ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന്റെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘പകലിരവുകള്‍’ എന്ന് തുടങ്ങുന്ന ഈ ഗാനം ദുല്‍ഖര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. നേഹ നായരാണ് ഗാനം ആലപിച്ചിരിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സുഷിന്‍ ശ്യാമാണ്.
കുപ്രസിദ്ധനായ സുകുമാരക്കുറുപ്പിന്റെ ജീവിതകഥയാണ് സിനിമ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങും. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുക്കിയത്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് നിര്‍മ്മാണം. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്.
മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy
Comments are closed.