head3
head1

14 മക്കളില്‍ ഒരാള്‍,കുടുംബത്തില്‍ പിറന്ന ഐറിഷുകാരി, ഐറിഷ് രാഷ്ട്രീയത്തിലെ ഗെയിം ചേഞ്ചര്‍

ഡബ്ലിന്‍ : ഏവരും പ്രതീക്ഷിച്ചതുപോലെ അയര്‍ലണ്ടിന്റെ പത്താമത്തെ പ്രസിഡന്റായി പ്രതിപക്ഷ പിന്തുണയുള്ള സ്വതന്ത്ര കാതറിന്‍ കൊണോളി(68) നവംബര്‍ 11 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

കളങ്കരഹിതമായ പ്രവര്‍ത്തനത്തിന്റെ ചരിത്രവുമായാണ് കാതറിന്‍ കൊണോളിയെന്ന പഴയ ലേബര്‍ നേതാവ് രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തുന്നത്.നിഷ്പക്ഷതയോടുള്ള പ്രതിബദ്ധതയായിരുന്നു കൊണോളിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ആകര്‍ഷകമായ ഘടകവും. ശരി എന്ന് തോന്നുന്നതിനൊപ്പം നില്‍ക്കാന്‍ എന്നും ശ്രദ്ധിച്ച നേതാവാണ് കാതറിന്‍ കൊണോളി.

ഡെയ്‌ലിലെ കന്നി പ്രസംഗത്തില്‍ത്തന്നെ ഭവനരാഹിത്യവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ അന്നത്തെ ഭവന മന്ത്രി അലന്‍ കെല്ലിയെ രൂക്ഷമായി വിമര്‍ശിച്ചത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.ഡെയ്ലിന്റെ ആദ്യ വനിതാ സ്പീക്കറായപ്പോഴും നിഷ്പക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ചു.

വിവാഹത്തിന് പുറമെ ”ദീര്‍ഘകാലമായി നിലനില്കുന്ന ബന്ധങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപെടുന്ന ഫാമിലി റഫറണ്ടത്തെ പിന്തുണച്ചതും,അതിനൊപ്പം നടന്ന കെയര്‍ റഫറണ്ടത്തില്‍ സ്ത്രീയുടെ ”വീട്ടിലെ സ്ഥാനം മാറ്റാനുള്ള നിലപാടിനെതിരെ വോട്ട് ചെയ്തതും ഇതേ നിലപാടിന്റെ പേരിലായിരുന്നു.ലേബര്‍ പാര്‍ട്ടിയെ വിട്ടതും ഉറച്ച നിലപാടിന്റെ പേരിലായിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍, ട്രിപ്പിള്‍ ലോക്ക് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റിനോടൊപ്പം , സോഷ്യല്‍ ഡെമോക്രാറ്റുകള്‍ സംഘടിപ്പിച്ച ഐറിഷ് ന്യൂട്രാലിറ്റി ലീഗില്‍ കൊണോളിയും പങ്കു ചേര്‍ന്നു.

ബഹുഭൂരിപക്ഷം ഐറിഷുകാരെയും പോലെ പലസ്തീനിനെ ശക്തമായി പിന്തുണക്കുന്ന നിലപാടാണ് എന്നും കൊണോളിയുടേത്. പ്രസിഡന്റ് എന്ന നിലയില്‍, പലസ്തീന്‍ ജനതയ്ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിക്കാന്‍ പലസ്തീനിലേക്ക് പോകുമെന്നും കൊണോളി വ്യക്തമാക്കിയിട്ടുണ്ട്..

ഭാവിയിലെ പലസ്തീന്‍ രാഷ്ട്രത്തില്‍ ഹമാസിന് പങ്കും ഉണ്ടായിരിക്കരുതെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ അഭിപ്രായത്തെയും കോണോളി എതിര്‍ത്തിരുന്നു. ഏതൊരു ശുദ്ധമനസ്‌കരായ ഐറിഷുകാരെയും പോലെ കൊണോളിയും കാര്യങ്ങള്‍ പഠിക്കാതെയും ഹമാസിന്റെ സ്വാഭാവം അറിയാതെയുമാണ് ഹമാസിനെ പിന്തുണയ്ക്കുന്നത് എന്നതാണ് അവരുടെ വിമര്‍ശകരുടെ ആരോപണം. മിലിറ്റന്റ് ഗ്രൂപ്പ് പലസ്തീന്‍ ജനതയുടെ ജീവിതത്തിന്റെ ഭാഗമാണെന്നാണ് കൊണോളിയുടെ നിലപാട്. പാലസ്തീനില്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ജനങ്ങള്‍ ഹമാസിനെയാണ് തിരഞ്ഞെടുത്തതെന്ന് കൊണോളി ചൂണ്ടിക്കാട്ടി.

2006ലും2007ലും അവര്‍ക്ക് വലിയ പിന്തുണ ലഭിച്ചിരുന്നു.പലസ്തീനിലെ സിവില്‍ സമൂഹത്തിന്റെ ഭാഗമാണ് ഹമാസെന്നും കൊണോളി വിശദീകരിച്ചു.ഹമാസും ഇസ്രയേലും യുദ്ധക്കുറ്റങ്ങള്‍ ചെയ്തിട്ടുണ്ട്, ഇരുപക്ഷവും കണക്കു ബോധിപ്പിക്കുമെന്ന് നാം വിചാരിക്കണം അവര്‍ പറയുന്നു..

ചരിത്രം ഒക്ടോബര്‍ ഏഴിന് ആരംഭിച്ചതല്ല.പലസ്തീനിനും ഇസ്രായേലിനും പുറത്തുള്ള കക്ഷികള്‍ സംഘര്‍ഷത്തിന്റെ കാരണമെന്താണെന്നും എങ്ങനെ പരിഹരിക്കാമെന്നും നോക്കണമെന്നും കൊണോളി പറഞ്ഞു.യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ, മുമ്പ് വിമര്‍ശിച്ചിട്ടുള്ള രാഷ്ട്രത്തലവന്മാരെ കാണുന്നതില്‍ തനിക്ക് ഒരു പ്രശ്നവുമില്ലെന്നും കൊണോളി പറഞ്ഞു.

ഐറിഷ് രാഷ്ട്രീയത്തിലെ ഗെയിം ചേഞ്ചര്‍

കഴിഞ്ഞ ജൂലൈയിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ആഗ്രഹം കൊണോളി വ്യക്തമാക്കിയത്. സോഷ്യല്‍ ഡെമോക്രാറ്റ്സ്, ലേബര്‍, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്-സോളിഡാരിറ്റി, ഗ്രീന്‍ പാര്‍ട്ടി, സിന്‍ ഫെയ്ന്‍ തുടങ്ങി ഇടതു ചായ്വുള്ള എല്ലാ പാര്‍ട്ടികളും അവരെ പിന്തുണച്ചു. ഈ നീക്കത്തെ ഐറിഷ് രാഷ്ട്രീയത്തിലെ ഗെയിം ചേഞ്ചര്‍’എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

2018ല്‍ ടിഡിമാരായ ക്ലെയര്‍ ഡാലി, മിക്ക് വാലസ്, മൗറീന്‍ ഒ സള്ളിവന്‍ എന്നിവരോടൊപ്പം സിറിയയിലേക്ക് നടത്തിയ യാത്ര, ആയുധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട സ്ത്രീയെ പാര്‍ലമെന്ററി അസിസ്റ്റന്റാക്കിയത്.ലെയ്ന്‍സ്റ്റര്‍ ഹൗസില്‍ അവരെ നിയമിച്ചത് തുടങ്ങി വിവിധ പ്രശ്നങ്ങള്‍ കൊണോളിയുടെ പ്രചാരണത്തില്‍ ഉയര്‍ന്നിരുന്നു.

മുന്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സദിന്റെ പിന്തുണക്കാരെ കണ്ടത് തെറ്റായിപ്പോയെന്ന് സമ്മതിച്ച കൊണോളി സിറിയന്‍ യാത്ര വസ്തുതാന്വേഷണ ദൗത്യമായിരുന്നെന്നും വിശദീകരിച്ചു. മീഹോള്‍ മാര്‍ട്ടിന്‍ അസ്സദിനെ കണ്ടതും ഇവര്‍ ചൂണ്ടിക്കാട്ടി.

മുന്‍ കുറ്റവാളിയും ആക്ടിവിസ്റ്റുമായ സ്ത്രീയെ നിയമിച്ചതിനെയും കൊണോളി ന്യായീകരിച്ചു. തികച്ചും യോഗ്യതകളുള്ളയാളായിരുന്നു അവര്‍. ഇമോണ്‍ ഒ കുയിവ് അവരെ ശുപാര്‍ശ ചെയ്തിരുന്നു. പുനരധിവാസത്തിന് അവര്‍ക്ക് അര്‍ഹതയുണ്ടായിരുന്നെന്നും കൊണോളി വിശദീകരിച്ചു.വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ ബാരിസ്റ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കൊണോളി സ്ഥിരീകരിച്ചു.

ലേബര്‍ കൗണ്‍സിലറായി തുടക്കം

1999ലാണ് ഗോള്‍വേ നഗരത്തില്‍ ലേബറിന്റെ കൗണ്‍സിലറായാണ് കൊണോളിയുടെ ആദ്യ രാഷ്ട്രീയരംഗ പ്രവേശം. അഞ്ച് വര്‍ഷത്തിന് ശേഷം ഗോള്‍വേയുടെ മേയറായി.അതിനിടെ അടുത്ത വര്‍ഷം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മീഹോള്‍ ഡി ഹിഗ്ഗിന്‍സിനെതിരെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് ലേബര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് 2006ല്‍ കൊണോളി പാര്‍ട്ടി വിട്ടു.

തോല്‍വിയുടെ കയ്പ്പും നേരിട്ടു

2007ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കൊണോളി പരാജയപ്പെട്ടു. 2,000 വോട്ടുകള്‍ മാത്രമാണ് നേടാനായത്.പക്ഷേ 2011ല്‍ വീണ്ടും മത്സരിച്ചു. വാശിയേറിയ പോരാട്ടത്തില്‍ ഫിന ഗേലിന്റെ ഷോണ്‍ കൈനിനോട് 17 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.2016ല്‍, ഗോള്‍വേ വെസ്റ്റില്‍ നിന്നും സ്വതന്ത്ര ടിഡിയായി അവര്‍ വിജയിച്ചു. പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്-സോളിഡാരിറ്റിയുടെ റിച്ചാര്‍ഡ് ബോയ്ഡ് ബാരറ്റിനെ പ്രധാനമന്ത്രിയായി നാമനിര്‍ദ്ദേശം ചെയ്തു.

പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയിലും അംഗമായിരുന്നു കൊണോളി.ഐറിഷ് ഭാഷ, ഗെയ്ല്‍ടാച്ച്, ദ്വീപുകള്‍ എന്നിവയുടെ കമ്മിറ്റി ചെയര്‍മാനുമായിരുന്നു.2020ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ഹിഗ്ഗിന്‍സിനേക്കാള്‍ പ്രായക്കുറവ്

അയര്‍ലണ്ടിലെ ആദ്യ വനിതാ പ്രസിഡന്റും ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമായ മേരി റോബിന്‍സണിനേക്കാള്‍ 22വയസ്സ് കൂടുതലാണ് കൊണോളിക്ക്.മീഹോള്‍ ഹിഗ്ഗിന്‍സിനേക്കാള്‍ രണ്ട് വയസ്സ് കുറവുമാണ് പുതിയ അയര്‍ലണ്ടിന്.2016മുതല്‍ ഗോള്‍വേ വെസ്റ്റിനെ പാര്‍ലമെന്റിനെ പ്രതിനിധീകരിക്കുന്നയാളാണ് കാതറിന്‍.

ജനനവും ജീവിതവും : കുടുംബമുള്ള അയര്‍ലണ്ടുകാരി...

കുടുംബമുള്ള അയര്‍ലണ്ടുകാരിയെന്ന സവിശേഷതയും കാതറിന്‍ കൊണോളിയ്ക്ക് സ്വന്തമാണ്.ബ്രയാന്‍ മക്എനറിയെ വിവാഹം കഴിച്ചിട്ട് 33 വര്‍ഷമായി.രണ്ട് ആണ്‍മക്കളുമുണ്ട്.വര്‍ഷങ്ങളായി ഈ ദമ്പതികള്‍ എപ്പോഴും ബന്ധം സ്വകാര്യമായി സൂക്ഷിക്കുകയായിരുന്നു.എന്നിരുന്നാലും ഭാര്യയോടൊപ്പം പരിപാടികളില്‍ ബ്രയാന്‍ പ്രത്യക്ഷപ്പെട്ടിരുന്നു.അടുത്തിടെ, ഗോള്‍വേയിലെ ക്ലാഡാഗ് ബേസിനില്‍ നടന്ന ആനുവല്‍ ബ്ലസ്സിംഗിലും ഇരുവരേയും കണ്ടിരുന്നു.

രാഷ്ട്രീയ കുടുംബം

ഗോള്‍വേയുടെ പ്രാന്തപ്രദേശമായ ഷാന്റല്ലയില്‍ 14 മക്കളുള്ള കുടുംബത്തിലെ ഒരാളായാണ് കാതറിന്റെ ജനനം. അമ്മ ഒമ്പത് വയസ്സുള്ളപ്പോള്‍ മരണമടഞ്ഞു. മരപ്പണിക്കാരനും ബോട്ട് ബില്‍ഡറുമായ പിതാവാണ് കാതറിനെ വളര്‍ത്തിയത്. 1981ല്‍ ലീഡ്‌സ് സര്‍വകലാശാലയില്‍ നിന്ന് ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമെടുത്തു.1989ല്‍ ഗോള്‍വേ സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും നേടി. 1991ല്‍ ബാരിസ്റ്റര്‍-അറ്റ്-ലോ ആയി.ബ്രയാന്‍ മക് എനറിയാണ് ഭര്‍ത്താവ്. രണ്ട് ആണ്‍മക്കളുണ്ട്.

രാഷ്ട്രീയ കുടുംബമാണ് കൊണോളിയുടേത്.സഹോദരി കോളെറ്റ് 18 വര്‍ഷമായി ഗോള്‍വേ സിറ്റി കൗണ്‍സിലറാണ്.2024 ലാണ് വിരമിച്ചത്.

വോട്ടര്‍മാരെ ഞെട്ടിച്ച കായിക ‘താരം’

തന്റെ അസാധാരണ കായിക ശേഷി കാണിച്ചുകൊണ്ട് കൊണോളി വോട്ടര്‍മാരെ ഞെട്ടിച്ചു.കുട്ടികളോടൊപ്പം സോക്കറും ബാസ്‌കറ്റ്ബോളും കളിക്കുന്നതിന്റെ ഒരു വീഡിയോ സിന്‍ ഫെയിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു.വീഡിയോയില്‍ 68 വയസ്സുള്ള കൊണോളി തുടര്‍ച്ചയായി ആറ് തവണ പന്ത് തട്ടുന്നതും മുട്ടുകുത്തുന്നതും കാണാം.പിന്നീട് ബാസ്‌കറ്റ്ബോള്‍ ഡ്രിബിള്‍ ചെയ്യുന്നതും ഹൂപ്പിലേക്ക് ഒരു ഷോട്ട് എടുക്കുന്നതും കാണാം.ഈ വീഡിയോ ലക്ഷക്കണക്കിനാളുകള്‍ കണ്ടിരുന്നു.

ഡഗ്ലസ് ഹൈഡ്,സീന്‍ ടി ഒ കെല്ലി,എമോണ്‍ ഡി വലേര,എര്‍സ്‌കൈന്‍ ചൈല്‍ഡേഴ്‌സ്,സീര്‍ബാള്‍ ഒ ദാലൈ, പാട്രിക് ഹില്ലരി, മേരി റോബിന്‍സണ്‍, മേരി മക്അലീസ്, മീഹോള്‍ ഡി ഹിഗ്ഗിന്‍സ് എന്നിവരുടെ പിന്‍ഗാമിയായാണ് കാതറിന്‍ കോണോളിയെന്ന ഗെയിം ചേയ്ഞ്ചര്‍ അയര്‍ലണ്ടിന്റെ പത്താമത്തെ പ്രസിഡണ്ടായി സ്ഥാനമേല്‍ക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a</a<

Leave A Reply

Your email address will not be published.