head1
head3

ജോര്‍ജ് എന്‍കെന്‍ചോയെ വെടിവെച്ചു കൊന്ന സംഭവം :പ്രതിഷേധം ശക്തമാവുന്നു

ഡബ്ലിന്‍ : വീട്ടുവളപ്പില്‍ ഗാര്‍ഡയുടെ വെടിയേറ്റ് ജോര്‍ജ്ജ് എന്‍കേന്‍ചോ മരിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപിപ്പിക്കുന്നു. യുവാവിന് നീതി ലഭിക്കണമെന്ന ആവശ്യമുയര്‍ത്തി ഞായറാഴ്ച രാവിലെ മുതല്‍ വെസ്റ്റ് ഡബ്ലിനിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.

ബുധനാഴ്ചയാണ് ഗാര്‍ഡയെയും, പൊതുജനങ്ങളെയും കത്തികാട്ടി ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് 27കാരനായ ജോര്‍ജ്ജ് എന്‍കേന്‍ചോയെ ഡബ്ലിനിലെ ഹാര്‍ട്ട്‌സ് ടൗണില്‍ വച്ച് ഗാര്‍ഡ വെടിവെച്ച് കൊലപ്പെടുത്തിയത്. യുവാവിന് അഞ്ച് തവണ വെടിയേല്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

വീടിന് സമീപത്ത് നിന്ന് മനോവൈകല്യമുള്ള യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ വലിയ പ്രതിഷേധത്തിനാണ് കഴിഞ്ഞ രണ്ട് ദിവസമായി ഡബ്ലിന്‍ സാക്ഷ്യം വഹിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത്.

അതേസമയം, ആദ്യം പെപ്പര്‍ സ്‌പ്രേയും, ടേസറുകളും ഉപയോഗിച്ച് യുവാവിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഗത്യന്തരമില്ലാതെ വെടിവെക്കുകയായിരുന്നുവെന്നാണ് ഗാര്‍ഡയുടെ വാദം. നിരവധി തവണ വെടിയേറ്റ ജോര്‍ജ്ജ് എന്‍കേന്‍ചോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവം വിവാദമായതോടെ, ഗാര്‍ഡ ഓംബുഡ്‌സ്മാന്‍ കമ്മിഷനും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

പതിനഞ്ചു പേരടങ്ങുന്ന ഗാര്‍ഡാ യൂണിറ്റിന് ഒരാളെ പരിക്കേല്‍പ്പിക്കാതെ പിടിയ്ക്കാന്‍ കഴിയില്ലേ എന്നതാണ് പൊതുസമൂഹം ഉയര്‍ത്തുന്ന ചോദ്യം.

അതുകൊണ്ടു തന്നെ മാനസികാസ്വാസ്ഥ്യമുള്ള ,മറ്റു ഒരു കേസുകളിലും മുമ്പ് ഉള്‍പ്പെട്ടിട്ടില്ലാത്ത നിരപരാധിയായായ ഒരാളെ വെടിവെച്ചു കൊലപ്പെടുത്തിയതിനെതിരെ ജനം പതിവില്ലാതെ തെരുവില്‍ ഇറങ്ങിയത്.

എന്നാല്‍ സംഘര്‍ഷ സാഹചര്യത്തില്‍ ഗാര്‍ഡയ്ക്കെതിരെ ആരോപണം ഉന്നയിച്ചവവരെ തിരഞ്ഞു പിടിച്ചു കാരണം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് ഗാര്‍ഡായിപ്പോള്‍.

ബ്‌ളാഞ്ചഡ്‌സ് ടൌണ്‍ സംഭവത്തെ കുറിച്ചുള്ള ഒട്ടേറെ വീഡിയോകളും ,വാര്‍ത്തകളും സെന്‍സര്‍ ചെയ്ത ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്നും ഒഴിവാക്കുകയോ,പ്രസിദ്ധീകരണം നിഷേധിക്കുകയോ ചെയ്യുന്നതായും പരാതി ഉയരുന്നുണ്ട്.

സ്വാഭാവികമായും നൈജീരിയന്‍ കുടിയേറ്റക്കാര്‍ ഗാര്‍ഡയുടെ ഇത്തരം ശ്രമങ്ങളെ അപലപിക്കുന്നുണ്ട്.

മാത്രമല്ല, ഇതിനു മുമ്പ് ഒരു ചെറിയ കേസില്‍ പോലും പെടാത്ത ഒരാളെ വെടിവെച്ചു കൊന്നതിന് പിന്നാലെ ഉയര്‍ന്ന രോഷത്തിന് മറുപടിയായി ജോര്‍ജ് എന്‌കെന്‍ചേ ഒട്ടേറേ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള കുറ്റവാളിയാണെന്നും വംശീയവാദിയാണ് എന്ന രീതിയിലും പ്രചാരണം നടത്തി കുടിയേറ്റക്കാരെ ഉന്നം വെച്ച് ,ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തിയപ്പോള്‍ അതിനെതിരെ നടപടിയെടുക്കാനോ,കൊല്ലപ്പെട്ടയാളുടെ പേരില്‍ മറ്റൊരു കുറ്റവും മുമ്പുണ്ടായിട്ടില്ലെന്ന് വ്യക്തമാകാനും ഗാര്‍ഡാ അധികൃതര്‍ ശ്രമിച്ചതുമില്ല.

കുടിയേറ്റക്കാരായവരെ രണ്ടാം തരം പൗരന്മാരായി കാണുന്ന പ്രവണത ഒരു വിഭാഗം തദ്ദേശ വാസികള്‍ ഇപ്പോഴും തുടരുന്നുണ്ട്. ഇത്തരം അപാകതകള്‍ തടയാന്‍സര്‍ക്കാര്‍ തലത്തില്‍ മികച്ച പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെണ്ടെങ്കിലുംപ്രാദേശിക തലങ്ങളില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല.

പേപ്പര്‍ സ്‌പ്രേചെയ്തും, ഭയപ്പെടുത്തിയും ഗാര്‍ഡ അടുത്തപ്പോള്‍ തന്നെ ഉപദ്രവിക്കും എന്ന ഭീതിയില്‍ജീവന്‍ രക്ഷിക്കാനായുള്ള ശ്രമങ്ങളാണ് ജോര്‍ജ് നടത്തിയതെങ്കിലും ,മാനസികാസ്വാസ്ഥ്യമുള്ള ഒരാളുടെ വൈകാരിക പ്രകടനങ്ങളെ വേണ്ട വിധം നേരിടുന്നതില്‍ നിയമപാലകര്‍ പരാജയപ്പെട്ടു എന്നാണ് പ്രതിഷേധക്കാര്‍ ആക്ഷേപിക്കുന്നത്.

ഗാര്‍ഡാ ഓംബുഡ്സ്മാന്റെ അന്വേഷണങ്ങളുടെ ഫലം എന്തായാലും, നീണ്ടു നിന്നേക്കാവുന്ന ജനങ്ങളുടെ പ്രതിഷേധചൂട് കുറയ്ക്കാന്‍ സര്‍ക്കാരിന് നന്നേപാട് പെടേണ്ടി വരും.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.