head1
head3

ഇറ്റലിയില്‍ കണ്ടെത്തിയത് 11 ഡൈനസോറുകളുടെ ഫോസില്‍

റോം: ഇറ്റലിയിലെ ട്രീസ്റ്റെയ്ക്ക് സമീപത്തുനിന്നും കഴിഞ്ഞ ദിവസം പതിനൊന്നോളം ഡൈനസോറുകളുടെ ഫോസില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇറ്റലിയില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ചു തന്നെ ഏറ്റവും വലിയ ഡൈനസോറിന്റെ ഫോസിലും ഇതില്‍ ഉള്‍പ്പെടും. ട്രീസ്റ്റെയ്ക്ക് സമീപത്തുള്ള Villaggio del Pescatore എന്ന പഴയ ലൈംസ്റ്റോണ്‍ ഫാക്ടറി പരിസരത്തുനിന്നാണ് ഇവ കണ്ടെത്തിയത്.

1990 കാലഘട്ടം മുതല്‍ തന്നെ ഇറ്റലിയില്‍ ഡൈനസോര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താറുണ്ടെങ്കിലും ഡൈനസോര്‍ കൂട്ടത്തിന്റെ ഫോസിലുകള്‍ ഒരുമിച്ച് കണ്ടെത്തുന്നത് ഇതാദ്യമായാണ്. Tethyshadros insularis എന്ന സ്പീഷിസില്‍ വരുന്ന ഡൈനസോറുകളുടെ ഫോസിലുകളാണ് ഇത്. 80 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്നവയാണ് ഇവ എന്നാണ് പ്രാഥമിക വിലിയിരുത്തല്‍.

Villaggio del Pescatore യില്‍ വച്ച് ഇതിനുമുന്‍പും ഡൈനസോര്‍ ഫോസില്‍ ലഭിച്ചിരുന്നു. 1996 ല്‍ ഇവിടെ നിന്നും ലഭിച്ച ഫോസിലിന് ആന്റോണിയോ എന്നായിരുന്നു ഗവേഷകര്‍ പേര് നല്‍കിയത്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഫോസിലികുളില്‍ ഏറ്റവും വലുപ്പമേറിയ ഡൈനസോര്‍ ഫോസിലിന് ബ്രൂണോ എന്നും ഗവേഷകര്‍ പേരു നല്‍കി. ആന്റോണിയോ എന്ന ഫോസില്‍ ലഭിച്ചപ്പോള്‍ തന്നെ ഈ പ്രദേശത്ത് കൂടുതല്‍ ഫോസിലുകളുണ്ടെന്ന് തങ്ങള്‍ക്ക് ഉറപ്പായിരുന്നുവെന്ന് ഗവേഷക സംഘത്തിന്റെ തലവനും, ബോലോഗ്‌ന സര്‍വ്വകലാശാല പ്രൊഫസറുമായ ഫെഡറിക്കോ ഫാന്റി പറഞ്ഞു. ഡൈനസോറുകള്‍ ജീവിച്ച സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ പുതിയ കണ്ടെത്തലുകള്‍ സഹായിക്കുമെന്നും ഫാന്റി പറഞ്ഞു. മത്സ്യങ്ങള്‍, മുതലകള്‍, പറക്കുുന്ന ഉരഗങ്ങള്‍ എന്നിവയുടെ ഫോസിലുകളും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. ഇവയും 80 മില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളവയാണ്.

ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഫോസിലുകളില്‍ ചിലത് ട്രീസ്റ്റെയിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ ഇപ്പോള്‍ പ്രദര്‍ശനത്തിനായി വച്ചിട്ടുണ്ട്. ഇവ കണ്ടെത്തിയ പ്രദേശം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കുന്നതിനായി തുറന്നുകൊടുക്കാനും അധികൃതര്‍ തയ്യാറെടുക്കുകയാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy

Comments are closed.