head1
head3

ജോര്‍ജ് എന്‍കേന്‍ചോയ്ക്ക് സ്മാരകം തീര്‍ത്ത് സുഹൃത്തുക്കളും കുടുംബവും

ഡബ്ലിന്‍ :ഗാര്‍ഡയുടെ വെടിയേറ്റ് മരിച്ച ജോര്‍ജ് എന്‍കേന്‍ചോയ്ക്ക് വീടിന് സമീപം സ്മാരകമുയര്‍ന്നു. കുടുംബവും സുഹൃത്തുക്കളും ജോര്‍ജ്ജ് നെന്‍ചോയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. അകാലത്തില്‍ ഗാര്‍ഡയുടെ ക്രൂരതയില്‍ ജീവന്‍ നഷ്ടപ്പെട്ട ജോര്‍ജ് എന്‍കേന്‍ചോയുടെ ഓര്‍മ്മകള്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കുവെച്ചത് ആത്യന്തം വികാരപരമായി.

ഡിസംബര്‍ 30നാണ് വീട്ടുവളപ്പില്‍ 27 കാരന്‍ വെടിയേറ്റ് മരിച്ചത്. അവിടെത്തന്നെയാണ് സ്മാരകവും ഉയര്‍ന്നത്.അവിടെ ഒത്തുകൂടിയ കുടുംബവും സുഹൃത്തുക്കളും ജോര്‍ജ് എന്‍കേന്‍ചോയെക്കുറിച്ചുള്ള നോവിന്റെ മധുരമൂറുന്ന ഓര്‍മ്മകള്‍ പങ്കുവെച്ചു.

അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നിറങ്ങളില്‍ ബലൂണുകള്‍ ചടങ്ങില്‍ പറന്നുയര്‍ന്നത് വൈകാരികമായി.അവിടെ ഒത്തുകൂടിയവരെല്ലാം ഒരു മിനിറ്റ് നിശബ്ദമായി ജോര്‍ജ്ജിന് വേണ്ടി പ്രാര്‍ഥിച്ചു.

ജീവിതം ദൈവത്തിന്റെ സമ്മാനമാണ്, അത് പാഴാക്കരുതെന്ന തിരിച്ചറിവാണ് തനിയ്ക്ക് ജ്യേഷ്ഠന്‍ നല്‍കിയതെന്ന് സഹോദരി ഗ്ലോറിയ എന്‍കെന്‍ചോ പറഞ്ഞു.നമ്മുടെ ജീവിതം ജോര്‍ജ്ജിന് വേണ്ടി നമ്മള്‍ പറത്തിയ ബലുണുകള്‍ പോലെയാണ്. ആകാശത്തേയ്ക്ക് പറന്നുയര്‍ന്നുപോയാല്‍ പിന്നീടത് തിരികെ മടങ്ങുകയേയില്ല.നമ്മളെല്ലാം ഭൂമിയില്‍ വന്നതിന് ഒരു കാരണമുണ്ട്.ആ അവസരം എടുക്കുക, ആ സമ്മാനം എടുക്കുക. അത് പാഴാക്കരുത്. ഗ്ലോറിയ പറഞ്ഞു.ഒന്നും പരിഗണിക്കാതെ, പ്രതിസന്ധിഘട്ടത്തില്‍ കുടുംബത്തിനൊപ്പം നിന്നതിന് എല്ലാവര്‍ക്കും അവര്‍ നന്ദി പറഞ്ഞു.

ജോര്‍ജ്ജിന്റെ സഹോദരന്‍ ഇമ്മാനുവലും ജേഷ്ടനുമായുള്ള സുവര്‍ണ്ണ സ്മരണകള്‍ ഓര്‍മ്മിച്ചു. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ വേദന സഹിക്കാനാവുന്നില്ലെന്നും ഇമ്മാനുവല്‍ കൂട്ടിച്ചേര്‍ത്തു.

ജോര്‍ജ് ഒരിക്കലും കുഴപ്പക്കാരനായിരുന്നില്ലെന്ന് സുഹൃത്ത് ജെസീക്ക പറഞ്ഞു. അവന്‍ എല്ലായ്പ്പോഴും എന്നെ ചേര്‍ത്തുപിടിക്കുന്ന ആളായിരുന്നു.എപ്പോഴും കൂടെയുണ്ടാവുമായിരുന്നു. ‘ജോര്‍ജ് വളരെ വേഗം പോയി.അവന്‍ തിരിച്ചുവരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, പക്ഷേ അത് നടക്കാത്ത ആഗ്രഹം മാത്രമാണെന്ന് അറിയാം, എന്നാലും അങ്ങനെ ഓര്‍ത്തുപോകുന്നു”.

”’ജോര്‍ജ്ജ് നല്ല സുന്ദരനായിരുന്നു, നല്ല സുഹൃത്തയിരുന്നു,നല്ല സഹോദരനായിരുന്നു, ഒരു നല്ല മകനായിരുന്നു…അദ്ദേഹത്തിന്റെ സുഹൃത്ത് പാഡി പറഞ്ഞു. ജോര്‍ജ്ജിന് നീതി ലഭിക്കുന്നതിനുള്ള പോരാട്ടത്തില്‍ എല്ലാവരും അണിചേരണം. ഇത് കറുത്ത ജീവിതത്തിന്റെ കാര്യമാണ്, മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കൊലപാതകം സംബന്ധിച്ച ഗാര്‍ഡ സിയോചാന ഓംബുഡ്‌സ്മാന്‍ കമ്മീഷന്റെ (ജിഎസ്ഒസി) അന്വേഷണം തുടരുകയാണ്.ജോര്‍ജ്ജിന്റെ ജീവനെടുത്തവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങളും നടന്നുവരുന്നു.ജോര്‍ജ്ജിനെക്കുറിച്ചുള്ള നിരവധി തെറ്റായ വിവരങ്ങള്‍ അദ്ദേഹത്തിന്റെ മരണശേഷം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്ന അവ വെറും കളവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ചുട്ടുപൊള്ളിക്കുന്ന ഓര്‍മ്മയായി ജോര്‍ജ് ;നിസ്സഹായതയെ അടയാളപ്പെടുത്തി വീഡിയോ ദൃശ്യങ്ങള്‍

ഡബ്ലിന്‍ : ഒരിക്കലും ആരുടേയും ജീവിതത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു എന്‍കേന്‍ചോ കുടുംബത്തില്‍ സംഭവിച്ചത്. സിനിമാക്കഥകളില്‍ കാണാറുള്ള സംഭവഗതികളാണ് ഈ നൈജീരിയന്‍ കുടിയേറ്റ കുടുംബത്തിന് നേരിടേണ്ടിവന്നത്.സ്വന്തം വീട്ടിലെത്തിയിട്ടും ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ പോയ ദുര്‍വിധി. കണ്‍മുന്നില്‍ സഹോദരന്‍ വെടിയേറ്റു വീഴുന്നതിന് സാക്ഷിയായി നിസ്സഹായതയോടെ നില്‍ക്കേണ്ടി വന്ന സഹോദരി…രക്ഷപ്പെടുത്താന്‍ അനേകം മാര്‍ഗ്ഗങ്ങളുണ്ടായിരിക്കെ അരയ്ക്ക് താഴെയോ മറ്റോ വെടിവെയ്ക്കാതെ ജീവനെടുക്കുന്നത് ലക്ഷ്യമിട്ട് നിറയൊഴിച്ച ഗാര്‍ഡയുടെ ക്രൂരത. ഇത് അവിചാരിതമെന്ന് വേണമെങ്കില്‍ പറയാം.എന്നാല്‍ വെടിയേറ്റ് മരിച്ചവനെ പച്ചക്കള്ളങ്ങള്‍ നിരത്തി സോഷ്യല്‍ മീഡിയ വീണ്ടും വെടിവെച്ചിട്ടതെന്തിനായിരുന്നുവെന്ന ചോദ്യത്തിനും ഉത്തരമില്ല.ഇതിനും പുറമേ വംശീയ അധിക്ഷേപത്തിന് ഇരയാക്കിയത് മറ്റൊരു ക്രൂരത.

ചുട്ടുപൊള്ളിക്കുന്ന ഓര്‍മ്മയായി ജോര്‍ജ്

ഗാര്‍ഡ വെടിവെച്ചു കൊന്ന ജോര്‍ജ് എന്‍കേന്‍ചോയുടെ രണ്ട് വീഡിയോകള്‍ സഹോദരി
ഗ്ലോറിയ എന്‍കേന്‍ചോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ രണ്ട് വീഡിയോകളും അകാലത്തില്‍ പൊലിഞ്ഞ ജോര്‍ജ്ജിനെ ചുട്ടുപൊള്ളിക്കുന്ന ഓര്‍മ്മകളായി നമ്മളില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. ജോര്‍ജിന്റെ അമ്മയുടെ 2018  ജന്മദിനപരിപാടിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം എന്‍കേന്‍ചോ നന്ദി പറയുന്ന ആദ്യ വീഡിയോ ജോര്‍ജിന്റെ സ്നേഹം അടിവരയിടുന്നതാണ്.

അതിഭീകരമാണ് ഡിസംബര്‍ 30ന്റെ രണ്ടാമത്തെ വീഡിയോ.ഷോപ്പിംഗ് സെന്ററില്‍ നിന്ന് വെസ്റ്റ് ഡബ്ലിനിലൂടെ നടന്നുപോകുന്ന ജോര്‍ജ്…,വാഹനങ്ങളില്‍ പിന്തുടരുന്ന ഗാര്‍ഡ.

ഗാര്‍ഡ 27കാരനോട് നില്‍ക്കാന്‍ ആവശ്യപ്പെടുന്നു പക്ഷേ എന്‍കെന്‍ചോ കേള്‍ക്കുന്നില്ല, നടത്തം തുടരുന്നു.മനോര്‍ഫീല്‍ഡ്സ് ഡ്രൈവിലുള്ള വീട്ടിലെത്തുന്നു. ജോര്‍ജ് എന്‍കേന്‍ചോ
സ്വന്തം വീട്ടിലേയ്ക്കാണ് പോകുന്നതെന്ന് ഗാര്‍ഡയ്ക്ക് അറിയില്ലായിരുന്നു കരുതണമോ ?

.ജോര്‍ജ് തന്റെ വീടിന്റെ പൂന്തോട്ടത്തില്‍. (കത്തിയുമായി വീട്ടുകാരെ ആക്രമിക്കുമോയെന്ന ഭയമായിരിക്കാമോ ഒരുപക്ഷേ ഗാര്‍ഡയെ നയിച്ചത്.അറിയില്ല).ജോര്‍ജിനെ കണ്ട് സഹോദരി ഗ്ലോറിയ വീടിന്റെ മുന്‍വാതില്‍ തുറന്ന് പുറത്തേയ്ക്കു വരുന്നു.

‘അയാള്‍ക്ക് സുഖമില്ലാത്തതാണ്. അവിടെ നിന്ന് പോകാന്‍ ഗാര്‍ഡയോട് ആവശ്യപ്പെടുന്നു. എന്നാല്‍ അതിന് ചെവികൊടുക്കാതെ ഗ്ലോറിയയെ വീടിനകത്തേയ്ക്ക് തള്ളിക്കയറ്റുന്ന ഗാര്‍ഡ….ജോര്‍ജിനെ വെടിവെച്ച്  വീഴ്ത്തുന്നു.ഗാര്‍ഡ വെടിവെയ്ക്കുന്ന സമയത്ത് ഗ്ലോറിയയും രണ്ട് കുഞ്ഞുങ്ങളും തൊട്ടരികില്‍ ഭിത്തിയ്ക്ക് മറഞ്ഞ് നില്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ഭിത്തിയിലും ജനാലയിലും വെടിയേറ്റ പാടുകള്‍ കാണാം.

വഴിയാത്രക്കാരനെടുത്ത ഈ വീഡിയോയില്‍ ഒമ്പത് ഗാര്‍ഡകളെ കാണാം. ഒരാള്‍ ജോര്‍ജിന്റെ വളരെയടുത്താണെന്നും വീഡിയോ വ്യക്തമാക്കുന്നു.

വെടിവെപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഗാര്‍ഡ സിയോച്ന ഓംബുഡ്‌സ്മാന്‍ കമ്മീഷന്‍ (ജിഎസ്ഒസി) അന്വേഷിച്ചു   വരുകയാണ്. എന്നാല്‍ വെടിവെപ്പു സമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന കുടുംബാംഗങ്ങളില്‍ നിന്ന് ജിഎസ്ഒസി ഇതുവരെയും വിവരങ്ങള്‍ ശേഖരിച്ചിട്ടില്ലെന്ന് കുടുംബത്തിന്റെ സോളിസിറ്റര്‍ ഫെലിം ഓ നീല്‍ പറഞ്ഞു.

ജോര്‍ജ് എന്‍കേന്‍ചോയുടെ പ്രധാന ശരീര ഭാഗത്തേയ്ക്ക് തന്നെയാണ് ഗാര്‍ഡ ആറു തവണ നിറയൊഴിച്ചത്.അഞ്ചു തവണ ഗാര്‍ഡ വെടിവെച്ചു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ . ആറു തവണയാണ് വെടിയേറ്റതെന്ന് ഗാര്‍ഡ ഓംബുഡ്സ്മാന്റെ ഇ മെയിലില്‍ നിന്നാണ് കുടുംബാംഗങ്ങള്‍ അറിഞ്ഞത്

എന്‍കെന്‍ചോയുടെ ശവസംസ്‌കാരം ഇതുവരെ നടത്തിയിട്ടില്ല. രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നതിനാലാണ് ഇതെന്നാണ് കരുതുന്നത്.

സ്നേഹത്തിന്റെ ആ കരുതല്‍ ഇനിയില്ല

‘ജോര്‍ജ്ജ് കരിസ്മാറ്റിക് ആയിരുന്നു, സഹൃദനായിരുന്നു, ജനപ്രിയനായിരുന്നു. ബുദ്ധിമാനായിരുന്നു, എല്ലാറ്റിനുമുപരി കരുതലായിരുന്നു. സ്നേഹവും സുരക്ഷയുമായിരുന്നു’ ഗ്ലോറിയ പറയുന്നു.

ജോര്‍ജ്ജ് എന്‍കെന്‍ചോയ്ക്ക് ഇതുവരെ ക്രിമിനല്‍ ശിക്ഷകളൊന്നുമില്ല. കൈവശം വച്ചിരുന്ന കത്തി ഉപേക്ഷിക്കാന്‍ ജോര്‍ജ് വിസമ്മതിച്ചത് മാനസികാരോഗ്യ പ്രശ്നമുള്ളതിനാലാണെന്ന് ഗ്ലോറിയ കരുതുന്നു.

അഗാധമായ ദുഖത്തിനിടയില്‍, കുടുംബത്തിന് നേരിട്ട വംശീയ വിദ്വേഷവും വേദനയോടെ ഇവര്‍ പങ്കുവെയ്ക്കുന്നു.

20 വര്‍ഷം മുമ്പ് ഏഴ് വയസ്സുള്ളപ്പോഴാണ് ജോര്‍ജിന്റെ കുടുംബം അയര്‍ലണ്ടില്‍ എത്തിയത്. മക്കളില്‍ മൂത്തയാളായിരുന്നു എന്‍കേന്‍ചോ. രണ്ട് അനുജന്മാരും രണ്ട് അനിയത്തിമാരുമുണ്ട് ജോര്‍ജിന്.

യര്‍ലണ്ടിലെ കുടിയേറ്റക്കാര്‍ അതീവ ജാഗ്രതയിലാണ്. നിരപരാധികള്‍ പലപ്പോഴും ഈ രാജ്യത്ത് മുമ്പും കൊല ചെയ്യപ്പെട്ടിട്ടുണ്ട്.ഇത്തവണ ഒരു പ്രതിഷേധം എങ്കിലും ഉയരുന്നുണ്ടെങ്കിലും അതിന് കാരണം എന്‍കെന്‍ചോ ‘ബ്‌ളാക്ക്  ലൈവ്സ്  മാറ്ററിന്റെ ‘സ്വന്തം പ്രവര്‍ത്തകനാണ് എന്നതിലാണ്.

അയര്‍ലണ്ടിലെ നഗരങ്ങളില്‍ ദിനം പ്രതി അക്രമിക്കപ്പെട്ടുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ രോദനം പോലും കേള്‍ക്കാന്‍ ആളില്ല. നഗരത്തിലെ ആശുപത്രികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ജോലി കഴിഞ്ഞെത്തുന്ന ജീവനക്കാര്‍ക്ക് നേരെ ഒളിയിരുന്നാക്രമിക്കുന്ന  കാപാലികരെ  നിയന്ത്രിക്കാന്‍ പോലും അധികാരികളില്ല.പിടി കൂടിയാലും   അക്രമികളെ ശിക്ഷപോലും  കൊടുക്കാതെ  വിട്ടയക്കുന്ന കാട്ടുനീതി ആധുനിക സമൂഹത്തിന്റെ നന്മയായി വാഴ്ത്തുന്നവര്‍ക്ക് നമോവാകം….

ഭീതിയുടെ നീറുന്ന നെരിപ്പോടുകള്‍ അയര്‍ലണ്ടിലെ കുടിയേറ്റക്കാര്‍ക്ക് ഇന്നും അനുഭവിക്കേണ്ടി വരുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ജോലി സ്ഥലങ്ങളില്‍ നേരിടേണ്ടി വരുന്ന അവഗണനയും,ഒറ്റപ്പെടുത്തലുകളും.കുറ്റപ്പെടുത്തലുകളും വംശീയതയുടെകൂടി ഭാഗമാവുമ്പോള്‍ അതൊക്കെ മൂടി വെച്ചിട്ടു ‘നന്മയുടെ പൂമരം’ നട്ട  ഗാഥ പാടുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.

അവര്‍ക്കൊക്കെ കൊല്ലാതിരിക്കാമല്ലോ …..പേടിച്ച് ഓടി പോകാന്‍ പോലും അനുവദിക്കാതെ നിരപരാധികളെ  വെടിവെച്ചിടുന്ന അധികാരി വര്‍ഗത്തിനെതിരെ നാം മിണ്ടാതിരിക്കണം എന്നാണോ ?
-റെജി സി ജേക്കബ്

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IboSb4NKS6dIzYRDsr5Cvv

 

 

 

Comments are closed.