head1
head3

യൂറോപ്യന്‍ യൂണിയന്‍ കടക്കെണിയിലേയ്ക്ക് നീങ്ങുകയാണോ…?

ബ്രസല്‍സ് : യൂറോപ്യന്‍ യൂണിയന്‍ കടക്കെണിയിലേയ്ക്ക് നീങ്ങുകയാണോ… യൂണിയന്റെ കടബാധ്യതയുടെ മുന്നേറ്റത്തെ സംബന്ധിച്ച് മുന്നറിയിപ്പുമായി ജര്‍മ്മനി അടക്കമുള്ള രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ബ്രസല്‍സില്‍ നടന്ന യൂണിയനിലെ ധനമന്ത്രിമാരുടെ യോഗത്തില്‍ ഇതു ചൂടേറിയ ചര്‍ച്ചയായി.

കോവിഡിന് ശേഷമുള്ള കടങ്ങള്‍ എങ്ങനെ അടയ്ക്കാമെന്നതു സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളും യോഗത്തില്‍ മറനീക്കി പുറത്തുവന്നു. മിക്കവാറും ധനമന്ത്രിമാര്‍ പണം തിരിച്ചടയ്ക്കുന്നതില്‍ മിതമായ സമീപനം സ്വീകരിക്കണമെന്ന നിലപാടുകാരായിരുന്നു. എന്നാല്‍ ജര്‍മ്മനിയുടെ  ധനമന്ത്രി ഇക്കാര്യത്തില്‍ കര്‍ക്കശ സമീപനമാണ് സ്വീകരിച്ചത്. കടം ഉടന്‍ തിരിച്ചടയ്ക്കണമെന്നായിരുന്നു ധനമന്ത്രി ക്രിസ്റ്റ്യന്‍ ലിന്‍ഡ്നറിന്റെ ആഹ്വാനം.

കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഇയു അതിന്റെ ബജറ്റ് നിയമങ്ങള്‍ താല്‍ക്കാലികമായി സസ്പെന്റ് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ജിഡിപിയുടെ മൂന്നു ശതമാനമായി കമ്മി പരിമിതപ്പെടുത്തി. കൂടാതെ അധിക കടം പ്രതിവര്‍ഷം 5% എന്ന നിരക്കില്‍ തിരിച്ചടയ്ക്കാനും തീരുമാനമുണ്ടായിരുന്നു.

ഈ നിയമം ഇപ്പോള്‍ അവലോകനം ചെയ്തുവരികയാണ്. 2023 -ലേക്കുള്ള സാമ്പത്തിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സാമ്പത്തിക നിയമങ്ങള്‍ ജൂണില്‍ മാറ്റുന്നതിനുള്ള നിര്‍ദ്ദേശവും കമ്മീഷന്‍ അടുത്ത മാസം പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്.

പോസിറ്റീവ് ചര്‍ച്ചയാണ് മന്ത്രിമാര്‍ നടത്തിയതെന്ന് യൂറോപ്യന്‍ യൂണിയന്‍ സാമ്പത്തിക മേധാവി പൗലോ ജെന്റിലോണി പറഞ്ഞു.

യൂറോപ്യന്‍ യൂണിയന് മികച്ച വളര്‍ച്ച കൈവരിക്കേണ്ടതുണ്ടെന്ന് ഫ്രാന്‍സിന്റെ ധനമന്ത്രി ബ്രൂണേ ലെ മെയ്രെ പറഞ്ഞു. വളര്‍ച്ചാനിരക്ക് 1.2 ശതമാനമോ 1.3 ശതമാനമോ ആണ്. അതേസമയം യുഎസിന്റേത് 2.5% ആണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ കവച്ചുവെയ്ക്കുന്ന വളര്‍ച്ച ഇയുവിന് നേടേണ്ടതുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.