head1
head3

സാമ്പത്തിക മാന്ദ്യത്തിന്റെ നിഴലില്‍ യൂറോപ്പ്… ആശങ്കകള്‍ രഹസ്യമായി പങ്കുവെച്ച് സിന്‍ട്രയിലെ വാര്‍ഷിക സമ്മേളനം

ബ്രസല്‍സ് : യൂറോപ്പിനെയാകെ സാമ്പത്തിക മാന്ദ്യം ബാധിക്കുമോയെന്ന ആശങ്ക ഉയരുന്നു. കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി പലിശ നിരക്കുയര്‍ത്തുന്നതിന് ഒരുങ്ങുന്നതിനിടയിലും മാന്ദ്യ ഭീതിയും ഇതു സംബന്ധിച്ച ചര്‍ച്ചകളും ബാങ്കിന്റെ ഉന്നതതലത്തില്‍ സജീവമാണ്. പത്തു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇസിബി പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നയരൂപകര്‍ത്താക്കള്‍ പോര്‍ച്ചുഗല്‍ നഗരമായ സിന്‍ട്രയില്‍ ചേര്‍ന്ന വാര്‍ഷിക സമ്മേളനം ഗ്യാസ് ക്ഷാമത്തിനിടയിലും സാമ്പത്തിക വളര്‍ച്ച നേടുമെന്ന് പ്രവചിച്ചിരുന്നു. ഈ വേളയിലും യൂറോപ്പിനെയാകെ മാന്ദ്യം വിഴുങ്ങുമെന്ന ആശങ്ക വിവിധ രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്ക് മേധാവികള്‍ പങ്കുവെച്ചിരുന്നു.

ഉക്രൈന്‍ ആക്രമണവുമായി ബന്ധപ്പെട്ട് രൂപം കൊണ്ട ഊര്‍ജ്ജ വിതരണത്തിലെ പ്രശ്നങ്ങള്‍ വര്‍ഷം മുഴുവനും നിലനില്‍ക്കുമെന്നും അത് മാന്ദ്യത്തിലേക്ക് വലിച്ചിഴയ്ക്കുമെന്നുമാണ് ഭയപ്പെടുന്നത്.

ഉക്രൈയ്ന്‍ ആക്രണവും ഊര്‍ജ്ജ പ്രതിസന്ധിയുമാണ് പ്രധാനമായും സാമ്പത്തിക മാന്ദ്യത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. റഷ്യന്‍ ആക്രമണം ഇപ്പോള്‍ത്തന്നെ യൂറോപ്പിന്റെയാകെ സാമ്പത്തിക വളര്‍ച്ചയെ കുത്തനെ ഇടിക്കുന്നതിന് ഇടയാക്കി. കോവിഡ് ലോക്ക്ഡൗണുകളില്‍ നിന്നുള്ള സാമ്പത്തിക തിരിച്ചുവരവിന്റെ നേട്ടത്തെ അത് ഇല്ലാതെയുമാക്കി.

സംഘര്‍ഷം നീണ്ടുനില്‍ക്കുന്ന കാലത്തോളം അത് സാമ്പത്തിക വളര്‍ച്ചയെ ശ്വാസം മുട്ടിക്കുമെന്നും ഉന്നതര്‍ വിലയിരുത്തുന്നു. ഈ ഘട്ടത്തില്‍ പലിശ ഉയര്‍ത്തുന്നതുള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ മാന്ദ്യത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കുമെന്ന ആശങ്കയും ഇവര്‍ പങ്കുവെയ്ക്കുന്നു.

ഊര്‍ജ്ജ പ്രതിസന്ധി തന്നെയാണ് യൂറോപ്പ് പ്രധാന പ്രശ്നമായി കണക്കാക്കുന്നത്. ഓയിലിന്റെ ഉയര്‍ന്ന വില നിലവില്‍ ജിഡിപിയുടെ 2% മുതല്‍ 3% വരെ അപഹരിക്കുകയാണ്. എണ്ണവിലയില്‍ 10% വര്‍ദ്ധനവ് ഉണ്ടായാല്‍ യൂറോ സോണിന്റെ ജിഡിപി 0.5% കുറയുമെന്നും ഇവര്‍ പറയുന്നു.

ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ഏതാണ്ട് 50% ഉയര്‍ന്ന നിലയിലാണിപ്പോള്‍. ചില രാജ്യങ്ങളില്‍ ഗ്യാസ്, എനര്‍ജി വില ഇരട്ടിയിലധികമാണ് കൂടിയിട്ടുമുണ്ട്. ഇത് ഗാര്‍ഹിക ഉപഭോഗം, നിക്ഷേപം, കോര്‍പ്പറേറ്റ് മാര്‍ജിനുകളെയുമെല്ലാം ദോഷകരമായി ബാധിക്കുന്നതാണ്. പി എം ഐ ഡാറ്റയും ജര്‍മ്മനിയുടെ എല്‍ എഫ് ഒസര്‍വേയും ഈ മാസം പ്രതീക്ഷിച്ചതിലും കൂടുതല്‍ ഇടിഞ്ഞതും സാമ്പത്തിക മാന്ദ്യമെന്ന ആശങ്കയെ അടിവരയിടുന്നതാണ്.

ഇ സി ബിയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിച്ച യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം പവല്‍, പണപ്പെരുപ്പത്തിനെതിരായ പോരാട്ടം അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് വലിച്ചിഴക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതും യൂറോപ്പിനേയും മാന്ദ്യം ബാധിക്കാനിടയുണ്ടെന്ന വാദത്തെ ബലപ്പെടുത്തുന്നതാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.