സ്മാര്‍ട്ട് ഫോണ്‍ ക്യാമറയിലൂടെയറിയാം, ഇനി ഹൃദയ താളവും,ശ്വസന വേഗവും
പരിഷ്‌കാരങ്ങള്‍ അടുത്ത മാസം മുതല്‍ ഉപയോക്താക്കളിലെത്തുമെന്ന് ഗൂഗിള്‍
ഡബ്ലിന്‍ : സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഹൃദയതാളവും ശ്വസനവേഗവും അറിയുന്നതിന് ഗൂഗിള്‍ അവസരമൊരുക്കുന്നു.’ ഗൂഗിള്‍ ഫിറ്റ് ‘ ആപ്ലിക്കേഷന്റെ സഹായത്തോടെയാകും ഈ പരിഷ്‌കാരം കൊണ്ടുവരിക. ഒരു മാസത്തിനുള്ളില്‍ ഈ സവിശേഷത ഉപയോക്താക്കളിലേയ്ക്കെത്തുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.
സ്ഥിരമായ പ്രതലത്തില്‍ ഹാന്‍ഡ്‌സെറ്റ് ഉറപ്പിച്ചുവെച്ച് ക്യാമറയ്ക്ക് മുന്നില്‍ നിന്ന് സാധാരണപോലെ ശ്വസിച്ചാല്‍ പിക്‌സല്‍ ഉടമകള്‍ക്ക് അവരുടെ ശ്വസന ആരോഗ്യം പരിശോധിക്കാം.
പിന്‍വശത്തെ ക്യാമറ ലെന്‍സില്‍ വിരല്‍ വച്ചുകൊണ്ട് ഹൃദയമിടിപ്പ് സ്‌കാന്‍ ചെയ്യാന്‍ കഴിയും. രക്തചംക്രമണം നടത്തുമ്പോഴുള്ള സൂക്ഷ്മമായ മാറ്റങ്ങളും വിരല്‍ത്തുമ്പിലൂടെ അറിയാനാകും. സെന്‍സറുകള്‍ക്കും നൂതന കമ്പ്യൂട്ടര്‍ വിഷന്‍ ടെക്നോളജിക്കും നെഞ്ച് ചലനങ്ങള്‍ പോലുള്ള ചെറിയ ഫിസിക്കല്‍ സിഗ്നലുകള്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് ഗൂഗിള്‍ പറഞ്ഞു.
ഈ രണ്ട് അളവുകളും പരിശോധിക്കാനുള്ള സംവിധാനം അടുത്ത മാസം മുതല്‍ പിക്‌സല്‍ ഉപയോക്താക്കള്‍ക്കായുള്ള അപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തും. ഭാവിയില്‍ ഇത്തരത്തിലുള്ള ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാനും പദ്ധതികളുണ്ടെന്നും ഗൂഗിള്‍ വെളിപ്പെടുത്തി.
എന്നിരുന്നാലും, ഇതൊരു മെഡിക്കല്‍ രോഗനിര്‍ണയ ഉപാധിയായി പ്രവര്‍ത്തിക്കില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കി.മെഡിക്കല്‍ അവസ്ഥകള്‍ വിലയിരുത്താനും ഈ സവിശേഷതകള്‍ പര്യാപ്തമല്ല.എന്നാല്‍ ആളുകള്‍ക്ക് അവരുടെ ആരോഗ്യത്തെയും സുഖത്തെയും കുറിച്ച് അവബോധം നല്‍കാന്‍ മാത്രമേ ഇത് സഹായിക്കൂവെന്നും കമ്പനി വിശദീകരിച്ചു.
ദൈനംദിന ഉപകരണങ്ങള്‍ ഉപയോഗിച്ച് ആളുകള്‍ക്ക് അവരുടെ ആരോഗ്യം നിരീക്ഷിക്കാന്‍ അവസരം നല്‍കുക എന്നതാണ് പുതിയ പരിഷ്‌കാരത്തിനു പിന്നിലെ ആശയം എന്ന് ഗൂഗിള്‍ ഹെല്‍ത്തിലെ ഹെല്‍ത്ത് ടെക്നോളജീസ് ഡയറക്ടര്‍ ശ്വേതക് പട്ടേല്‍ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.