനുള്ള ഈ ബദല്‍ രീതി ചെലവ് കുറഞ്ഞതും വേഗത്തിലുള്ളതുമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

നാലുമാസത്തെ പരീക്ഷണാടിസ്ഥാനത്തിലാണ് ഫിന്‍ലാന്‍ഡ് ഹെല്‍സിങ്കി വിമാനത്താവളത്തില്‍ കൊറോണ വൈറസ്-സ്നിഫിംഗ് നായ്ക്കളെ നിയോഗിച്ചത്.ഫിന്‍ലാന്‍ഡിന്റെ സ്മെല്‍ ഡിറ്റക്ഷന്‍ അസോസിയേഷനാണ് വിവിധ ഇനങ്ങളില്‍പ്പെട്ട നാല് നായ്ക്കളെ സര്‍ക്കാര്‍ ധനസഹായത്തോടെ പരിശീലിപ്പിച്ചെടുത്തത്.വളരെ പ്രതീക്ഷ നല്‍കുന്ന ഒരു രീതിയാണിതെന്നും നായ്ക്കള്‍ സ്നിഫിംഗില്‍ വളരെ മികവു കാട്ടുന്നുണ്ടെന്നും ഹെല്‍സിങ്കി യൂണിവേഴ്സിറ്റി ഓഫ് എക്വിന്‍ ആന്‍ഡ് സ്മോള്‍ അനിമല്‍ മെഡിസിന്‍ പ്രൊഫസര്‍ അന്ന ഹീല്‍ം-ജോര്‍ക്ക്മാന്‍ പറഞ്ഞു.

ആശുപത്രികള്‍, തുറമുഖങ്ങള്‍, പ്രായമായവരുടെ വീടുകള്‍, കായിക- സാംസ്‌കാരിക വേദികള്‍ എന്നിങ്ങനെ പരിശീലനം ലഭിച്ച നായ്ക്കള്‍ക്ക് പണിയെടുക്കാന്‍ പറ്റുന്ന ഇടങ്ങളുടെ പട്ടിക പരിശീലകര്‍ തയ്യാറാക്കിയിട്ടുണ്ട്.കൊറോണ വൈറസ് ഡിറ്റക്ടറുകളായ നായ്ക്കളെക്കുറിച്ച് ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ജര്‍മ്മനി അമേരിക്ക തുടങ്ങി നിരവധി രാജ്യങ്ങളിലെ ഗവേഷകര്‍ പഠിക്കുന്നുണ്ട്.

പരിശോധന തികച്ചും സൗജന്യം
ഈ പരിശോധന സൗജന്യമാണെന്ന് മാത്രമല്ല, യാത്രക്കാര്‍ക്ക് നായക്കളുമായി നേരിട്ട് ഇടപെടേണ്ട കാര്യവുമില്ല.ദേഹം തുടച്ച ശേഷം വൈപ്പ് ഒരു ജാറില്‍ നിക്ഷേപിച്ചാല്‍ മതിയാകും.തുടര്‍ന്ന് പ്രത്യേക ബൂത്തില്‍ പരിശോധകരായ നായ്ക്കള്‍ക്ക് മുമ്പില്‍ അവ എത്തിക്കുകയാണ് ചെയ്യുന്നത്.

ഇറ്റി, കോസി, മൈന, വാലോ എന്നീ നാല് നായ്ക്കളാണ് പരിശോധക സംഘത്തിലുള്ളത്.മുമ്പ് കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശീലനവും ഇവര്‍ നേടിയിരുന്നു.നിലത്ത് മന്തിയും,കിടന്നും കുരച്ചുമൊക്കെയാണ് അവര്‍ നിഗമനം അറിയിക്കുക.10 സെക്കന്റിനുള്ളില്‍ ഇത് സംഭവിക്കും. ഒരു മിനിറ്റിനുള്ളില്‍ പരിശോധനാ പ്രക്രിയ പൂര്‍ത്തിയാകും.ഇവിടെ ഫലം പോസിറ്റീവ് ആണെങ്കില്‍, കൃത്യത പരിശോധിക്കുന്നതിന് പിസിആര്‍ കൊറോണ വൈറസ് പരിശോധന നടത്താന്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിക്കും.

ഒരു സമയം ‘രണ്ട് പേര്‍ക്കാണ് ‘ഡ്യൂട്ടി നല്‍കുന്നത്. അവര്‍ വിശ്രമിക്കുമ്പോള്‍ മറ്റ് രണ്ടാളും ഡ്യൂട്ടിയിലെത്തും.ഗന്ധം കുറവാണെങ്കില്‍ നായകള്‍ അധികം ക്ഷീണിക്കില്ല. എന്നാല്‍ ധാരാളം ഗന്ധങ്ങളുണ്ടെങ്കില്‍, നായ്ക്കള്‍ പെട്ടെന്ന് തളരുമെന്ന് പരിശീലകര്‍ പറയുന്നു.ഈ പ്രോഗ്രാമിന് 300 യൂറോയാണ് ചെലവെന്ന് തലസ്ഥാന മേഖല നഗരമായ വാന്റയിലെ ഡെപ്യൂട്ടി മേയര്‍ ടിമോ ആരോങ്കിറ്റോ പറഞ്ഞു.


ഐറിഷ് മലയാളി ന്യൂസ്

Comments are closed.