head3
head1

കോവിഡും മാന്ദ്യവും അയര്‍ലണ്ടിന്റെ വളര്‍ച്ചയ്ക്ക് മുമ്പില്‍ സുല്ലിട്ടു, മിച്ചം അഞ്ച് ബില്യണ്‍ !

ഡബ്ലിന്‍ : സാമ്പത്തിക മാന്ദ്യത്തിനും കോവിഡ് വെല്ലുവിളികള്‍ക്കും അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ചയെ തടഞ്ഞുനിര്‍ത്താനായില്ല. എല്ലാ പ്രതിസന്ധികള്‍ക്കിടയിലും അഞ്ച് ബില്യണ്‍ യൂറോയുടെ മിച്ചത്തിലെത്തിയാണ് അയര്‍ലണ്ടിന്റെ ധനമേഖല സാമ്പത്തികമായി കരുത്തറിയിക്കുന്നത്. സര്‍ക്കാരിന്റെ ധനസ്ഥിതിയുടെ കരുത്ത് തുറന്നുകാട്ടുന്നതാണ് ഖജനാവിലെ വമ്പന്‍ മിച്ചം.

എല്ലാവിധ പ്രതിബന്ധങ്ങള്‍ക്കിടയിലും ജൂലൈ അവസാനത്തോടെ സര്‍ക്കാര്‍ ഖജനാവില്‍ അഞ്ച് ബില്യണ്‍ യൂറോയുടെ മിച്ചമുണ്ടാക്കാനായെന്ന് ധനവകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ അവസാനം 5.7 ബില്യണ്‍ യൂറോയുടെ കമ്മിയിലായിരുന്നുവെന്നറിയുമ്പോഴാണ് ഒരു വര്‍ഷത്തിനുള്ളിലെ സര്‍ക്കാര്‍ നേട്ടം പ്രസക്തമാകുന്നത്.

ആളോഹരി വരുമാനത്തില്‍ ലോകത്തെ മൂന്നാമത്തെ ധനികരാഷ്ട്രമെന്ന പദവിയിലേക്കാണ് അയര്‍ലണ്ട് ഇതോടെ ഉയരുന്നത്.

ഉയര്‍ന്ന നികുതി വരുമാനവും കോവിഡ് ചെലവുകളില്‍ കുറവുണ്ടായതുമാണ് സര്‍ക്കാരിന്റെ ധനസ്ഥിതിയെ മെച്ചപ്പെടുത്തിയതെന്ന് ധനവകുപ്പ് വിശദീകരിക്കുന്നു. വാറ്റ്, കോര്‍പ്പറേറ്റ് നികുതി, ഇന്‍കം ടാക്സ് എന്നീ മൂന്ന് ധന സ്രോതസ്സുകളാണ് സര്‍ക്കാരിനെ കരുത്തോടെ നിലനിര്‍ത്തിയത്.

ജൂലൈ അവസാനം വരെയുള്ള ഏഴ് മാസങ്ങളില്‍, 2.4 ബില്യണ്‍ യൂറോയുടെ ഇന്‍കം ടാക്സാണ് നേടാന്‍ കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 17% വര്‍ധനവാണിത്. വാറ്റ് നികുതി വരുമാനവും കൂടി. ഈ വരവില്‍ 23 ശതമാനത്തിന്റെ വര്‍ധനവുണ്ടായി (2.2 ബില്യണ്‍). 2021ലെ ലോക്ക്ഡൗണ്‍ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷമുണ്ടായ ഉയര്‍ന്ന ചെലവുകളാണ് വാറ്റ് നികുതി വര്‍ധിക്കാന്‍ കാരണമായത്. 2021 ജൂലൈയുമായി ഒത്തുനോക്കുമ്പോള്‍ 13% കൂടുതലാണ് ഈ ജൂലൈയിലെ വാറ്റ് വരവ്.

കോര്‍പ്പറേഷന്‍ ടാക്സില്‍ 51% വര്‍ധനവാണുണ്ടായത്. ഇത് 3 ബില്യണ്‍ യൂറോ വര്‍ധിച്ച് 9 ബില്യണ്‍ യൂറോയിലെത്തി. ഫാര്‍മസ്യൂട്ടിക്കല്‍സ്, കംപ്യൂട്ടര്‍ സര്‍വ്വീസ് മേഖലകളിലെ ബഹുരാഷ്ട്ര കമ്പനികളാണ് കോര്‍പ്പറേഷന്‍ നികുതിയില്‍ വര്‍ധനവുണ്ടാക്കിയത്. 2021ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ചെലവു കുറഞ്ഞതും ഖജനാവിന് നേട്ടമുണ്ടാക്കി. 21.8 ബില്യണ്‍ യൂറോയുടെ കുറവാണ് ചെലവിലുണ്ടായത്.

ജൂലൈയില്‍ നികുതി വരുമാനത്തിലും 6.6 ബില്യണ്‍ യൂറോയുടെ വര്‍ധനവുണ്ടായി. 2021 ജൂലൈയെ അപേക്ഷിച്ച് 15%ത്തിന്റെ ഉയര്‍ച്ചയാണുണ്ടായത്. ജൂലൈ അവസാനം വരെ, 43.5 ബില്യണ്‍ യൂറോയുടെ നികുതിയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 8.3 ബില്യണ്‍ യൂറോ (23.5%) കൂടുതലാണിത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.