head3
head1

ഇറാനിലെ മത മൗലികഭരണകൂടത്തെ ഭസ്മമാക്കും, ജി7 ഉച്ചകോടിയിലെ സമയം വെട്ടിക്കുറച്ച് ട്രംപ് മടങ്ങി

കാനഡ: ഇറാനെ മത മൗതീകഭരണകൂടത്തില്‍ നിന്നും നിന്നും മോചിപ്പിക്കാനുള്ള നിയോഗം ഏറ്റെടുത്തു പൊരുതുന്ന ഇസ്രായേലിന്റെ നിലപാടിനെ പിന്തുണച്ച് അമേരിക്ക. പൊതുസമൂഹം ഇറാന്റെ തലസ്ഥാനം വിട്ടൊഴിഞ്ഞു പോകണമെന്ന് ട്രംപ് പറഞ്ഞതിന് തൊട്ടുപിന്നാലെ ടെഹ്‌റാനില്‍ നിന്നും വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.അതേ സമയം ഇസ്രയേലിലേക്കും ഇറാന്‍ മിസൈലുകള്‍ എത്തുന്നുണ്ട്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗ്രൂപ്പ് ഓഫ് സെവന്‍ (ജി7) ഉച്ചകോടിയില്‍ പങ്കെടുക്കുന്ന സമയം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെട്ടിക്കുറച്ചു. പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി കാനഡയില്‍ നിന്നും വാഷിംഗ്ടണിലേക്ക് മടങ്ങുകയാണെന്ന് ട്രംപ് പറഞ്ഞു.

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഇസ്രായേലില്‍ നിരവധി തവണ സൈറണുകള്‍ മുഴങ്ങിയെങ്കിലും കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണത്തില്‍ യുഎസ് ചേരില്ലെന്ന് യു എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതിന് പിന്നാലെ ദേശീയ സുരക്ഷാ കൗണ്‍സിലിനോട് യോഗം ചേരാന്‍ ട്രംപ് ആവശ്യപ്പെട്ടു.

ഇസ്രായേലിന് ജി 7 ഗ്രൂപ്പിന്റെ പിന്തുണ

സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ഗ്രൂപ്പ് 7 സംയുക്ത പ്രസ്താവന

കാനഡ: ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ഗ്രൂപ്പ് 7 രാജ്യങ്ങള്‍.മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കുമുള്ള പ്രതിബദ്ധതയും ഗ്രൂപ്പ് ആവര്‍ത്തിച്ചു.ഈ സാഹചര്യത്തില്‍ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും ഫ്രാൻസ്, യുഎസ്, യുകെ, ജർമ്മനി, ജപ്പാൻ, ഇറ്റലി, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവയടങ്ങുന്ന ജി 7 രാജ്യങ്ങൾ   ഗ്രൂപ്പ് സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

ഗാസയിലെ വെടിനിര്‍ത്തലടക്കം മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം കുറയ്ക്കണമെന്ന് ജി 7 ഗ്രൂപ്പ് യോഗം ആഹ്വാനം ചെയ്തു.

രണ്ടു ദിവസത്തെ ഉച്ചകോടിക്കായെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ രാത്രിയോടെ മടങ്ങിപ്പോയി.തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇസ്രായേലും ഇറാനും പരസ്പരം ആക്രമിച്ചതോടെയാണ് ട്രംപ് സന്ദര്‍ശനം വെട്ടിക്കുറച്ചത്.

വാഷിംഗ്ടണില്‍ തിരിച്ചെത്തിയ ട്രംപ് ദേശീയ സുരക്ഷാ കൗണ്‍സിലിനോട് യോഗം ചേരാന്‍ നിര്‍ദ്ദേശിച്ചു.മിഡില്‍ ഈസ്റ്റിലേക്ക് കൂടുതല്‍ ഫോഴ്സിനെ വിന്യസിക്കുമെന്ന്’ യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രഖ്യാപിച്ചു. എന്നാല്‍ ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണത്തില്‍ യു എസ് ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ അമേരിക്ക നിരസിച്ചു.

‘മിഡില്‍ ഈസ്റ്റിലെ രൂക്ഷമായ സ്ഥിതി കണക്കിലെടുത്താണ് കനേഡിയന്‍ റോക്കീസിലെ കനനാസ്‌കിസില്‍ നടന്ന ലോക നേതാക്കളുടെ സമ്മേളനത്തില്‍ നിന്ന് തിങ്കളാഴ്ച രാത്രിയോടെ ട്രംപ് മടങ്ങിയതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.

സമാപന ദിനമായ ഇന്ന് നടക്കാനിരുന്ന ഉക്രേനിയന്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലെന്‍സ്‌കിയുമായും മെക്സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോമുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചകളും ഇതോടെ മുടങ്ങി.

തത്സമയ സംപ്രേഷണത്തിനിടെ,ഇറാന്റെ ഔദ്യോഗിക ടി വി ചാനലായ ഇറിബിന്റെ ആസ്ഥാനത്ത് ബോംബിട്ടു

ടെഹ്റാന്‍: ഇറാന്റെ ഔൗദ്യോഗിക ടി വി ചാനലായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ്ങിന്റെ (ഇറിബ്) ആസ്ഥാനത്ത് ബോംബിട്ട് ഇസ്രയേല്‍. അവതാരക സഹര്‍ ഇമാമി വാര്‍ത്ത വായിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം.ഇതേത്തുടര്‍ന്ന് സ്റ്റുഡിയോയില്‍ പൊടിനിറയു ന്നു എന്ന് അവര്‍ പറയവേ സ്ഫോടനമുണ്ടായി. കെട്ടിടഭാഗം തകര്‍ന്നുവീഴുന്നതിനിടെ വായനനിര്‍ത്തി ഇരിപ്പിടത്തില്‍നിന്ന് അവര്‍ എഴുന്നേറ്റുപോയി. വൈകാതെ ഇമാമിതന്നെ അവതാരകയായി തത്സമയസംപ്രേഷണം പുനരാരംഭിച്ചു. ഇവിടം സൈനികാവശ്യത്തിനായി ഉപയോഗിച്ചതിനാലാണ് ആക്രമിച്ചതെന്ന് ഇസ്രയേല്‍ പറഞ്ഞു.

സായുധസംഘര്‍ഷങ്ങളുടെ കാലത്ത് പാലിക്കേണ്ട ചട്ടങ്ങള്‍ നിര്‍വചിക്കുന്ന ജനീവ ഉടമ്പടി യുദ്ധഭൂമിയില്‍ ജോലിചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ സാധാരണക്കാരെപ്പോലെ കരുതി സംരക്ഷിക്കണമെന്ന് നിര്‍ദേശിക്കുന്നു.മാധ്യമങ്ങളില്‍ ജോലിചെയ്യുന്ന എല്ലാവരെയും ബഹുമാനിക്കാനും ആക്രമണത്തില്‍നിന്ന് സംരക്ഷിക്കാനും അതില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ബാധ്യതയുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്ന പ്രമേയം 2015 മേയ് 17ന് യുഎന്‍ രക്ഷാസമിതി അംഗീകരിച്ചിരുന്നു.

ഇറാന്‍ -ഇസ്രയേല്‍ യുദ്ധം : ഇന്ധന വില കുതിക്കുമെന്ന് റിപ്പോര്‍ട്ട്

ടെഹ്റാന്‍ : ഇറാന്‍ -ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അയര്‍ലണ്ടടക്കമുള്ള വിവിധ രാജ്യങ്ങളില്‍ ഇന്ധന വില കുതിക്കുമെന്ന് റിപ്പോര്‍ട്ട്.പേര്‍ഷ്യന്‍ ഗള്‍ഫിനെ അറേബ്യന്‍ കടലുമായി ബന്ധിപ്പിക്കുന്ന 30 മൈല്‍ വീതിയുള്ള ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുന്ന കാര്യം ഇറാന്‍ പരിഗണിക്കുകയാണെന്ന് ഇറാന്‍ പാര്‍ലമെന്റ് അംഗം എസ്മായില്‍ കൊസാരിയാണ് വെളിപ്പെടുത്തിയത്.ആഗോള കപ്പല്‍ പാത തടയുമെന്ന ഭീഷണിയുമായി മുന്നോട്ടുപോയാല്‍ ഇന്ധന പ്രതിസന്ധിയും വിലക്കയറ്റവുമാകും ഫലം.

ഇറാനും ഒമാനും സംയുക്തമായി നിയന്ത്രിക്കുന്ന ഈ കടലിടുക്ക് ലോകത്തിലെ ഫോസില്‍ ഇന്ധനങ്ങളുടെ സുപ്രധാന കേന്ദ്രമാണ്. ലോകത്തിലെ എണ്ണ കയറ്റുമതിയുടെ അഞ്ചിലൊന്നും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ മൂന്നിലൊന്നും ഇതിലൂടെയാണ് കടന്നുപോകുന്നത്. കടലിടുക്ക് പൂര്‍ണ്ണമായും അടച്ചുപൂട്ടാന്‍ ഇറാന് കഴിയില്ല.എന്നാല്‍ ഇറാന്റെ നിയന്ത്രണ മേഖലയിലെത്തുന്ന ടാങ്കറുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ എണ്ണ കയറ്റുമതി തടസ്സപ്പെടും.ഇതു മുന്നില്‍ക്കണ്ട് ഷിപ്പിംഗ് സ്ഥാപനങ്ങള്‍ ഇതിനകം തന്നെ ഇതുവഴി കടന്നുപോകാന്‍ മടിക്കുന്നുണ്ട്.ലോകത്തിലെ നാലാമത്തെ വലിയ എണ്ണ ടാങ്കര്‍ സ്ഥാപനമായ ഫ്രണ്ട്‌ലൈന്‍ കടലിടുക്ക് ഉപയോഗിക്കുന്നത് നിരസിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ഇറാന്‍ മുമ്പും ഇത്തരം ഭീഷണിമുഴക്കിയിട്ടുണ്ട്. പാത അടയ്ക്കുകയോ കപ്പലുകളെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് ആഗോള വിപണികളിലെ എണ്ണയുടെയും വാതകത്തിന്റെയും വിതരണം പ്രതിസന്ധിയിലാക്കും. ഇന്ധന വിലയും കൂടും

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Comments are closed.