ഡബ്ലിന്‍ : ഹാലോവീനിന്റെ വൈകുന്നേരം ദുരാത്മാക്കള്‍ ലോകം സന്ദര്‍ശിക്കാനെത്തുമെന്നാണ് പുരാതന വിശ്വാസം. ദുരാത്മാക്കളെ അകറ്റാനായി പൈശാചിക വേഷം ധരിച്ചും, പൈശാചിക രൂപങ്ങള്‍ വീടിനു മുന്നില്‍ തൂക്കിയിട്ടും ഒക്കെയാണ് ലോകമെമ്പാടും എല്ലാവര്‍ഷവും ഒക്ടോബര്‍ 31ന് ഹാലോവീന്‍ ആഘോഷിക്കാറ്.
എന്നാല്‍, കോവിഡ് പ്രതിസന്ധിക്കിടെയാണ് ഇത്തവണ ഹാലോവീന്‍ വന്നെത്തുന്നത്.
ദുരാത്മാക്കളെ കുറിച്ചുള്ള വിശ്വാസങ്ങള്‍ക്ക് പകരം വര്‍ഷങ്ങളായി ഈ ദിവസത്തെ ആഘോഷമാക്കുകയാണ് അയര്‍ലണ്ടില്‍ പതിവ്. കുട്ടികളും മുതിര്‍ന്നവരും പൈശാചിക വേഷം ധരിച്ചും വീടിനു മുന്നില്‍ ഹാലോവീന്‍ രൂപങ്ങള്‍ തൂക്കിയിട്ടും പൈശാചിക രൂപം കെട്ടി ആളുകളെ വീട്ടില്‍ പോയി പേടിപ്പിച്ചും, സമ്മാനങ്ങള്‍ നല്‍കിയും മറ്റ് വിനോദങ്ങളില്‍ ഏര്‍പ്പെട്ടുമാണ് ഐറിഷുകാര്‍ ഹാലോവീനെ ആഘോഷിക്കാറ്. കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പൊതുസ്ഥലങ്ങളിലെ ഹാലോവീന്‍ ആഘോഷങ്ങള്‍ ഇത്തവണ ഉണ്ടാവില്ല.
അതേസമയം, ചില പുരാതന, സമീപകാല ഹാലോവീന്‍ ആഘോഷങ്ങളെ പരിചയപ്പെടാം…
ബോണ്‍ഫയര്‍
രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് അയര്‍ലണ്ടില്‍ ജീവിച്ചിരുന്ന സെല്‍ട്‌സ് സമൂഹത്തോളം പഴക്കമുള്ളതാണ് ഹാലോവീന്റെ ചരിത്രം. വേനല്‍ക്കാലത്തിന്റെ അവസാനമായും മറ്റൊരു വര്‍ഷത്തിന്റെ തുടക്കമായുമായി സാംഹെയിന്‍ എന്ന പേരിലായിരുന്നു ആദ്യകാലങ്ങളില്‍ ഈ ആഘോഷം അറിയപ്പെട്ടിരുന്നത്.
ആത്മാക്കള്‍ക്ക് ഭൂമിയിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു ദിവസമായാണ് ഹാലോവീനെ കണ്ടിരുന്നത്. ഇതിനാല്‍ ദുരാത്മാക്കളെ ഭൂമിയില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ സമൂഹം ഒത്തുചേര്‍ന്ന് വലിയ തീ കത്തുന്നതിനെയാണ് ബോണ്‍ഫയര്‍ എന്ന് പറയുന്നത്.
വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തേക്ക് പോകുന്നതിന് മുമ്പ് വീട്ടിലെ ചൂളയിലും തീകത്തിക്കും. ബോണ്‍ഫയറില്‍ നിന്ന് ശേഖരിക്കുന്ന കനലുപയോഗിച്ച് വീട്ടില്‍ തിരികെ എത്തിയ ശേഷം കെട്ട തീ വീണ്ടും കത്തിക്കും. അപ്പോള്‍ നല്ല ഭാഗ്യം ലഭിക്കുമെന്നാണ് ചിലരുടെ വിശ്വാസം.
പിറ്റേദിവസം, ഈ ചാരം കൃഷിയിടത്തില്‍ വിതറിയാല്‍ വരുന്ന വര്‍ഷത്തില്‍ കര്‍ഷകര്‍ക്ക് അഭിവൃദ്ധിയുണ്ടാകുമെന്നും ദുഃഖമുണ്ടാകില്ലെന്നും വിശ്വസിക്കപ്പെടുന്നു.
ബോണ്‍ഫയര്‍ സ്വപ്നങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. പ്രത്യേകിച്ച് ഭാവി ഭര്‍ത്താവിനെയോ ഭാര്യയെയോ കുറിച്ചുള്ള സ്വപ്‌നങ്ങളെ. തലമുടി മുറിച്ച് തീയില്‍ ഇട്ടാല്‍ നിങ്ങളുടെ ആദ്യ ഭര്‍ത്താവിന്റെ ഐഡന്റിറ്റി വെളിപ്പെടുമെന്നാണ് വിശ്വാസം!
ജാക്ക്-ഓ-ലാന്റേണ്‍
ജാക്ക് ഓ ലാന്റേണ്‍ സംബന്ധിച്ച് രണ്ടു ആശയങ്ങളാണ് നിലനില്‍ക്കുന്നത്. സെല്‍ടിക് പാരമ്പര്യമാണ് ഇതിലൊന്ന്. ആളുകള്‍ ഒരുമിച്ച് ചേര്‍ന്ന് വലിയ തീ കത്തിക്കുന്നതില്‍ നിന്ന് വീടുകളിലേക്ക് ചെറിയ കനലുകള്‍ കൊണ്ടുപോകാനാണ് ജാക്ക് ഓ ലാന്റേണ്‍ ഉപയോഗിച്ചരുതെന്നാണ് കരുതപ്പെടുന്നത്. പൊള്ളയായ ടര്‍ണിപ്പിനകത്ത് വെച്ച് കനല്‍ കൊണ്ടുവരുന്നതിനാല്‍ കെടാതെ സൂക്ഷിക്കാന്‍ സാധിക്കും.
ജാക്ക്-ഒ-ലാന്റേണ്‍ പതിനെട്ടാം നൂറ്റാണ്ടിലേതാണ് എന്നതാണ് മറ്റൊരു കഥ. ജാക്ക് എന്ന ഐറിഷ് കൊല്ലപ്പണിക്കാരന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. പിശാചിന്റെ കൂടെയുള്ള നടത്തം അദ്ദേഹത്തെ സ്വര്‍ഗ പ്രവേശനത്തിനെ തടഞ്ഞു. ജാക്ക് പിശാചിനോട് വെളിച്ചം ചോദിച്ചതായും പിശാച് കത്തുന്ന കല്‍ക്കരി ടര്‍ണിപ് തുരന്ന് അതിലിട്ടു നല്‍കിയെന്നുമാണ് കഥ. ചില ഐറിഷുകാര്‍ ഇപ്പോഴും ജാക്കിന്റെ അലഞ്ഞു തിരിയുന്ന ആത്മാവിന അകറ്റാന്‍ അവരുടെ വീടിന്റെ മുന്‍ജാലകത്തില്‍ ജാക്ക് ഓ ലാന്റേണ്‍ തൂക്കിയിടുന്നുണ്ട്.
സ്‌കോട്ട് – ഐറിഷ് അമേരിക്കയിലേക്ക് കുടിയേറിയപ്പോള്‍, അവര്‍ ആ പാരമ്പര്യം സ്വീകരിച്ച് ടര്‍ണിപ്പിന് പകരം മത്തങ്ങകള്‍ ഉപയോഗിച്ചു.
പ്രത്യേക വസ്ത്രധാരണം
പ്രത്യേകം വസ്ത്രം ധരിച്ചാണ് ബോണ്‍ഫയറില്‍ പങ്കെടുക്കാന്‍ ആളുകള്‍ ഒത്തുകൂടുന്നത്. ദുരാത്മാക്കളെ ഭയപ്പെടുത്താന്‍ മുഗങ്ങളുടെ തല, രൂപം എന്നിങ്ങനെയുള്ളതും പൈശാചികവുമായിരിക്കും വസ്ത്രങ്ങള്‍. ആളുകള്‍ മുഖത്ത് ചായവും പൂശും.
ആളിപ്പടരുന്ന വലിയ തീ കണ്ട് ദുരാത്മാക്കള്‍ ഭയപ്പെടുമെന്നാണ് വിശ്വാസം. ഭൂമിയില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ആത്മാക്കള്‍ ഈ തീയില്‍ അലിഞ്ഞു ചേരുമെന്നും വിശ്വാസമുണ്ട്.
ട്രിക്ക് ഓര്‍ ട്രീറ്റ്
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവതരിച്ച ആശയമാണ് ട്രിക്ക് അല്ലെങ്കില്‍ ട്രീറ്റ്. അയര്‍ലണ്ടിലെ ദരിദ്രര്‍ സമ്പന്നരുടെ വീടുകളില്‍ ചെന്ന് ഭക്ഷണം, തടിക്കഷ്ണങ്ങള്‍, പണം എന്നിവ ചോദിക്കും. തുടര്‍ന്ന് ഇവ ശേഖരിച്ചാണ് അവര്‍ ഹാലോവീന്‍ ആഘോഷിച്ച് പോന്നത്.
സ്‌നാപ്പ് ആപ്പിള്‍
ഹാലോവീന്‍ രാത്രിയില്‍ കളിക്കുന്ന നിരവധി ഗെയിമുകളിലൊന്നാണ് സ്‌നാപ്പ് ആപ്പിളും ആപ്പിള്‍ ബോബിംഗും.
ഒരു ആപ്പിള്‍ ചരടില്‍ കെട്ടിത്തൂക്കും. തുടര്‍ന്ന് കുട്ടികളുടെ കൈപിറകില്‍ നിന്ന് കെട്ടുകയും കണ്ണുകള്‍ അടക്കുകയും ചെയ്യും. ചരടില്‍ ആടിക്കളിക്കുന്ന ആപ്പിളിന്റെ ഒരു ഭാഗം ആദ്യം കടിച്ചെടുക്കുന്ന കുട്ടിക്കാണ് സമ്മാനം ലഭിക്കുക.
അതേസമയം, ആപ്പിളുകള്‍ ഒരു പാത്രത്തില്‍ വെള്ളത്തില്‍ ഇട്ടിട്ട് കുട്ടികള്‍ ആപ്പിളുകള്‍ കടിച്ചെടുക്കുന്നതിനെയാണ് ആപ്പിള്‍ ബോബിംഗ് എന്ന് പറയുന്നത്.
സ്‌നേഹം ഫലഭൂയിഷ്ഠത എന്നിവയുമായാണ് ആപ്പിളിനെ ബന്ധിപ്പിച്ചിരിക്കുന്നത്. ആദ്യം ആപ്പിള്‍ കടിച്ചെടുക്കുന്ന ആള്‍ ആദ്യം വിവാഹം കഴിക്കുമെന്നാണ് പറയപ്പെടുന്നത്. ബോബിംഗിനിടെ ആപ്പിള്‍ ആദ്യം ആപ്പിള്‍ കടിച്ചെടുക്കുന്ന പെണ്‍കുട്ടി ആപ്പിളിന്റെ ബാക്കി തലയണയ്ക്കടിയില്‍ സൂക്ഷിച്ച് വച്ചാല്‍ അവരുടെ ഭാവി കാമുകനെ സ്വപ്‌നം കാണുമെന്നും വിശ്വാസമുണ്ട്.
ഷേവിംഗ് ദി ഫ്രൈര്‍
ചാരത്തിന്റെ ഒരു കൂമ്പാരം ഒരു കോണ്‍ ആകൃതിയില്‍ സൃഷ്ടിക്കും. തുടര്‍ന്ന് ഒരു തടിക്കഷ്ണം ചാരത്തിന്റെ ഏറ്റവും മുകളിലായി വെക്കും. ഓരോ കളിക്കാരനും തടിക്കഷ്ണം നിലത്ത് വീഴാതെ പരമാവധി ചാരം വാരിയെടുക്കുന്നതാണ് ഗെയിം. കൗണ്ടി മീത്തില്‍ ഈ പഴയ ഗെയിം വളരെ ജനപ്രിയമായിരുന്നുവെന്ന് പറയപ്പെടുന്നു.
കണ്ണടച്ച് കാബേജ് പറിക്കല്‍
കണ്ണ് കെട്ടിയ പെണ്‍കുട്ടികള്‍ വയലിലേക്ക് പോയി കയ്യില്‍ കിട്ടുന്ന ആദ്യത്തെ കാബേജ് പറിച്ചെടുക്കണംയ. കാബേജിന്റെ വേരില്‍ ധാരാളം മണ്ണുണ്ടെങ്കില്‍ അവരുടെ ഭാവി കാമുകന് പണമുണ്ടാകുമെന്നാണ് വിശ്വാസം. പെണ്‍കുട്ടി കാബേജ് കഴിച്ചാല്‍ അവരുടെ ഭാവി ഭര്‍ത്താവിന്റെ സ്വഭാവവും മനസിലാക്കാന്‍ കഴിയുമെന്നും പറയപ്പെടുന്നു.
യക്ഷികളെ തുരത്താന്‍
ഹാലോവീന്‍ രാത്രിയില്‍ യക്ഷിയും ഭൂതങ്ങളും ആത്മാക്കളെ ശേഖരിക്കുമെന്നാണ് വിശ്വാസം. ഇതിനാല്‍, ആളുകള്‍ തങ്ങളുടെ കാലിനടിയിലെ പൊടി എടുത്ത് ആകാശത്തേക്ക് എറിഞ്ഞാല്‍ യക്ഷികളുടെ കയ്യിലുള്ള ആത്മാക്കള്‍ മോചിപ്പിക്കപ്പെടുമെന്നാണ് കഥ. എന്നിരുന്നാലും, കാലക്രമേണ ഈ വിശ്വാസത്തിലും മാറ്റം വന്നു.
വളര്‍ത്തു മൃഗങ്ങളെ ഹാലോവീന്‍ രാത്രിയില്‍ സുരക്ഷിതമാക്കാന്‍ വിശുദ്ധ ജലം കൊണ്ട് അഭിഷേകം ചെയ്യും. അനാരോഗ്യം പ്രകടിപ്പിക്കുന്ന മൃഗങ്ങളെ ദുരാത്മാക്കളില്‍ നിന്ന രക്ഷിതക്കാന്‍ അവയ്ക്ക് നേരെ തുപ്പുകയും ചെയ്യാറുണ്ടെന്നാണ് കഥ.
ഐറിഷ് മലയാളി ന്യൂസ്.
Comments are closed.