head3
head1

അയര്‍ലണ്ടില്‍ ഗ്യാസ്, ഓയില്‍ ഹോം ഹീറ്റിംഗ് നിരോധനത്തിന് സാധ്യതയേറുന്നു

ഡബ്ലിന്‍ : രാജ്യം നേരിടുന്ന ഊര്‍ജ്ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അയര്‍ലണ്ടില്‍ ഗ്യാസ്, ഓയില്‍ ഹോം ഹീറ്റിംഗ് നിരോധനത്തിന് സാധ്യതയേറുന്നു. പുതിയതും നിലവിലുള്ളതുമായ വീടുകളില്‍ ഹീറ്റിംഗ് ഗ്യാസ്, ഓയില്‍ ബോയിലറുകള്‍ സ്ഥാപിക്കുന്നതിനാകും നിരോധനം വരികയെന്നാണ് കരുതുന്നത്. ഈ ആഴ്ച അവസാനത്തോടെയേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളു.അടുത്ത വര്‍ഷം മുതല്‍ നിര്‍മിക്കുന്ന വീടുകള്‍ക്കും നിലവിലുള്ള വീടുകളില്‍ 2025ലെ റീപ്ലേയ്‌സ്‌മെന്റുകള്‍ക്കും നിരോധനം ബാധകമായേക്കും.

ഇക്കാര്യങ്ങളില്‍ നിയന്ത്രണങ്ങളുണ്ടായിട്ടും കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ച അഞ്ച് പുതിയ വീടുകളില്‍ ഒന്നിലും ഫോസില്‍-ഇന്ധന ഹീറ്റിംഗ് സംവിധാനങ്ങളാണുള്ളത്.2000-2010 കാലഘട്ടത്തില്‍ നിര്‍മ്മിച്ച അഞ്ച് ലക്ഷത്തോളം വീടുകളിലെ ബോയിലറുകള്‍ ഉടന്‍ തന്നെ മാറ്റിസ്ഥാപിക്കേണ്ടതുണ്ടെന്നാണ് കരുതുന്നത്. അതിനും ഈ നിയന്ത്രണം ബാധകമാകും.ഈ സംവിധാനങ്ങളില്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് തുടരാനാകില്ലെന്ന് ഊര്‍ജ, കാലാവസ്ഥാ മന്ത്രി എയ്‌മോണ്‍ റയാന്‍ വ്യക്തമാക്കി.

മെച്ചപ്പെട്ട ബദലുകളിലേക്ക് കുടുംബങ്ങള്‍ മാറണമെന്ന് അദ്ദേഹം പറഞ്ഞു.ഉയര്‍ന്ന തലത്തിലുള്ള ഇന്‍സുലേഷനും മറ്റ് ഇന്‍സ്റ്റാളേഷനുകളും ലഭിക്കുന്നതിനാല്‍ ഗ്യാസ് ബോയിലര്‍ ഉപയോഗിച്ചാലും പുതിയ വീടിന് എ-റേറ്റിംഗ് ലഭിക്കും.കഴിഞ്ഞ വര്‍ഷം മാത്രം 8,000 പുതിയ കുടുംബങ്ങള്‍ക്ക് ഇത്തരം സംവിധാനങ്ങളൊരുക്കിയതായും ഗ്യാസ് നെറ്റ്വര്‍ക്‌സ് അയര്‍ലണ്ട് അറിയിച്ചു.2000നും 2010നും ഇടയില്‍ നിര്‍മ്മിച്ച 25 ശതമാനം വീടുകളിലെ മുഴുവന്‍ ബോയിലറുകളും പുതിയ ഗ്യാസ് ബോയിലറുകളിലേക്കല്ല, ഹീറ്റ് പമ്പുകളിലേക്കാണ് മാറ്റുകയെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് മന്ത്രി റയാന്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും കുറഞ്ഞ ഡിസ്ട്രിക്റ്റ് ഹീറ്റിംഗ് അയര്‍ലണ്ടിലാണെന്ന് ഐറിഷ് ഡിസ്ട്രിക്റ്റ് എനര്‍ജി അസോസിയേഷന്റെ (ഐ ആര്‍ ഡി ഇ എ) യോഗത്തില്‍ റയാന്‍ പറഞ്ഞു.ഡിസ്ട്രിക്റ്റ് ഹീറ്റിംഗ് സിസ്റ്റങ്ങളുമായി ബന്ധിപ്പിച്ച 1.8 മീറ്റര്‍ വീടുകളില്‍ 90 ശതമാനവും സമീപ മാസങ്ങളിലെ ഗ്യാസ് വില വര്‍ധനവില്‍ നിന്ന് പൂര്‍ണ്ണമായും ഇന്‍സുലേറ്റ് ചെയ്തതായി അടുത്തിടെ നടന്ന ഡാനിഷ് പഠനത്തില്‍ കണ്ടെത്തിയിരുന്നു.
ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.