ഡബ്ലിന്‍ : പണപ്പെരുപ്പവും ജീവിതച്ചെലവുമുയര്‍ത്തുന്ന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി ബജറ്റ് നേരത്തേ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം. സെപ്തംബര്‍ 27ന് ബജറ്റ് അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന് മുന്നോടിയായി സമ്മര്‍ ഇക്കണോമിക് സ്റ്റേറ്റ്മെന്റും സര്‍ക്കാര്‍ പുറത്തിറക്കി.
ജീവിതച്ചെലവ് പ്രതിസന്ധി മറികടക്കുന്നതിന് 6.7 ബില്യണ്‍ യൂറോയുടെ പാക്കേജാണ് മന്ത്രിസഭാ യോഗം ഇന്നലെ അംഗീകരിച്ചത്. സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ വിമര്‍ശനങ്ങളെ മറികടക്കാനാണ് സാധാരണ ഒക്ടോബര്‍ 11ന് പ്ലാന്‍ ചെയ്ത ബജറ്റ് രണ്ടാഴ്ച മുമ്പേയാക്കിയത്.
ഉയര്‍ന്ന പൊതുകടം, പ്രായമാകുന്നവരുടെ സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കല്‍, ഡിജിറ്റല്‍ പരിവര്‍ത്തനം, സ്ലാന്റെകെയര്‍ നടപ്പിലാക്കല്‍ എന്നിവയുള്‍പ്പടെ സമ്പദ്വ്യവസ്ഥയുടെ ബാധ്യതകള്‍ ഈ സ്റ്റേറ്റ്മെന്റ് വെളിപ്പെടുത്തുന്നു.
സര്‍ക്കാര്‍ ഖജനാവ് മിച്ചത്തില്‍
ഉക്രൈന്‍ യുദ്ധമുള്‍പ്പടെയുള്ള ആഗോള സാഹചര്യങ്ങളുയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും നേരത്തെ പ്രതീക്ഷിച്ചിരുന്ന കമ്മിയെ ചെറിയ ബജറ്റ് മിച്ചത്തിലേയ്ക്കെത്തിക്കാനായെന്നത് സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ്.
കഴിഞ്ഞ വര്‍ഷം ഈ സമയം 5.3 ബില്യണ്‍ യൂറോയുടെ കമ്മിയായിരുന്നു ഉണ്ടായിരുന്നത്. അതിനു മേലാണ് 9.5 ബില്യണ്‍ യൂറോയുടെ പുരോഗതി നേടിയത്. കോര്‍പ്പറേഷന്‍ നികുതി, വാറ്റ്, ആദായനികുതി എന്നിവയൊക്കെയാണ് സര്‍ക്കാരിനെ രക്ഷിച്ചത്.
രക്ഷയായത് ഉയര്‍ന്ന നികുതി വരുമാനം
ജൂണില്‍ ലഭിച്ച പ്രതീക്ഷിച്ചതിലും ഉയര്‍ന്ന നികുതി വരുമാനമാണ് ഖജനാവില്‍ 4.2 ബില്യണ്‍ യൂറോയുടെ മിച്ചമുണ്ടാക്കിയത്. ഇതാണ് ജീവിതച്ചെലവ് നടപടികള്‍ക്കായി തുക ചെലവഴിക്കാന്‍ സര്‍ക്കാരിന് വഴിയൊരുക്കിയതും.
2023ല്‍ 6.7 ബില്യണ്‍ യൂറോയുടെ ചെലവുകളാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 1.7 ബില്യണ്‍ യൂറോയുടെ വര്‍ദ്ധനവാണിത്. 85.8 ബില്യണ്‍ യൂറോയാണ് കോര്‍ സ്പെന്റിംഗിനായി നീക്കിവെച്ചിട്ടുള്ളത്.
ഒറ്റത്തവണ നടപടികള്‍ക്കായി 2.7 ബില്യണ്‍ യൂറോ
സാധാരണക്കാര്‍ക്ക് മേല്‍ നികുതി ഭാരം വരുത്താതെ 1.05 ബില്യണ്‍ യൂറോയുടെ ടാക്സേഷനുണ്ടാകുമെന്ന് സ്റ്റേറ്റ്മെന്റ് കാണിക്കുന്നു. ജീവിതച്ചെലവ്, സോഷ്യല്‍ വെല്‍ഫെയര്‍ പേമെന്റ്, പുതിയ പൊതു ശമ്പള കരാര്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനായി ഒറ്റത്തവണ നടപടികള്‍ക്കായി 2.7 ബില്യണ്‍ യൂറോ നീക്കിവെച്ചിട്ടുണ്ട്.
ഇതില്‍ 400 മില്യണ്‍ യൂറോ ഈ വര്‍ഷം അവസാനത്തോടെ വരുന്ന ചെലവുകളാണ്.
ജനസംഖ്യാപരമായ മാറ്റങ്ങള്‍, നാഷണല്‍ ഡവലപ്മെന്റ് പ്ലാന്‍, പൊതുമേഖലാ ശമ്പള വര്‍ധന എന്നിവയ്ക്കായി 3 ബില്യണ്‍ യൂറോയും വിനിയോഗിക്കും. 2023ല്‍ 3.9 ശതമാനം വളര്‍ച്ച നേടുമെന്നും ധനവകുപ്പ് കണക്കുകൂട്ടുന്നു.
സാമ്പത്തിക മാന്ദ്യ സാധ്യതകളെ തള്ളി സമ്മര്‍ സ്റ്റേറ്റ്‌മെന്റ്
അയര്‍ലണ്ട് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളെ തള്ളിക്കളയുന്ന സൂചനകളാണ് സമ്മര്‍ സ്റ്റേറ്റ്‌മെന്റ് നല്‍കുന്നത്.
രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണെന്ന് സണ്‍ഡേ ഇന്‍ഡിപെന്‍ഡന്റ്/അയര്‍ലണ്ട് തിങ്ക്സ് പോള്‍ കഴിഞ്ഞ ആഴ്ച നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ തെളിഞ്ഞതിന് പിന്നാലെ ആ കണ്ടെത്തലിനെ ബലപ്പെടുത്തുന്ന ഡാറ്റകളും വാദഗതികളുമായി പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ഡേവിഡ് മക് വില്യംസും രംഗത്തുവന്നിരുന്നു.
അയര്‍ലണ്ടിലെ അഞ്ചില്‍ നാലു പേരും രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്ന് വിശ്വസിക്കുന്നതായാണ് അഭിപ്രായ വോട്ടെടുപ്പില്‍ തെളിഞ്ഞത്. കുതിച്ചുയരുന്ന പണപ്പെരുപ്പം രാജ്യത്തെ കുഴപ്പത്തിലേയ്ക്ക് നയിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധന്‍ മക് വില്യംസും വെളിപ്പെടുത്തുന്നത്. ഇതിന്റെ സൂചനകള്‍ ഇപ്പോള്‍ത്തന്നെ കണ്ടു തുടങ്ങിയതായും ഇദ്ദേഹം പറയുന്നു. ശരത്കാലത്തോടെ മാന്ദ്യം അനുഭവിച്ചു തുടങ്ങുമെന്നാണ് ഇദ്ദേഹത്തിന്റെ നിഗമനം.
ആഗോള ക്രെഡിറ്റ് പ്രതിസന്ധി ഇതിനകം തന്നെ ഡബ്ലിനിലെ സാങ്കേതിക മേഖലയെ ബാധിച്ചു തുടങ്ങിയതായി മക് വില്യംസ് പറഞ്ഞു. പല സ്ഥാപനങ്ങളും ആളുകളെ പിരിച്ചുവിട്ടു തുടങ്ങിയിട്ടുണ്ട്. സിലിക്കണ്‍ വാലിയും പ്രതിസന്ധിയിലാണ്.
പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ടെക് കമ്പനികള്‍ ആളുകളെ പിരിച്ചുവിടുന്നത് എന്നതാണ് ഡബ്ലിനിലെ വലിയ പ്രശ്നമെന്നും സാങ്കേതികവിദ്യാ മേഖലയുടെ ശുഭാപ്തിവിശ്വാസത്തില്‍ തകര്‍ച്ചയുണ്ടായെന്നും ഇദ്ദേഹം പറയുന്നു.
അയര്‍ലണ്ടിന്റെ പണപ്പെരുപ്പ നിരക്ക് 9.6 ശതമാനത്തില്‍
അയര്‍ലണ്ടിന്റെ പണപ്പെരുപ്പ നിരക്ക് 9.6 ശതമാനത്തില്‍ എത്തിയതായാണ് കണക്കാക്കുന്നത്. ഉക്രൈയ്ന്‍ യുദ്ധവും ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളുമാണ് പണപ്പെരുപ്പം കുതിച്ചുയരുന്നതിനുള്ള പ്രധാന കാരണങ്ങളായി വിലയിരുത്തുന്നത്. ടെസ്‌കോ അടക്കമുള്ള പ്രമുഖ കമ്പനികളെല്ലാം ഇരുപത് ശതമാനത്തിലധികം വിലയാണ് ഭക്ഷ്യോത്പന്നങ്ങള്‍ക്ക് പോലും വര്‍ധിപ്പിച്ചിരിക്കുന്നത്.
കുതിയ്ക്കുന്ന പണപ്പെരുപ്പം ആളുകളുടെ പര്‍ച്ചേസിംഗ് പവറിനെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു. അയര്‍ലണ്ടിന്റെ തലസ്ഥാനത്ത് ഇതിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയെന്ന് ഏറ്റവും പുതിയ ഡബ്ലിന്‍ ഇക്കണോമിക് മോണിറ്റര്‍ വ്യക്തമാക്കുന്നു. തലസ്ഥാനത്തെ സ്പെന്റിംഗ് 2021 അവസാന പാദം മുതല്‍ 2022 ആദ്യ പാദം വരെ 8.3% കുറഞ്ഞുവെന്ന് ഡാറ്റകള്‍ വെളിപ്പെടുത്തുന്നു.
അതിജീവിക്കുമെന്നത് ആത്മവിശ്വാസം മാത്രമോ ?
ഇപ്പോഴുള്ള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സെപ്റ്റംബര്‍ അവസാനം വരെ കാത്തിരിക്കണമെന്ന് പറയുന്നത് ശരിയായ നീക്കമല്ലെന്ന് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ സിന്‍ ഫെയ്ന്‍ ആരോപിച്ചു. പണപ്പെരുപ്പത്തിന്റെ തോത് ഇനിയും വര്‍ധിക്കും മുമ്പേ ഇപ്പോള്‍ തന്നെ പ്രശ്‌നപരിഹാരം ഉണ്ടാക്കാനുള്ള മാര്‍ഗമാണ് ഉണ്ടാക്കേണ്ടതെന്ന് പാര്‍ട്ടി വക്താവ് പിയേഴ്‌സ് ദോഹെര്‍ട്ടി ആവശ്യപ്പെട്ടു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.