head3
head1

ജയസൂര്യ – മഞ്ജുവാര്യര്‍ ചിത്രം ‘മേരി ആവാസ് സുനോ’യിലെ ആദ്യ ഗാനം പുറത്ത്

കൊച്ചി : കാറ്റത്തൊരു മണ്‍കൂട്… കൂട്ടിന്നൊരു വെണ്‍പ്രാവ്… നിറയെ പോസിറ്റീവ് എനര്‍ജിയുമായി ‘മേരി ആവാസ് സുനോ’യിലെ ആദ്യഗാനം. ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍, ഇരുവരും ഒരുമിച്ചുള്ള ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവന്നപ്പോള്‍ തന്നെ സൂപ്പര്‍ ഹിറ്റായി മാറിക്കഴിഞ്ഞു.

പ്രശസ്ത സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ഈണമിട്ട ഗാനം, ആലപിച്ചിരിക്കുന്നത് ജിതിന്‍ രാജ് ആണ്. ബി.കെ. ഹരിനാരായണന്റേതാണ് വരികള്‍. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെയാണ് ഗാനം പ്രേക്ഷകരിലെത്തുന്നത്. ജയസൂര്യയും എം.ജയചന്ദ്രനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തിളക്കത്തില്‍ നില്‍ക്കുമ്പോഴാണ് പുതിയ ഗാനം പുറത്തുവന്നത്.

ജി പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് നിര്‍മാണം. ‘ക്യാപ്റ്റന്‍’, ‘വെള്ളം’ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘മേരി ആവാസ് സുനോ’ എന്ന പ്രത്യേകതയുമുണ്ട്.

ചിത്രത്തിലും റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം. ശിവദയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജോണി ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ വേണുഗോപാല്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു.

പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി.

ആന്‍ സരിഗ, വിജയകുമാര്‍ പാലക്കുന്ന് എന്നിവര്‍ സഹനിര്‍മാതാക്കളാണ്. എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനര്‍ ബാദുഷ.എന്‍.എം. ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂര്‍, വിഎഫ്എക്സ്- നിഥിന്‍ റാം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിബിന്‍ ജോണ്‍, സ്റ്റില്‍സ്- ലെബിസണ്‍ ഗോപി.

റേഡിയോ ജോക്കിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം . എന്റര്‍ടെയ്ന്‍മെന്റിനും ഇമോഷനും ഒക്കെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ഫീല്‍ ഗുഡ് മൂവിയായിരിക്കും മേരി ആവാസ് സുനോ. മഞ്ജു വാര്യര്‍-ജയസൂര്യ കോമ്പിനേഷന്‍ ആദ്യമായാണ്. അത് പ്രേക്ഷകര്‍ക്കിഷ്ടപ്പെടുമെന്നുറപ്പാണ് -സംവിധായകന്‍ പ്രജേഷ് സെന്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy

Comments are closed.