ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മാത്രം 3,000 അക്കൗണ്ടുകളിലൂടെ 12 മില്യണ്‍ യൂറോയുടെ കുഴല്‍പ്പണം ഒഴുകിയെത്തിയെന്നാണ് ബാങ്കിംഗ് & പേയ്മെന്റ് ഫെഡറേഷന് അയര്‍ലണ്ടിന്റെ (ബി പി എഫ് ഐ) ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
18നും 24നും ഇടയില്‍ പ്രായമുള്ളവരുടേതാണ് കണ്ടെത്തിയ ഈ അക്കൗണ്ടുകളില്‍ ഭൂരിഭാഗവുമെന്നതും ഞെട്ടിക്കുന്നതാണ്.ഒരു അക്കൗണ്ടിലൂടെ ഏറ്റവും കുറഞ്ഞത് 4,000 യൂറോയുടെ ഇടപാടുകളെങ്കിലും നടന്നിട്ടുണ്ടെന്നും കണക്കാക്കപ്പെടുന്നു.
അനധികൃതമായി സമ്പാദിക്കുന്ന പണം മറ്റുള്ളവരുടെ പേരിലുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ ട്രാന്‍സ്ഫര്‍ ചെയ്യുന്നതാണ് കുഴല്‍പ്പണ ഇടപാട്.കുട്ടികളേയും ചെറുപ്പക്കാരെയും സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നവരെയുമാണ് കുഴല്‍പ്പണക്കാര്‍ ഉന്നമിടുന്നത്.
പുതിയ സംരംഭങ്ങള്‍
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നടക്കം നിരവധി വ്യാജ നിക്ഷേപകര്‍ കുഴല്‍പ്പണ സംരംഭകരെ തേടി അയര്‍ലണ്ടില്‍ എത്തുന്നതായി പറയപ്പെടുന്നു.മറ്റു രാജ്യങ്ങളില്‍ നിന്നെത്തുന്ന ഇത്തരം നിക്ഷേപകര്‍ ഈ രാജ്യത്തു നിന്നുള്ള പണം വിദേശങ്ങളിലെത്തിച്ച് അവിടെയും പണം വെളുപ്പിക്കുന്ന അന്താരാഷ്ട്ര കുഴല്‍ പണ ഇടപാടുകള്‍ രുപപ്പെടുത്തുകയാണത്രെ.
ബാങ്കുകളുമായി ചേര്‍ന്ന് ബി പി എഫ് ഐ നേതൃത്വം നല്കിയ ‘ഫ്രാഡ്സ്മാര്‍ട്ട്’ പദ്ധതിയിലൂടെ 15 വയസ്സുള്ളവരുടെവരെ ചില അക്കൗണ്ടുകളും കണ്ടെത്തിയിരുന്നു.പണം വാഗ്ദാനം ചെയ്താണ് കുട്ടികളെയും യുവാക്കളെയും ഇടപാടുകാര്‍ കുടുക്കുന്നത്.
തൊഴില്‍ രഹിതര്‍, സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ എന്നിവരുള്‍പ്പെടെ സാമ്പത്തികമായി ദുര്‍ബലരായ ഗ്രൂപ്പുകളാണ് ഇവര്‍ ടാര്‍ഗെറ്റു ചെയ്യുന്നതെന്ന് ബിപിഎഫ്ഐയുടെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ തലവന്‍ നിയാം ഡാവന്‍പോര്‍ട്ട് പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.