head3
head1

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്ത്രീകള്‍ക്ക് സൗജന്യമായി ലഭ്യമാക്കുന്ന പുതിയ നിയമം അയര്‍ലണ്ടില്‍

ഡബ്ലിന്‍ : ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്ത്രീകള്‍ക്ക് സൗജന്യമായി ലഭ്യമാക്കുന്ന പുതിയ ആരോഗ്യ നിയമം അയര്‍ലണ്ടില്‍ പ്രാബല്യത്തിലേയ്ക്ക്. രാജ്യത്തെ 17നും 25നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാകും ഈ സംവിധാനങ്ങള്‍ ലഭ്യമാവുക. എല്ലാ പബ്ലിക് ആശുപത്രികളിലും 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പബ്ലിക് ഇന്‍-പേഷ്യന്റ് ചാര്‍ജുകള്‍ നിര്‍ത്തലാക്കുന്നതിനും ഈ നിയമത്തില്‍ വ്യവസ്ഥയുണ്ടാകും.

ഗര്‍ഭനിരോധനത്തിനുള്ള മുഴുവന്‍ ചെലവും സൗജന്യമാക്കുന്നതാണ് നിയമം. സൗജന്യ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കണമെന്ന് 2019ല്‍ പാര്‍ലമെന്ററി കമ്മറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ഈ നിയമം പരിഗണിച്ചത്.

ഗര്‍ഭനിരോധന പ്രിസ്‌ക്രിപ്ഷന്‍ ചെലവ്, ഗര്‍ഭനിരോധന കുത്തിവയ്പ്പുകള്‍, ഇംപ്ലാന്റുകള്‍, ഐ യു എസ്, ഐ യു ഡികള്‍ (കോയിലുകള്‍), പാച്ച് ആന്റ് റിംഗ്, വിവിധ തരം ഗുളികകള്‍, അടിയന്തര ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവയാണ് നിയമം സൗജന്യമായി ലഭ്യമാക്കുക.

പ്രെഗ്‌നന്‍സി ക്രൈസിസും ടെര്‍മിനേഷനും അവസാനിപ്പിക്കുന്നതിനാണ് പുതിയ നിയമം ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലി പറഞ്ഞു. യുവതികളുടെ ചെലവ് കുറയ്ക്കുക മാത്രമല്ല അവരുടെ പങ്കാളികള്‍ക്കും കുടുംബങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

ചികില്‍സാച്ചെലവ് രക്ഷിതാക്കള്‍ക്ക് ഭാരമാകാതിരിക്കാനാണ് 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള അക്യൂട്ട് ഇന്‍-പേഷ്യന്റ് ഹോസ്പിറ്റല്‍ ചാര്‍ജുകള്‍ നിര്‍ത്തലാക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. നിലവില്‍, കുട്ടികളുള്‍പ്പെടെയുള്ള രോഗികള്‍ ഒരു വര്‍ഷത്തേയ്ക്ക് ഒരു രാത്രിക്ക് 80 യൂറോ എന്ന നിയമപ്രകാരമുള്ള പബ്ലിക് ഇന്‍-പേഷ്യന്റ് ചാര്‍ജ് നല്‍കേണ്ടതുണ്ട്. മെഡിക്കല്‍ കാര്‍ഡ് ഉടമകളെയും മറ്റ് നിര്‍ദ്ദിഷ്ട ഗ്രൂപ്പുകളെയും ഈ നിരക്കുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.