head1
head3

പകരച്ചുങ്ക പായ്ക്കേജുകള്‍ തയ്യാറാക്കി ഇ യു : അമേരിക്കന്‍ താരിഫിനെ അതേ നിലയില്‍ തിരിച്ചടിക്കാന്‍ തയ്യാറെടുക്കുന്നു

ഡബ്ലിന്‍ : ഓഗസ്റ്റ് ഒന്നുമുതല്‍ യു എസ് ചുമത്തുമെന്ന് പ്രഖ്യാപിച്ച 30% താരിഫിനെ പ്രതിരോധിക്കാന്‍ ശക്തമായി തയ്യാറെടുക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍.താരിഫുകള്‍ ഇരുകൂട്ടര്‍ക്കും ഗുണം ചെയ്യില്ലെന്ന കാഴ്ചപ്പാടാണ് പൊതുവില്‍ ഇ യുവിനുള്ളത്. എന്നാല്‍ അമേരിക്ക താരിഫ് എന്ന ‘ഒറ്റക്കാലി’ല്‍ നിന്നാല്‍ ഇ യുവും അതേ നാണയത്തില്‍ തിരിച്ചടിക്കും. ഇ യു കമ്മീഷണര്‍ മീഹോള്‍ മക് ഗ്രാത്തും യൂറോപ്യന്‍ യൂണിയന്‍ ട്രേഡ് വക്താവ് ഒലോഫ് ഗിലും വിദേശകാര്യ മന്ത്രി സൈമണ്‍ ഹാരിസുമെല്ലാം ഇക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു.

യു എസില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലേക്കുള്ള 90 ബില്യണ്‍ യൂറോയില്‍ കൂടുതല്‍ ഇറക്കുമതിയാണ് നടത്തുന്നത്.ഇവയ്ക്ക് മേല്‍ താരിഫ് ചുമത്തുന്നതിന് രണ്ട് വ്യത്യസ്ത പാക്കേജുകളാണ് ഇ യു തയ്യാറാക്കിയിട്ടുള്ളത്.ഇ യുവിന് ശക്തമായ ടൂളുകളും ഇന്‍സ്ട്രമെന്റുകളുമുണ്ട്. യൂറോപ്യന്‍ കമ്പനികള്‍ക്ക് ഗുണകരമായത് സംഭവിക്കാന്‍ സാധ്യമായതെല്ലാം ചെയ്യാനാണ് ഇ യു തീരുമാനം. വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ‘പൂജ്യം താരിഫ് ‘ നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഇ യു മുന്നോട്ടുവച്ചിട്ടുണ്ട്.

അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതികളുടെ മേല്‍ ചുമത്താവുന്ന താരിഫുകളുടെ വിശാലമായ പട്ടികയും അനുബന്ധ നടപടികളുമാണ് യൂറോപ്യന്‍ യൂണിയന്‍ റെഡിയാക്കിയിട്ടുള്ളത്. ആവശ്യമായി വന്നാല്‍ യു എസിന് മേല്‍ പകര താരിഫ് ചുമത്തും. ഈ നടപടികള്‍ സംബന്ധിച്ച് അയര്‍ലണ്ടിലെ പുതിയ യു എസ് അംബാസഡര്‍ എഡ് വാല്‍ഷിനെ ധരിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രി സൈമണ്‍ ഹാരിസ് അറിയിച്ചു.

ആഗ്രഹിക്കുന്നത് കരാര്‍ ഇല്ലെങ്കില്‍ പകരച്ചുങ്കം

യു എസുമായി കരാറില്‍ എത്തണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ ആഗ്രഹിക്കുന്നത്. അതുണ്ടായില്ലെങ്കിലാകും താരിഫ് പ്രതിരോധ നടപടികളുണ്ടാവുകയെന്ന് ഹാരിസ് പറഞ്ഞു.യു എസ് അംബാസഡര്‍ എഡ് വാല്‍ഷുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഹാരിസ് ഇക്കാര്യം അറിയിച്ചത്.ഓഗസ്റ്റ് ഒന്നിന് മുമ്പ് ഫ്രയിം വര്‍ക്ക് കരാറിലെങ്കിലും എത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഹാരിസ് വ്യക്തമാക്കി.

താരിഫുകളെ ലഘൂകരിക്കാനും ബിസിനസ് സ്ഥാപനങ്ങളെയും നിക്ഷേപത്തെയും ജീവനക്കാരെയുമെല്ലാം കഴിയുന്ന വിധത്തില്‍ കാര്യങ്ങള്‍ നീങ്ങണമെന്നാണ് ആഗ്രഹിക്കുന്നത്. അയര്‍ലണ്ടും യൂറോപ്യന്‍ യൂണിയനും എല്ലാ സാഹചര്യങ്ങള്‍ക്കും തയ്യാറെടുക്കുകയാണെന്ന് ഹാരിസ് പറഞ്ഞു.

ട്രംപ് ആഗ്രഹിക്കുന്ന രീതിയിലാണ് ചര്‍ച്ചകള്‍ നടത്തുന്നത്.ഇ യു ആഗ്രഹിക്കുന്ന രീതിയിലല്ല. ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന്, വിശദമായി ചര്‍ച്ച ചെയ്ത് നല്ല നിലയില്‍ കാര്യങ്ങള്‍ എത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.കഴിഞ്ഞയാഴ്ച നടന്ന ചര്‍ച്ചയില്‍ ചെറിയൊരു കരാറെങ്കിലും ഉണ്ടാകുമെന്ന് കരുതിയിരുന്നു. എന്നാല്‍ അതുണ്ടായില്ല.മുമ്പ് വിദേശകാര്യ വകുപ്പില്‍ വാല്‍ഷുമായി നടത്തിയകൂടിക്കാഴ്ച ക്രിയാത്മകവും ഫലവത്തുമായിരുന്നുവെന്ന് ഹാരിസ് പറഞ്ഞു.

ഇ യു കമ്മീഷണറും മീഹോള്‍ മക് ഗ്രാത്തും
ഇ യു ട്രേഡ് വക്താവ് ഒലോഫ് ഗില്ലും

യു എസ് 30% താരിഫുകള്‍ ഏര്‍പ്പെടുത്തിയാല്‍, യൂറോപ്യന്‍ യൂണിയന്റെ പ്രതികരണം ഉറച്ചതും വേഗത്തിലുള്ളതും ശക്തവുമായിരിക്കുമെന്ന് യൂറോപ്യന്‍ കമ്മീഷണര്‍ മീഹോള്‍ മക്ഗ്രാത്തും മുന്നറിയിപ്പ് നല്‍കി.താരിഫുകളൊഴിവാക്കാന്‍ സാധ്യമായ എല്ലാ നിലപാടുകളും സ്വീകരിക്കും. അതിന്റെ ദോഷവശങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട്.താരിഫുകള്‍ക്ക് ആത്യന്തികമായി ഇരയാകുന്നത് അന്തിമ ഉപഭോക്താവാണ്. താരിഫുകള്‍ തൊഴിലാളികള്‍ക്കും ദോഷമാണ്.കമ്പനികളുടെ നിലനില്‍പ്പിനെയും അത് ദുര്‍ബലപ്പെടുത്തും.ആഗോള വ്യാപാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇ യുവും യു എസും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഇ യു അതിന് തയ്യാറാണെന്നും മക്ഗ്രാത്ത് പറഞ്ഞു.

താരിഫ് മൂന്നിരട്ടിയാക്കുമെന്ന ട്രംപിന്റെ ഭീഷണി അപ്രതീക്ഷിതമല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ ട്രേഡ് വക്താവ് ഒലോഫ് ഗില്‍ പറഞ്ഞു.യൂറോപ്യന്‍ യൂണിയന്റെ സമീപനത്തില്‍ ഇത് കാര്യമായ മാറ്റമുണ്ടാക്കില്ല.ഈ നീക്കം നടത്തുമെന്ന് യു എസ് ഭരണകൂടം ബ്ലോക്കിന് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.അമേരിക്ക 30% എന്ന ഭീഷണിയില്‍ ഉറച്ചുനിന്നാല്‍ സമാനമായ വടി ഞങ്ങളും പുറത്തെടുക്കുമെന്ന് ഇദ്ദേഹം പറഞ്ഞു.ആക്രമണാത്മക സമീപനം സ്വീകരിക്കുന്നതിനുപകരം, ചര്‍ച്ചകളിലാണ് യൂറോപ്യന്‍ യൂണിയന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Comments are closed.