head3
head1

നിര്‍മ്മാണ ചെലവേറുന്നു… തൊഴിലാളികളെ കിട്ടാനില്ല

ഡബ്ലിന്‍ : നിര്‍മ്മാണസാമഗ്രികളുടെ വിലക്കയറ്റവും തൊഴിലാളിക്ഷാമവുമെല്ലാം വീണ്ടും അയര്‍ലണ്ടില്‍ ഭവന വില ഉയര്‍ത്തിയേക്കാമെന്ന ആശങ്ക പടരുന്നു. ഭവന ‘വിലയ്ക്ക്’ പേരുകേട്ട അയര്‍ലണ്ടിനെ കൂടുതല്‍ കുഴപ്പത്തിലാക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്ന് ഭവന നിര്‍മ്മാണ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

ഈ വര്‍ഷത്തിന്റെ ആദ്യ ആറ് മാസത്തിനുള്ളില്‍ത്തന്നെ കെട്ടിടനിര്‍മ്മാണ ചെലവ് 7% ഉയര്‍ന്നതായി സൊസൈറ്റി ഓഫ് ചാര്‍ട്ടേഡ് സര്‍വേയേഴ്സ് ചൂണ്ടിക്കാട്ടുന്നു. പാന്‍ഡെമിക് ആരംഭിച്ചതിന് ശേഷം നിര്‍മ്മാണം നടക്കുന്ന ഓഫീസ് പ്രോജക്റ്റുകളുടെ എണ്ണവും ഭാരിച്ച ചെലവുകള്‍ അടിവരയിടുന്നതാണ്.

കോവിഡ് കാലഘട്ടത്തില്‍ വാണിജ്യ, ഗൃഹനിര്‍മ്മാണ സൈറ്റുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. ഈ നഷ്ടപ്പെട്ട സമയം നികത്താന്‍ നിര്‍മ്മാണ വ്യവസായം കിണഞ്ഞു ശ്രമിച്ചുവരികയാണ്. അതിനിടയില്‍ സാമഗ്രികളുടെ വില വര്‍ദ്ധനയും തൊഴിലാളി ക്ഷാമവും അതിവേഗം ഉയര്‍ന്നുവരികയാണെന്ന് ഡെലോയിറ്റ് റിപ്പോര്‍ട്ട് പറയുന്നു. ഇത് ഭവന വില വര്‍ധിപ്പിക്കുന്നതിനിടയാക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

വ്യവസായത്തിന്റെ ചെലവ് വര്‍ദ്ധിക്കുന്നത് വീടുകളുടെ വില ഇനിയും ഉയര്‍ത്തുമെന്ന് ഡെലോയിറ്റ് പങ്കാളിയായ ജോണ്‍ ഡോഡി പറയുന്നു. സെപ്തംബറില്‍ വീടുകളുടെ വില 12.4% വര്‍ദ്ധിച്ചതായുള്ള സിഎസ്ഒയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഭവന വില ഇനിയും ഉയരുന്നതില്‍ നിന്ന് വിപണിയെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് മുതിര്‍ന്ന സാമ്പത്തിക വിദഗ്ധരും അടുത്ത ആഴ്ചകളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.