head3
head1

അയര്‍ലണ്ടില്‍ ലിവിംഗ് വേജ് നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍… സമ്മറില്‍ പദ്ധതി പ്രഖ്യാപിച്ചേക്കും

ഡബ്ലിന്‍ : സമ്മര്‍ അവധിക്ക് മുമ്പ് അയര്‍ലണ്ടില്‍ ലിവിംഗ് വേജ് നടപ്പാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ലോ പേ കമ്മീഷന്‍ തയ്യാറാക്കിയ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍ക്ക് ലഭിച്ചു. സമ്മറിന് മുമ്പ് ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് പദ്ധതിയെന്ന് ലിയോ വരദ്കര്‍ സൂചന നല്‍കി. അയര്‍ലണ്ടിലെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ലിവിംഗ് വേജ് ഒരു പ്രധാന നാഴികക്കല്ലായിരിക്കുമെന്നും വരദ്കര്‍ പറഞ്ഞു.

നിലവില്‍ 12.90 യൂറോയാണ് അയര്‍ലണ്ടിലെ ലിവിംഗ് വേജായി കണക്കാക്കിയിരിക്കുന്നത്.

ഘട്ടം ഘട്ടമായി നടപ്പാക്കും

ലിവിംഗ് വേജസ് എങ്ങനെ കണക്കാക്കണമെന്നതിനെക്കുറിച്ച് അഭിപ്രായ ഭിന്നതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, മീഡിയന്‍ വേജിന്റെ വേതനത്തിന്റെ നിശ്ചിത ശതമാനമായി നിശ്ചയിക്കാനാണ് പദ്ധതിയെന്ന് വരദ്കര്‍ പറഞ്ഞു. രണ്ട് വര്‍ഷം കോവിഡും ഇപ്പോള്‍ ഉക്രൈയ്ന്‍ യുദ്ധവും കൊണ്ടുവന്ന അമിതച്ചെലവുകള്‍ കാരണം ബിസിനസുകള്‍ വന്‍ ചെലവുകള്‍ നേരിടുകയാണ്. അതിനാല്‍ ഘട്ടം ഘട്ടമായായിരിക്കും വേതന പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക. അയര്‍ലണ്ടില്‍ ഇത് ആസൂത്രണം ചെയ്യാനും തയ്യാറാക്കാനും ക്രമീകരിക്കാനും കമ്പനികള്‍ക്ക് സമയം നല്‍കുമെന്നും വരദ്കര്‍ പറഞ്ഞു.

ശമ്പള വര്‍ധന വിലക്കയറ്റം തടയില്ല

ജീവിതച്ചെലവുകള്‍ കൂടുന്നതിനനുസരിച്ച് തൊഴിലാളികള്‍ക്ക് ശമ്പള വര്‍ദ്ധനവുണ്ടാകണമെന്ന് വരദ്കര്‍ പറഞ്ഞു. ശമ്പളവും പെന്‍ഷനുകളും ക്ഷേമാനുകൂല്യങ്ങളും ഇനിയും വര്‍ധിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വിലക്കയറ്റത്തിന്റെ പ്രശ്നം ശമ്പള വര്‍ദ്ധനവ് പരിഹരിക്കുമെന്ന് കരുതുന്നത് തെറ്റാണെന്നും വരദ്കര്‍ പറഞ്ഞു.

ശമ്പള വര്‍ദ്ധനവ് ഒന്നിന്റെയും വില കുറയ്ക്കില്ല. ശമ്പള വര്‍ദ്ധനവ് യഥാര്‍ത്ഥത്തില്‍ പണപ്പെരുപ്പത്തിന് കാരണമാവുകയേയുള്ളു, വരദ്കര്‍ പറഞ്ഞു. ഇടത്തരം വരുമാനക്കാരുടെ മേലുള്ള ആദായനികുതി ഭാരം കുറക്കേണ്ടതിന്റെ പ്രാധാന്യം ഇവിടെയാണ് വരുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ടാക്സ് ബാന്‍ഡ് ഇന്‍ഡക്സ് സൂചികയെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.