ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഇന്ധനവില വര്‍ദ്ധിച്ചു.പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 4 സെന്റ് വീതമാണ് ഈ മാസം കൂടിയതെന്ന് ഏറ്റവും പുതിയ എ എ അയര്‍ലന്‍ഡ് ഇന്ധന സര്‍വേ വെളിപ്പെടുത്തുന്നു. ഇതനുസരിച്ച് പെട്രോള്‍ ലിറ്ററിന് വില 1.80 യൂറോയും ഡീസല്‍ ലിറ്ററിന് 1.77 യൂറോയുമായി.എ എ അയര്‍ലന്‍ഡ് ആപ്പ് ഉപയോഗിച്ച് സര്‍ക്കിള്‍ കെ ഗാരേജുകളില്‍ ഉപഭോക്താക്കള്‍ക്ക് പെട്രോളിനും ഡീസലിനും ലിറ്ററിന് 3 ശതമാനവും മൈല്‍സ്പ്ലസ് ഇന്ധനത്തിന് 6 ശതമാനവും ഇളവ് ലഭിക്കുമെന്നും എ എ ഓര്‍മ്മിപ്പിച്ചു.
ഇന്ധനം ലാഭിക്കാന്‍ ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍
കുടുംബങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ഉയരുന്ന ഇന്ധന വില. അതിനാല്‍ വാഹനമോടിക്കുന്നവര്‍ ഇന്ധന ഉപയോഗം നിയന്ത്രിക്കാന്‍ ശ്രമിക്കണമെന്ന് വിദഗ്ദ്ധര്‍ ഉപദേശിക്കുന്നു. അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ റൂട്ടുകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണം. സ്ഥിരമായ വേഗതയില്‍ വാഹനമോടിച്ചും ഇക്കോ-ഡ്രൈവിംഗ് മോഡുകള്‍ ഉപയോഗിച്ചും ഇന്ധന ഉപഭോഗം കുറയ്ക്കാം. ശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുമെന്നും ഇവര്‍ പറയുന്നു.
അറ്റകുറ്റപ്പണിയ്ക്ക് ഏറെ പ്രാധാന്യം
ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതില്‍ വാഹനത്തിന്റെ അറ്റകുറ്റപ്പണിയുടെ പ്രാധാന്യവും വളരെ വലുതാണെന്ന് വിദഗ്ധര്‍ പറയുന്നു.കൃത്യതയോടെയുള്ള അറ്റകുറ്റപ്പണി ഇന്ധന ഉപയോഗം ഒപ്റ്റിമൈസ് ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ടയറുകളില്‍ ശരിയായ അളവില്‍ വായു നിറയ്ക്കുക, വെള്ളത്തിന്റെ അളവ് നിലനിര്‍ത്തുക, കൃത്യമായ ഇടവേളകളില്‍ എയര്‍ ഫില്‍ട്ടറുകള്‍ മാറ്റുക എന്നിവയും ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനുള്ള ലളിതവും ഫലപ്രദവുമായ മാര്‍ഗങ്ങളാണ്.
അനാവശ്യമായ ഭാരവും മേല്‍ക്കൂര റാക്കുകളും നീക്കം ചെയ്യുന്നത് എഞ്ചിന്റെ ലോഡ് കുറയ്ക്കും. നന്നായി പരിപാലിക്കുന്ന വാഹനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച ഇന്ധനക്ഷമതയും ലാഭവും നല്‍കുമെന്നും എ എയിലെ മാര്‍ക്കറ്റിംഗ് ആന്‍ഡ് പി ആര്‍ എലീന ലിയോ പറഞ്ഞു. അതേ സമയം, ഇലക്ട്രിക് വാഹനങ്ങളുടെ വില അല്‍പ്പം കുറഞ്ഞു. ഇലക്ട്രിക് വാഹന ഡ്രൈവര്‍മാര്‍ക്ക് പ്രതിവര്‍ഷം 17,000 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശരാശരി ചെലവ് ഇപ്പോള്‍ 810 യൂറോയാണ്. നേരത്തേയുണ്ടായിരുന്നതിനേക്കാള്‍ ഒരു ശതമാനം കുറവാണിത്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/


 
			 
						
Comments are closed.