ഡബ്ലിന്‍ : താരിഫ് ആശങ്കകള്‍ക്കിടെ യു എസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്കുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ് അടുത്ത ആഴ്ച അമേരിക്കയിലേക്ക് പോകും.കൂടിക്കാഴ്ച ബുധനാഴ്ചയുണ്ടാകുമെന്ന് സ്ഥിരീകരിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള ടു വേ വ്യാപാര ശൈലികളെക്കുറിച്ച് ഇരുവരും തമ്മില്‍ ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് സന്ദര്‍ശനം.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 20% താരിഫിന്റെ ഞെട്ടലില്‍ നിന്നും കയറ്റുമതി വ്യാപാരികള്‍ ഇനിയും മുക്തമായിട്ടില്ല.മാത്രമല്ല ഔഷധ കയറ്റുമതിയില്‍ കൂടുതല്‍ താരിഫുകള്‍ ഉണ്ടാകുമെന്ന ഭീഷണിയും നിലനില്‍ക്കുന്നു.ഈ പശ്ചാത്തലത്തില്‍ കൂടിക്കാഴ്ചയ്ക്ക് വളരെ പ്രാധാന്യമുണ്ട്.യു എസ് താരിഫുകള്‍ കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും പ്രതിസന്ധിയുണ്ടാക്കുമെന്ന് ഐബെക്ക് വ്യക്തമാക്കിയിരുന്നു. മാന്ദ്യമുണ്ടായാല്‍ അത് ഏറ്റവുമധികം ബാധിക്കുക അയര്‍ലണ്ടിനെയാണ് എന്ന് രാജ്യം തിരിച്ചറിയുന്നു.
ഒട്ടേറെ യു എസ് ഫാര്‍മ, ടെക് കമ്പനികളും അയര്‍ലണ്ടിലുണ്ട്. നിലവില്‍ ഫാര്‍മയെ താരിഫില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും എപ്പോഴാണ് ട്രമ്പിന്റെ പ്രഖ്യാപനം വരികയെന്ന ആശങ്ക വ്യാപാരി സമൂഹത്തിനും തൊഴിലാളികള്‍ക്കുമുണ്ട്. ആയിരക്കണക്കിന് ജോലിക്കാര്‍ വലിയ ആശങ്കയിലുമാണ്.
പകരച്ചുങ്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള സന്നദ്ധത ട്രമ്പ് വ്യക്തമാക്കിയത് നല്ല സൂചനയായാണ് ഇ യുവും അയര്‍ലണ്ടും കാണുന്നത്. ഈ നീക്കത്തെ അയര്‍ലണ്ടും ഇയു നേതാക്കളും സ്വാഗതം ചെയ്തിരുന്നു.എന്നാല്‍ അത് കൊണ്ട് അയര്‍ലണ്ടിനുണ്ടാകുന്ന തൊഴില്‍ നഷ്ടം പരിഹരിക്കാനാവില്ല. അമേരിക്ക ഇടഞ്ഞാല്‍ അത് നഷ്ടമുണ്ടാകുന്നത് അയര്‍ലണ്ടിന് മാത്രമാവും.
അമേരിക്കയുടെ ഏറ്റവും വലിയ വിപണിയാണ് ഇയു. ഈ വ്യാപാര ബന്ധം ആരോഗ്യകരമായി മുന്നോട്ടുകൊണ്ടുപോയാല്‍ ഇരുപക്ഷത്തിനും മുതല്‍ക്കൂട്ടാകും.ഇക്കാര്യങ്ങളെല്ലാം സൈമണ്‍ ഹാരിസ് യു എസ് സന്ദര്‍ശനത്തില്‍ ഹാരിസ് വാണിജ്യസെക്രട്ടറിയെ ബോധ്യപ്പെടുത്തുമെന്നാണ് കരുതുന്നത്.
ചൈനയും ,ജപ്പാനും കളിക്കുന്ന കളി
അമേരിക്കയുടെ ആഗോള വ്യാപാര താരീഫ് നയങ്ങള്‍ക്കെതിരെ ചൈനയും ജപ്പാനും സ്വീകരിച്ച നിലപാടുകള്‍ പോലെ അയര്‍ലണ്ടിന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്.
അമേരിക്കന്‍ നികുതികള്‍ക്കെതിരെ ഏറ്റവും മുന്‍നിരയില്‍ പ്രതികരിച്ചത് ചൈനയായിരുന്നു. അമിതമായ തോതില്‍ പകര ചുങ്കം ഏര്‍പ്പെടുത്തിയും, വ്യാപാര സഹകരണങ്ങളില്‍ കുറവുവരുത്താനും ചൈന ശ്രമിച്ചു. യുഎസ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, കാറുകള്‍, മറ്റ് പ്രധാന കയറ്റുമതികള്‍ എന്നിവയ്ക്ക് ചൈന നികുതി ഉയര്‍ത്തുകയും അമേരിക്കയ്ക്കെതിരെ ലോക വ്യാപാര സംഘടന വഴി നിയമപരമായ നടപടി സ്വീകരിക്കുകയും ചെയ്തു.. ബ്രസീല്‍, ഇന്ത്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി തോത് മാറ്റിയതോടെ അമേരിക്കയെ ആശ്രയിക്കേണ്ട അവസ്ഥ കുറഞ്ഞു.
ജപ്പാനാവട്ടെ അധികം വാശിക്ക് പോകാതെ , അതിന്റെ മിതവാദ രാഷ്ട്രീയം തുടരുകയും അമേരിക്കയുമായി സഹകരണപരമായ സമീപനത്തിന് തയാറാവുകയും ചെയ്തു.ജപ്പാനോടും അമേരിക്കയുടെ കളി വിലപോകാനിടയില്ല താനും. കാരണം അത്രയേറെ യുഎസ് ട്രഷറി സെക്യൂരിറ്റികള്‍ ജപ്പാന്‍ കൈവശം വച്ചിട്ടുണ്ട്. 2025 ജനുവരിയിലെ കണക്കനുസരിച്ച്, ജപ്പാന്റെ ഹോള്‍ഡിംഗുകള്‍ ഏകദേശം 1.079 ട്രില്യണ്‍ ഡോളറായിരുന്നു. ആയിരുന്നു, ഇതോടെ യുഎസ് ട്രഷറി സെക്യൂരിറ്റികളുടെ ഏറ്റവും വലിയ വിദേശ ഹോള്‍ഡറായി ജപ്പാന്‍ മാറി. ചുങ്കം ഏര്‍പ്പെടുത്തിയതോടെ അമേരിക്ക ജപ്പാനോട് വാങ്ങിയിട്ടുള്ള ഈ കടം ജപ്പാന്‍ തിരികെ ചോദിക്കുന്നുണ്ട് എന്ന് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പരന്നിരുന്നു.അത്തരമൊരു നീക്കം ജപ്പാന്റെ ഭാഗത്തു നിന്നുണ്ടായാല്‍ അമേരിക്ക ‘വെള്ളം കുടിയ്ക്കുക’ തന്നെ ചെയ്യും
അതേസമയം,യൂറോപ്യന്‍ യൂണിയനോടുള്ള യു എസ് വിരോധം അസ്ഥാനത്താണെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു.ത്രൈമാസ ലേബര്‍ എംപ്ലോയര്‍ ഇക്കണോമിക് ഫോറത്തിന്റെ യോഗത്തില്‍ സംസാരിക്കവെയാണ് മാര്‍ട്ടിന്റെ പ്രതികരണം.ചര്‍ച്ചകളില്‍ ഏര്‍പ്പെടാമെങ്കിലും പ്രതിരോധ നടപടികളും ഒരു ഓപ്ഷനാണെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.ഇ യുവും യു എസുമായുള്ള ചര്‍ച്ചകള്‍ക്ക് ട്രമ്പ് വഴി തുറന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഇ യൂ വിന്റെ ചിറകില്‍ പറക്കുന്നതിലുപരി സ്വന്തമായ വഴി തേടുകയാണ് നല്ലതെന്ന് അയര്‍ലണ്ടിന് നന്നായറിയാം. അത് കൊണ്ട് തന്നെയാണ് സൈമണ്‍ ഹാരീസ് അമേരിക്കയിലേയ്ക്ക് പോകാനൊരുങ്ങുന്നതും
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.