ലണ്ടന്‍ : ബ്രിട്ടീഷ് ഫിനാന്‍സ് മന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷത മൂര്‍ത്തിയും സണ്‍ഡേ ടൈംസ് റിച്ച് ലിസ്റ്റില്‍ ഇടം നേടി.
730 മില്യണ്‍ പൗണ്ടുമായാണ് ഈ കുടുംബത്തിന്റെ ധനകാര്യ ചുവടുവെയ്പ്പ്. ഇന്‍ഫോസിസിലെ ഓഹരികളുള്‍പ്പടെ 690 മില്യണ്‍ പൗണ്ടിന്റെ സമ്പാദ്യമാണ് ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കുള്ളത്. ധനികരുടെ പട്ടികയില്‍ 222ാം സ്ഥാനത്താണ് ദമ്പതികള്‍ ഇടംപിടിച്ചതെന്ന് സണ്‍ഡേ ടൈംസ് വെളിപ്പെടുത്തി.
യുകെയിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതച്ചെലവ് പ്രതിസന്ധി ലഘൂകരിക്കുന്നതിന് ബ്രിട്ടീഷ് ചാന്‍സലര്‍ പരിശ്രമിക്കുന്നതിനിടയിലാണ് ധനമന്ത്രിയും ഭാര്യയും സമ്പന്നരുടെ പട്ടികയിലെത്തിപ്പെട്ടത്.
ബോറിസ് ജോണ്‍സണിനെതിരായ നേതൃത്വ മത്സരത്തില്‍ ഋഷി സുനക്കിനെ പരിഗണിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ അമിത സമ്പാദ്യത്തിന്റെ സൂക്ഷ്മപരിശോധന ഈ നീക്കത്തിന് തടസ്സമാവുകയായിരുന്നു.
ബ്രിട്ടനിലെ പണപ്പെരുപ്പം 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. യുകെയിലെ ഭക്ഷണത്തിന്റെയും ഊര്‍ജത്തിന്റെയും വില കുതിച്ചുയരുകയാണ്. ഈ ഘട്ടത്തില്‍ പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ അദ്ദേഹം മനസ്സിലാക്കുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
സാധാരണക്കാരെ സഹായിക്കുന്നതിനുള്ള പായ്ക്കേജിന്റെ ഭാഗമായി നികുതി വെട്ടിക്കുറയ്ക്കണമെന്ന ആവശ്യം ധനമന്ത്രി നേരിടുന്നുണ്ട്. എന്നിട്ടും എണ്ണ, ഗ്യാസ് കുത്തകകളുടെ ഉയര്‍ന്ന ലാഭത്തിന്മേല്‍ നികുതി ചുമത്താനുള്ള ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തതും വിവാദമായിരുന്നു.
അക്ഷത മൂര്‍ത്തിയുടെ നോണ്‍-ഡോം പദവിയിലൂടെ ഇന്ത്യന്‍ ഐ ടി കമ്പനിയായ ഇന്‍ഫോസിസിലെ ഓഹരികളില്‍ നിന്നും ഡിവിഡന്റുകളുടെ നികുതിയിനത്തില്‍ 20 മില്യണ്‍ ഡോളര്‍ ലാഭിക്കുമെന്ന് കണക്കാക്കിയിരുന്നു. എന്നാല്‍ സംഭവം ചര്‍ച്ചയായതോടെ ആഗോള വരുമാനത്തിന് യുകെയില്‍ നികുതി അടയ്ക്കാന്‍ ഇവര്‍ പിന്നീട് സമ്മതിച്ചിരുന്നു. നികുതി സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച പ്രധാനമന്ത്രിയുടെ സ്റ്റാന്‍ഡേര്‍ഡ് അഡൈ്വസര്‍ ഋഷി സുനകിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.