head3
head1

ഡബ്ലിനിലെ ഗ്യാംഗ് വാര്‍: യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം പുരോഗമിക്കുന്നു

ഡബ്ലിന്‍ : ഡബ്ലിനില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം പുരോഗമിക്കുന്നു. പ്രാദേശിക ഗ്യാംഗ് വാറിന്റെ ഭാഗമാണോ ഈ കൊലപാതകമെന്നാണ് ഗാര്‍ഡ പരിശോധിക്കുന്നത്. ഇന്നലെ രാവിലെ 4.30ഓടെ ഫിംഗ്‌ളസിലെ ഡീന്‍സ്ടൗണ്‍ അവന്യൂ മേഖലയിലുണ്ടായ വെടിവെപ്പിലാണ് ജയിംസ് വീലന്‍ (29) കൊല്ലപ്പെട്ടത്. നെഞ്ചിലാണ് ഇദ്ദേഹത്തിന് വെടിയേറ്റത്.

സംഭവസ്ഥലത്ത് തന്നെ അദ്ദേഹം മരിച്ചിരുന്നു. മയക്കുമരുന്ന് വ്യാപാരിയായ മിസ്റ്റര്‍ ഫ്ളാഷിയും എതിരാളികളും ഉള്‍പ്പെടുന്ന ഫിംഗ്‌ളസ് ഏരിയയിലെ ഗുണ്ടാകൂട്ടത്തിന്റെ വൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് പറയപ്പെടുന്നത്.

വീടിന് നേരെ ഗ്രനേഡ് ആക്രമണം, തട്ടിക്കൊണ്ടുപോകല്‍ ആക്രമണങ്ങള്‍ എന്നിവയൊക്കെ ഈ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മിസ്റ്റര്‍ ഫ്ളാഷിയെ എതിരിടുന്ന ക്രിമിനലുകളുമായി ബന്ധമുള്ളയാളാണ് കൊല്ലപ്പെട്ടതെന്ന് ഗാര്‍ഡയ്ക്ക് ലഭിച്ചിട്ടുള്ള വിവരം. സോഷ്യല്‍ മീഡിയയിലൂടെ ഇയാള്‍ക്കെതിരെ ഭീഷണി ഉണ്ടായിരുന്നു.

രണ്ട് സംഘങ്ങളെയും അടിച്ചമര്‍ത്താന്‍ ഗാര്‍ഡയുടെ ഇടപെടലുണ്ടായതോടെ മാസങ്ങളായി ഈ പ്രദേശത്ത് വൈരാഗ്യം പുകയുകയാണ്. ഫെബ്രുവരിയില്‍ മിസ്റ്റര്‍ ഫ്ളാഷിയുടെ സംഘം ആസ്ഥാനമായി ഉപയോഗിച്ചിരുന്ന ഒരു കെട്ടിടം ഗാര്‍ഡ പിടിച്ചെടുത്തിരുന്നു. എമര്‍ജന്‍സി റെസ്‌പോണ്‍സ് യൂണിറ്റ് (ERU) അംഗങ്ങള്‍ പ്രാദേശിക ഉദ്യോഗസ്ഥരുമായി ചേര്‍ന്നു നടത്തിയ റെയ്ഡുകളില്‍ രണ്ട് ‘ഹെവി ഡ്യൂട്ടി’ തോക്കുകളും 47,000 യൂറോയിലധികം പണവും 300 വെടിയുണ്ടകളും ഡിറ്റക്ടീവുകള്‍ കണ്ടെടുത്തിരുന്നു.

കൊല്ലപ്പെട്ടയാളുടെ പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരികയാണെന്ന് ഗാര്‍ഡ വക്താവ് പറഞ്ഞു. ഈ സംഭവവുമായി അറിവുള്ളവരോ സാക്ഷികളോ മുന്നോട്ട് വരണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ഫിംഗ്ലസ് ഗാര്‍ഡ സ്റ്റേഷനിലോ (01 666 7500), ഗാര്‍ഡാ കോണ്‍ഫിഡെന്‍ഷ്യല്‍ ലൈനിലോ (800 666 111) ഏതെങ്കിലും ഗാര്‍ഡാ സ്റ്റേഷനിലോ ഗാര്‍ഡയെ ബന്ധപ്പെടണം.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.