head3
head1

അയര്‍ലണ്ടിന്റെ മാധ്യമ രംഗം ഉടച്ചുവാര്‍ക്കുന്നു; കംപ്യൂട്ടറുകള്‍ക്കും ലാപ്ടോപ്പുകള്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ക്കും ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ടി വി ലൈസന്‍സ് സംവിധാനം ഉള്‍പ്പടെയുള്ള മാധ്യമ രംഗം ഉടച്ചുവാര്‍ക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഫ്യൂച്ചര്‍ ഓഫ് മീഡിയ കമ്മീഷന്റെ വിവിധ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പിലാക്കും. അപകീര്‍ത്തി നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.

നിലവിലെ ലൈസന്‍സിംഗ് സംവിധാനത്തെ കൂടുതല്‍ പ്രസക്തവും സുസ്ഥിരവുമായി നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഒപ്പം ഗുണകരമായ മാറ്റമുണ്ടാക്കാനും മാധ്യമ മേഖലയിലെ ഫണ്ടിംഗ് മാതൃകകളും വെല്ലുവിളികളും പരിശോധിക്കുന്നതിനുമായാണ് ഫ്യൂച്ചര്‍ ഓഫ് മീഡിയ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. ആര്‍ടിഇയുടെ ധനസഹായവുമായി ബന്ധപ്പെട്ട് പ്രത്യേക ശുപാര്‍ശകള്‍ നല്‍കാനും കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

2020 സെപ്തംബറിലാണ് സര്‍ക്കാര്‍ ഫ്യൂച്ചര്‍ ഓഫ് മീഡിയ കമ്മീഷന്‍ സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അത് ഇതുവരേയും പ്രസിദ്ധീകരിച്ചില്ല. ഇതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.

ടി വി ലൈസന്‍സ്

എല്ലാ വര്‍ഷവും ടിവി ലൈസന്‍സ് ഫീസില്‍ നിന്ന് ഗവണ്‍മെന്റ് ഏകദേശം 150 മില്യണ്‍ യൂറോ ശേഖരിക്കുന്നു, അതേസമയം, പൊതു മേഖലയിലെ പ്രക്ഷേപണത്തിന് ആര്‍ ടി ഇ അടക്കമുള്ള ദേശിയ മാധ്യമങ്ങള്‍ക്ക് തുല്യമായ തുക സബ്സിഡി നല്‍കുന്നു.

എന്നാല്‍ 160 യൂറോയുടെ ടിവി ലൈസന്‍സ് പിരിച്ചെടുക്കാനും, ലൈസന്‍സ് അടക്കാത്തവരെ പിടിക്കാനുള്ള പരിശോധനയ്ക്കുമായി പ്രതിവര്‍ഷം 65 മില്യണ്‍ യൂറോയോളം ചിലവാകുന്നതിനാല്‍ തത്വത്തില്‍ ഈ ലൈസന്‍സ് സമ്പ്രദായം പരാജയമാണെന്ന് കണ്ടെത്തിയിരുന്നു.

ടിവി ഇല്ലെങ്കിലും ടിവി ലൈസന്‍സ് ഫീസ് പിരിക്കാന്‍ അനുവദിക്കുന്നതിന് ലൈസന്‍സ് ഇന്‍സ്‌പെക്ടര്‍മാരുടെ പരിധി വിപുലീകരിക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നതായി കമ്മ്യുണിക്കേഷന്‍ മന്ത്രി കാതറീന്‍ മാര്‍ട്ടിന്‍ വ്യക്തമാക്കി.

ഐറിഷ് ബ്രോഡ്കാസ്റ്റിംഗ് ഉള്ളടക്കം ടിവിയിലൂടെ അല്ലാതെ മറ്റ് വഴികളിലൂടെ ആക്‌സസ് ചെയ്യപ്പെടുന്നുവെന്നതിനാല്‍ അവയ്ക്കും ലൈസന്‍സ് ഏര്‍പ്പെടുത്താനും ശുപാര്‍ശയുണ്ട്. ആളുകള്‍ ആ (പൊതു സേവന) ഉള്ളടക്കം ആക്സസ് ചെയ്യുന്ന വ്യത്യസ്ത വഴികളായ ലാപ്‌ടോപ്പ്, കംപ്യുട്ടറുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്കും ഭാവിയില്‍ ലൈസന്‍സ് ഏര്‍പ്പെടുത്തിയേക്കാമെന്ന് മന്ത്രി പറഞ്ഞു.

ആകെ 50 ശുപാര്‍ശകളാണ് കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. അവയില്‍ 49 എണ്ണവും തത്വത്തില്‍ അംഗീകരിച്ചതായി മന്ത്രി പറഞ്ഞു.

നിലവിലെ ടി വി ലൈസന്‍സിംഗ് സംവിധാനം തുടരും

ലൈസന്‍സ് ഫീസില്‍ നിന്നുമുള്ള വിഹിതം നല്‍കുന്നതിന് പകരം സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം നല്‍കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നിലവിലെ സംവിധാനം നിലനിര്‍ത്തണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. മാധ്യമരംഗം രാഷ്ട്രീയ നിയന്ത്രണത്തിലാകുമെന്നതിനാലാണ് ഈ ശുപാര്‍ശ തള്ളുന്നതെന്ന് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി എയ്മോണ്‍ റയാന്‍ പറഞ്ഞു.

മാധ്യമങ്ങളും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം നിലനിര്‍ത്താനും മാധ്യമ സ്വാതന്ത്ര്യത്തിന്മേല്‍ രാഷ്ട്രീയ ഇടപെടലുകളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും നിലവിലെ സംവിധാനം തുടരേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

പുതിയ മീഡിയ ഫണ്ട് വന്നേക്കും

മാധ്യമ മേഖലയെ സഹായിക്കുന്നതിന് ലോക്കല്‍, റീജിയണല്‍, നാഷണല്‍ തലങ്ങളില്‍ പുതിയ മീഡിയ ഫണ്ട് സ്ഥാപിക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

വ്യവസായ മാനദണ്ഡങ്ങള്‍ ക്രമീകരിക്കുന്നതിന് പുതിയ റെഗുലേറ്ററെയും നിയോഗിക്കണമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു. ഫണ്ടിംഗ് യോഗ്യതാ മാനദണ്ഡത്തിന്റെ ഭാഗമായി പരിസ്ഥിതി സുസ്ഥിരത സംവിധാനങ്ങള്‍ പരിഗണിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.