പണപ്പെരുപ്പവും ഉക്രൈയ്ന്‍ യുദ്ധാഘാതങ്ങളും: അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ച തകരുമെന്നുറപ്പിച്ച് സര്‍ക്കാര്‍
ഡബ്ലിന്‍ : കുതിച്ചുയരുന്ന പണപ്പെരുപ്പവും ഉക്രൈയ്‌നിലെ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളും അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ചയെ തളര്‍ത്തുമെന്നുറപ്പിച്ച് സര്‍ക്കാര്‍. ഇന്ധന വിലക്കയറ്റവും നിത്യാപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ഭക്ഷ്യക്ഷാമം പോലെ പ്രതീക്ഷിക്കുന്ന പ്രതികൂലതകളും സമ്പദ്വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതിനാല്‍ അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ച 2.25% കുറയുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു. നേരത്തേ 6.25% പ്രതീക്ഷിച്ച വളര്‍ച്ചാനിരക്ക് 4.25% ആയി കുറയുമെന്നാണ് ധന വകുപ്പിന്റെ സ്റ്റെബിലിറ്റി പ്രോഗ്രാം അപ്‌ഡേറ്റ് (എസ്പിയു) പറയുന്നത്. എന്നിരുന്നാലും ആശങ്കയ്ക്ക് വകയില്ലെന്നാണ് ധന, പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ മന്ത്രിമാര്‍ പറയുന്നത്.
ബജറ്റ് സമയത്ത്, ആഭ്യന്തര ഡിമാന്റ് ഈ വര്‍ഷം 6.5% വളരുമെന്ന് പ്രവചിച്ചിരുന്നു. പണപ്പെരുപ്പം നേരത്തേ കരുതിയിരുന്ന ശരാശരി 6.25%ല്‍ നിന്നും രണ്ടാം പാദത്തില്‍ 6.75% ആയും ഉയര്‍ന്നു. എണ്ണ, വാതക വിലകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, മൂന്നാം പാദത്തില്‍ പണപ്പെരുപ്പം 9.25% ആയി ഉയരുമെന്നും മൊത്തത്തില്‍ ശരാശരി 8.25% ആകുമെന്നും എസ്പിയു പറയുന്നു. ബജറ്റ് സമയത്ത് പണപ്പെരുപ്പം ശരാശരി 2.2% ആയിരിക്കുമെന്നായിരുന്നു അനുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത് കുതിച്ചുയരുന്ന നിലയിലാണ്.
വര്‍ഷത്തില്‍ രണ്ടു തവണയാണ് ധനവകുപ്പ് സാമ്പത്തിക പ്രവചനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. അടുത്ത പ്രവചനം ഒക്ടോബറിലെ ബജറ്റ് ദിനത്തിലാകും പ്രസിദ്ധീകരിക്കുക. ഈ പ്രതികൂലതകളിലും ധനസ്ഥിതി മെച്ചപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വിലയിരുത്തുന്നു.
കമ്മി കുറയും… ചെറിയ മിച്ചവും
കഴിഞ്ഞ ഒക്ടോബറില്‍ 8.3 ബില്യണ്‍ യൂറോ(ജിഎന്‍ഐയുടെ 3.4%)യുടെ കമ്മിയാണ് സര്‍ക്കാര്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം അത് 2 ബില്യണ്‍ യൂറോയോ ജിഎന്‍ഐയുടെ 0.8% ആയിരിക്കുമെന്നാണ് പുതിയ പ്രവചനം. അടുത്ത വര്‍ഷം 1.2 ബില്യണ്‍ യൂറോയുടെ (0.5%) മിച്ചവും പ്രവചിക്കുന്നു.
തൊഴിലില്ലായ്മ കുറയും…
രാജ്യത്തെ തൊഴിലില്ലായ്മയുടെ ശരാശരി 6.25% ആയിരിക്കുമെന്ന് പ്രവചനം പറയുന്നു. തൊഴില്‍ വളര്‍ച്ച തുടരുമെന്നും അതിന്റെ ഫലമായി ഈ വര്‍ഷം അവസാനത്തോടെ തൊഴിലില്ലായ്മ 5.5% ആയി കുറയുമെന്നും എസ്പിയു കരുതുന്നു.
കട ബാധ്യത കൂടും
എന്നിരുന്നാലും, കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ ചെലവ് ഒരു ശതമാനം വര്‍ദ്ധിച്ചുവെന്നും അത് ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും എസ്പിയു പറയുന്നു.
ഉക്രൈന്‍ ജനതയ്ക്കായി മൂന്ന് ബില്യണ്‍ യൂറോ
ഉക്രൈനിയന്‍ കുടിയേറ്റക്കാരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകളും ഈ പ്രവചനത്തിലുള്‍പ്പെട്ടിട്ടുണ്ട്. ഉക്രൈനിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് എസ്പിയു 3 ബില്യണ്‍ യൂറോയാണ് നീക്കിവെച്ചിട്ടുള്ളത്. പൊതുസേവനങ്ങളുടെയും എന്‍ഡിപിയുടെയും പ്രധാന ചെലവുകളെ ഈ തുക ബാധിക്കില്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു.
വൃദ്ധര്‍ ബാധ്യതയാകും…
വൃദ്ധജനതയുടെ സംരക്ഷണത്തിനായുള്ള ചെലവ് വരും വര്‍ഷങ്ങളില്‍ വലിയ ബാധ്യതയാകുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഈ ഇനത്തില്‍ ഈ വര്‍ഷം 7 ബില്യണ്‍ യൂറോയുടെ അധിക ചെലവ് വരുമെന്ന് റിപ്പോര്‍ട്ട് കണക്കാക്കുന്നു.
ഉയര്‍ന്ന പണപ്പെരുപ്പം കുടുംബങ്ങളുടെ വാങ്ങല്‍ ശേഷിയെ ബാധിക്കുമെങ്കിലും സാമ്പത്തിക വളര്‍ച്ചയുടെ പാളം തെറ്റില്ലെന്ന് ധനകാര്യ മന്ത്രി പാസ്‌കല്‍ ഡോണോ പറഞ്ഞു.
വിലക്കയറ്റവുമായി ബന്ധപ്പെട്ട് കുടുംബങ്ങള്‍ നേരിടുന്ന സമ്മര്‍ദങ്ങള്‍ സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അത് ലഘൂകരിക്കുന്നതിന് 1 ബില്യണ്‍ യൂറോയുടെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ മന്ത്രി മീ ഹോള്‍ മഗ്രാത്ത് പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.