പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത നാല് യുവാക്കള്‍ കുറ്റക്കാരെന്ന് ജൂറി
ഡബ്ലിന്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ നാല് യുവാക്കള്‍ കുറ്റക്കാരെന്ന് ജൂറി കണ്ടെത്തി. സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയില്‍ കഴിഞ്ഞ നാലാഴ്ചയായി കേസിന്റെ വിചാരണ നടക്കുകയായിരുന്നു. മേയ് 30ന് ഇവര്‍ക്കുള്ള ശിക്ഷ പ്രഖ്യാപിക്കും. അതുവരെ നാല് പ്രതികളെയും റിമാന്‍ഡ് ചെയ്യാനും ഇരയുടെ ആഘാത റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാനും കോടതി ജസ്റ്റിസ് താര ബേണ്‍സ് ഉത്തരവിട്ടു.
ആറ് വര്‍ഷം മുമ്പ് കാറില്‍ 17കാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലാണ് ജൂറിയുടെ കണ്ടെത്തല്‍. 2016 ഡിസംബര്‍ 27 -നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കളുമൊത്തുള്ള യാത്രയ്ക്ക് ശേഷം സ്വന്തം സ്ഥലത്തേയ്ക്ക് മടങ്ങുന്നതിനായി ലിഫ്ട് കിട്ടിയ കാറില്‍ കയറുകയായിരുന്നു പെണ്‍കുട്ടി. അഞ്ച് പുരുഷന്മാരാണ് കാറില്‍ ഉണ്ടായിരുന്നത്. കാറില്‍ വെച്ച് അവളെ അവര്‍ മാറി മാറി പീഡിപ്പിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നിലവിളിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. ആ പെണ്‍കുട്ടിയെ എല്ലാവരും ചേര്‍ന്ന് മൃഗീയമായി ഉപയോഗിച്ചു.
ഡ്രൈവര്‍ വെസ്റ്റ്മീത്തിലെ മാര്‍ക്കോസ് വിനീഷ്യസ് ഡി സില്‍വ ഉംബെലിനോ (22), വെസ്റ്റ്മീത്തിലെ എഡ്വേര്‍ഡോ ഡയസ് ഫെറേറ ഫില്‍ഹോ (24), മൌണ്ട് ആംസ്ട്രോങ്ങിലെ ഗബ്രിയേല്‍ ഗോമസ് ദ റോച്ച (24), വെസ്റ്റ്മീത്തിലെ കില്‍ബെഗനിലെ ബ്രോസ്‌ന പാര്‍ക്കിലെ ഏഥാന്‍ നിക്കോളൗ (23) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസിലുള്‍പ്പെട്ട അഞ്ചാമന്‍ വെസ്റ്റ്മീത്തിലെ ബാലിബെഗിലെ കോനോര്‍ ബൈര്‍ണ്‍ (24) കുറ്റം സമ്മതിച്ചിരുന്നു.
ഏകകണ്ഠമായിരുന്നു ജൂറിയുടെ കണ്ടെത്തല്‍. കുറ്റകൃത്യം നടക്കുന്ന വേളയില്‍ 17നും 19നുമിടയിലായിരുന്നു പ്രതികളുടെ പ്രായം. ഉഭയകക്ഷി സമ്മതപ്രകാരമായിരുന്നു സംഭവമെന്ന് ഇവരുടെ അഭിഭാഷകരുടെ വാദം.
ജൂറിയുടെ വിധി പ്രസ്താവന കോടതിയില്‍ നാടകീയ രംഗങ്ങളുണ്ടാക്കി. വിധി വന്നതോടെ ചില പ്രതികളുടെ ബന്ധുക്കള്‍ ഉറക്കെ നിലവിളിച്ചു. ഇവരെ ജയില്‍ ഗാര്‍ഡുകള്‍ കസ്റ്റഡിയിലെടുത്തു. വളരെ ധീരയായ പെണ്‍കുട്ടിയാണ് ഇരയെന്ന് ജഡ്ജി താരാ ബേണ്‍സ് പറഞ്ഞു. വിചാരണ വേളയില്‍ തികച്ചും മാന്യതയോടെയാണ് പെരുമാറിയതെന്നും കോടതി പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x


Comments are closed.